Friday 29 April 2016

ആൽമത്യാഗം (നീണ്ടകഥ) - ആദ്യഭാഗം

ആൽമത്യാഗം (നീണ്ടകഥ) - ആദ്യഭാഗം
by ഷെരീഫ് ഇബ്രാഹിം (പ്രവാസികളുടെ എഴുത്തുകാരൻ)
ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.

അവനും അവളും ഒളിച്ചു കളിക്കുകയാണ്.
'ഒളിച്ചേ... ഒളിച്ചേ... ' അതും പറഞ്ഞു എട്ട് വയസ്സുകാരി സുലു ഒളിച്ചിരുന്നു. അയൽവാസിയും അവളുടെ മാമാടെ മകനുമായ സലിം അവളെ കണ്ടു പിടിക്കാൻ വീടിന്റെ എല്ലാ മുക്കിലും മൂലയിലും കട്ടിലുകളുടെ അടിയിലും മടക്കി വെച്ച പായക്കുള്ളിലും നോക്കി. ഒരു സ്ഥലത്തും കണ്ടില്ല.
അപ്പോഴാണ്‌ സുലുവിന്റെ ഉമ്മാടെ വിളി. 'സുലൂ .... നീ എവിടെയാ?'
'ഞാൻ പത്തായത്തിലില്ലാ ഉമ്മാ' സുലു നിഷ്കളങമായി പറഞ്ഞു.
സുലുവിനെ കണ്ട്പിടിച്ചേ എന്ന് പറഞ്ഞു സലിം അവളെ കെട്ടി പിടിച്ചു.
ഉമ്മ വിളിക്കുന്നു എന്ന് പറഞ്ഞ് സുലു കുതറിയോടി.
കുറച്ചു കഴിഞ്ഞപ്പോൾ സുലു വന്നു പറഞ്ഞു 'സലീംക്ക നമുക്ക് കുറച്ചു നേരം ഊഞ്ഞാൽ കളിക്കാം'
'ഞാനില്ല, എനിക്ക് ഒരു പാട് പഠിക്കാനുണ്ട്' ഇതായിരുന്നു സലീമിന്റെ മറുപടി.
'ഓ വലിയ പത്രാസ്...' അവൾ അത് പറഞ്ഞു മുഖം വീർപ്പിച്ച് കുണുങ്ങിനിന്നു. എന്നിട്ടൊരു ഭീഷണിയും 'ഞാനിനി സലിക്കാട് മിണ്ടൂല'
അതിലവൻ വീണു. അവൾ തന്നോട് സംസാരിക്കാതിരിക്കുക - അതാലോചിക്കാൻ വയ്യ.
'വാ നമുക്ക് ഊഞ്ഞാലാടാം' സലിം സുലുവിനെയും കൊണ്ട് ഊഞ്ഞാലാടാൻ പോയി.
മാവിന്റെ കൊമ്പിൽ കെട്ടിയ ഊഞ്ഞാലിലെ ഇരിപ്പിടമായ മടലിന്മേൽ സുലുവിനെ സലിം എടുത്തിരുത്തി. പതുക്കെ ആട്ടുവാൻ തുടങ്ങി. ഒന്ന് കൂടെ സ്പീഡ് കൂട്ടുവാൻ അവൾ ആവശ്യപ്പെട്ടു. അവൻ അപ്രകാരം ചെയ്തു. വീണ്ടും സ്പീഡ് കൂട്ടുവാൻ പറഞ്ഞപ്പോൾ അത് അപകടമാണ്, ഇപ്പോൾ തന്നെ നല്ല വേഗമായിട്ടുണ്ട് എന്ന് സലിം പറഞ്ഞു.
അവൾ വീണ്ടും കിണുങ്ങാൻ തുടങ്ങി. എത്ര പറഞ്ഞിട്ടും അവൾ കേൾക്കുന്നില്ല എന്ന് വന്നപ്പോൾ അവൻ വീണ്ടും വേഗത കൂട്ടാൻ തുടങ്ങി.
നല്ല ഉയരത്തിലേക്ക് പറക്കുകയായിരുന്നു ഊഞ്ഞാൽ. പെട്ടെന്നാണത് സംഭവിച്ചത്, ഊഞ്ഞാലിൽ നിന്നും സുലു തെറിച്ച് വീണു. രണ്ടു പേരുടെയും കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തി. സുലുവിനെ പെട്ടെന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോയി. സുലു കാല് മടക്കി ഇരിക്കുകയാണ്. നല്ല വേദന എടുക്കുന്നുണ്ട്. കാല് നീർത്തുവാൻ നോക്കുമ്പോൾ അവൾ വേദന കൊണ്ട് പിടയുന്നുണ്ട്‌. കുറ്റബോധത്താൽ മുഖം കുനിച്ച് കാറിൽ ഇരിക്കുകയാണ് സലിം. എല്ലാവരും അവനെ സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. അവർക്കറിയാം സലിം കുറ്റക്കാരനല്ല എന്ന്.
ഡോക്ടർ വന്ന് പരിശോധിച്ചിട്ട്‌ പറഞ്ഞു. 'പേടിക്കേണ്ട, വേദനക്കുള്ള മരുന്ന് തരാം. കാലിൽ പ്ലാസ്റ്റെർ ഇടേണ്ടി വരും. പക്ഷെ ഒരു പ്രശ്നമുണ്ട്. ചിലപ്പോൾ ജീവിതം മുഴുവൻ മുടന്തി നടക്കേണ്ടി വരും'. ആ വാർത്ത കേട്ടപ്പോൾ ഇടിത്തീ വീണത്‌ പോലെ തോന്നി. എങ്കിലും എല്ലാം ദൈവത്തിൽ ഭരമെൽപ്പിച്ചു.
അഡ്മിറ്റ്‌ ചെയ്യാൻ ആവശ്യപ്പെട്ടത് കൊണ്ട് ആ സർക്കാർ ആശുപത്രിയിൽ തന്നെ അഡ്മിറ്റ്‌ ചെയ്തു.
ഇനി വീട്ടിൽ പോയി സാധനങ്ങൾ കൊണ്ട് വരണം. അതിന്ന് മുമ്പ് സുലുവിനും മറ്റുള്ളവർക്കും എന്തെങ്കിലും കഴിക്കാൻ വാങ്ങണം. സുലുവിന്റെ ഉപ്പ ശംസു അടുത്തുള്ള ഹോട്ടലിലേക്ക് പോയി.
കൊയക്കാടെ ഹോട്ടലിൽ ചെന്നു. അവിടെ റേഡിയോ വാർത്ത എല്ലാവരും കേൾക്കുകയാണ്.
ആകാശവാണി തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് - വാർത്തകൾ വായിക്കുന്നത് രാമചന്ദ്രൻ. ലോകത്തിൽ ബാലറ്റിലൂടെ ആദ്യമായി കമ്മ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ അധികാരത്തിൽ. മുഖ്യമന്ത്രിയായി സഖാവ് ഈ.എം.എസ് നാളെ അധികാരം എൽക്കുന്നതാണ്.
ഒരാഴ്ചത്തെ ആശുപത്രിവാസത്തിന്നു ശേഷം സുലുവിനെ ഡിസ്ചാര്ജ് ചെയ്തു. ഡോക്ടർ മുന്നറിയീപ്പ് തന്നത് പോലെ നടക്കുമ്പോൾ ചെറിയ മുടന്തുണ്ടായിരുന്നു.
വർഷങ്ങൾ എത്ര വേഗമാണ് കൊഴിഞ്ഞു പോയത്. ഇന്ന് സുലുവിന് പതിമൂന്ന് വയസ്സായി. എട്ടാം ക്ലാസ്സിൽ പഠിക്കുന്നു. സലിം കോളേജിലും.
സുലുവിന്റെ ഉമ്മ അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുകയാണ്. ഇന്ന് ചിലർ വിരുന്നു വരും. അടുപ്പിൽ എത്ര ഊതിയിട്ടും തീ നന്നായി കത്തുന്നില്ല. മഴക്കാലമായത് കൊണ്ട് വിറക് കുറച്ചു നനഞ്ഞിട്ടുണ്ട്. അതാണ്‌ കാരണം. സമയമാണെങ്കിൽ കുറെയായി.
'മോളെ, സുലൂ, നീ കുറച്ചു വേപ്പില പൊട്ടിച്ചേ'
സുലു വേപ്പില പൊട്ടിക്കാൻ പോയി. അവൾ വേപ്പില പൊട്ടിക്കുന്നത് അടുക്കളയിലെ കിളിവാതിലിലൂടെ അവളുടെ ഉമ്മ നോക്കി. ചിലപ്പോൾ അവൾ കൂമ്പ് പൊട്ടിച്ചാലോ.
പെട്ടെന്നാണ് ഉമ്മ സുലുവിനെ മടക്കി വിളിച്ചത്. 'സുലു, നീ വേപ്പില പൊട്ടിക്കേണ്ട, ഇങ്ങോട്ട് വന്നേ'
'ഞാനിപ്പോ വേപ്പില പൊട്ടിച്ചു വരാ ഉമ്മാ' സുലു പറഞ്ഞു
'വേണ്ട. നീ വേപ്പില പൊട്ടിക്കേണ്ട. ഇങ്ങോട്ട് വാ' എന്ന ഉമ്മാടെ വാക്ക് കേട്ടപ്പോൾ ഉമ്മാക്കെന്തു പറ്റി എന്നവൾ ആലോചിച്ചു.
ഉമ്മ സുലുവിനെ വിളിച്ചു മുറിയിലേക്ക് കൊണ്ട് പോയി. 'നീ വേഗം പോയി ഈ പാവാട മാറ്റി വേറെ പാവാട ഉടുക്കു' ഉമ്മ പറഞ്ഞപ്പോൾ ഞാനിപ്പോ തന്നെ പുതിയ പാവാടയാണ് എടുത്തതെന്ന് സുലു പറഞ്ഞു.
ഞാൻ പറഞ്ഞത് കേട്ടാൽ മതി എന്ന വാക്ക് കേട്ടപ്പോൾ സുലു അനുസരിച്ചു. ഉമ്മ സഹായിക്കുകയും ചെയ്തു.
'അമ്മായി, സീന സ്കൂളിൽ പോകുന്നില്ലേ? സമയം കുറെ ആയല്ലോ?' സലിം വന്ന് ചോദിച്ചു.
'ഇല്ല. അവൾ സ്കൂളിൽ പോകുന്നില്ല'
'എന്ത് പറ്റി അമ്മായി?'
'അവൾക്കു നല്ല പനിയാണ്'
അവന് സമാധാനമായി. അന്നത്തെ സംഭവത്തിനു ശേഷം അവൾ കുറേശെ മുടന്തിയാണ് നടക്കാറ്. അതെങ്ങാനും കൂടുതൽ പ്രശ്നമായോ എന്നാണ് അവൻ ചിന്തിച്ചത്.
പിന്നെ സലിം ഒന്നും ചോദിച്ചില്ല. അവൻ കോളെജിലേക്ക് പോയി.
കാലം കുതിര വേഗത്തിൽ പാഞ്ഞു. ശിശിരവും ഗ്രീഷ്മവും എല്ലാം മുറപോലെ മാറി മാറി വന്നു. പെണ്‍കുട്ടികളുടെ വളർച്ചയും കാലത്തിന്റെ പോക്കും ഒരേ പോലെയാണ്. കണ്ണടച്ച് തുറക്കും മുമ്പ് എവിടെയോ എത്തിയിട്ടുണ്ടാവും.
സുലുവിന് ഒരുപാട് വിവാഹാലോചനകൾ വന്നു. ചിലത് സുലുവിന്റെ വീട്ടുകാർക്ക് ഇഷ്ടപ്പെടില്ല. വരനോ വരന്റെ വീട്ടുകാർക്കോ സുലുവിനെ ഇഷ്ടപ്പെടാതെ പോകുന്നതിന്റെ പ്രധാന കാരണം അവളുടെ മുടന്തൽ ആയിരുന്നു. രൂപത്തിന്റെ ഭംഗിയല്ല, ഹൃദയത്തിന്റെ നൈർമല്ല്യം ആണ് വേണ്ടതെന്ന് ആരും ചിന്തിച്ചില്ല.
അങ്ങിനെയിരിക്കെ നല്ലൊരു കല്യാണാലോചന കാട്ടൂർ നിന്നും വന്നു. ;പയ്യൻ പെര്ഷ്യക്ക് പോകാൻ തുന്നൽ പഠിക്കുകയാണ്. നല്ല വിദ്യാഭ്യാസവും ഉണ്ട്. എട്ടാം ക്ലാസ്. അവിടെ നിന്നും കുറച്ചാളുകൾ സുലുവിനെ കാണാൻ വന്നു.
പ്രായമായ നാലഞ്ചു സ്ത്രീകൾ ഇരിക്കുന്നിടത്തേക്ക് സുലുവിനെ ആനയിക്കപ്പെട്ടു. അവരിൽ കാതിൽ നിറയെ തോടയിട്ട ഒരു സ്ത്രീ സുലുവിനോട് ചോദിച്ചു. 'മോളെ, ഇസ്ലാം കാര്യം എത്രയാ?'
'അഞ്ചു' സുലു മറുപടി കൊടുത്തു.
'ഇസ്ലാം കാര്യം എത്രയാ?' സ്ത്രീ ചോദ്യം ആവർത്തിച്ചു
'എട്ടു' പെട്ടെന്നാണ് താൻ പറഞ്ഞത് തെറ്റാണല്ലോ എന്ന് സുലുവിന് മനസ്സിലായത്. അവർ അതിനെ പറ്റി ഒന്നും പറഞ്ഞുമില്ല. ഇങ്ങിനെ വരുന്ന പെണ്ണുങ്ങൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് പെണ്‍കുട്ടിക്ക് അറിവുണ്ടോയെന്ന് അറിയാനല്ലെന്നും സംസാരത്തിൽ വല്ല കൊഞ്ഞപ്പോ മറ്റോ ഉണ്ടെന്നറിയാനാണെന്നും ഉമ്മ പറഞ്ഞത് ഓർത്തു.
അടുത്തിരുന്ന മുറുക്കിക്കൊണ്ടിരുന്ന ഒരു സ്ത്രീ മറ്റൊരു ചോദ്യം ചോദിച്ചു. 'ബദർ മാല പോലെയുള്ള മാലകൾ ചൊല്ലാറുണ്ടോ?'
ഉവ്വെന്ന് സുലു മറുപടി കൊടുത്തു.
ആ ഉത്തരം അവർക്ക് ഇഷ്ടപ്പെട്ടെന്ന് അവരുടെ മുഖഭാവം വിളിച്ചറിയീക്കുന്നുണ്ടായിരുന്നു.
'മോളെ, ആ മാല പുസ്തകം ഒന്നെടുത്തെ' മേശപ്പുറത്തുള്ള പുസ്തകം ചൂണ്ടി ആ ഇത്ത പറഞ്ഞു.
സുലു അത് പോലെ ചെയ്തു. പക്ഷെ, അവരുടെയെല്ലാം മുഖത്ത് പഴയ സന്തോഷം ഒന്നും കണ്ടില്ല. എനിക്ക് കാരണം മനസ്സിലായി. കാലിന്റെ മുടന്ത്. ദിവസങ്ങൾക്കു ശേഷം ആ കല്ല്യാണവും നടക്കില്ലെന്നറിഞ്ഞു.
ജീവിതത്തിന്റെ മാറ്റംമറിച്ചിലുകൾക്കൊടുവിൽ ഒരു സന്തോഷവാർത്തയും കൊണ്ടാണ് സലിം വീട്ടിൽ വന്നത്. അവനൊരു ജോലിയോട് കൂടിയ വിസ കിട്ടി. സലിം ഷാർജയിലേക്ക് പോയി.

>>>> അടുത്ത ഭാഗത്തിൽ അവസാനിക്കും

No comments:

Post a Comment