Wednesday 13 April 2016

പൂന്തിങ്കളുടെ പിന്നാമ്പുറം (കഥ)

പൂന്തിങ്കളുടെ പിന്നാമ്പുറം (കഥ)
by ഷെരീഫ് ഇബ്രാഹിം (പ്രവാസികളുടെ എഴുത്തുകാരൻ)
ദാറുസ്സലാം, തൃപ്രയാർ, തൃശ്ശൂർ.
 

അന്നാട്ടിലെ ഒരേ ഒരു നാടൻചായക്കട. അമ്പത് അറുപത് വർഷങ്ങൾക്ക് മുമ്പ് റോഡ്‌ സൈഡിലുള്ള ഓലയോ ഓടോ ഉള്ള വീടിന്റെ മുൻഭാഗം ഒരു ചായക്കടയുടെ രൂപം വരുത്തിയതാണ് അന്നതെയൊക്കെ ചായക്കടകൾ. ചായ കുടിക്കുന്നതോടൊപ്പം പത്രം വായിക്കുക, വായിക്കുന്നത് കേൾക്കുക, അഭിപ്രായം പറയുക ഇതൊക്കെയാണ് അവിടെത്തെ ലീലാവിലാസങ്ങൾ. അന്നൊക്കെ പത്രങ്ങൾ ബാർബർഷോപ്പിലും ചായക്കടയിലും ചുരുക്കം ചില വീടുകളിലും മാത്രമാണ് വരുത്തുക പതിവ്. 'ഇന്ന് റൊക്കം നാളെ കടം ' എന്നും 'ഇവിടെ രാഷ്ട്രീയം പറയരുത്' എന്നൊക്കെയുള്ള ബോർഡുകൾ ചുമരിന്മേൽ കരി കൊണ്ടോ മരപ്പലകയിന്മേൽ ചോക്ക് കൊണ്ടോ എഴുതിയത് കാണാം.
നാടൻ ചായക്കടയിലെ സന്ദർശകരിൽ ഭൂരിഭാഗവും ആ ചുറ്റുവട്ടത്തുള്ളവരാണ്. വല്ലപ്പോഴും ഏതെങ്കിലും വഴിയാത്രക്കാർ വന്നെങ്കിലായി. അല്ലാതെ, ആ ഓണംകേറാമൂലയിൽ ആര് വരാനാണ്?
ഒരു ദിവസം ആ ചായക്കട സദസ്സിലേക്ക് ആ നാട്ടുകാരനല്ലാത്ത ഒരാൾ കടന്നു വന്നു. തീരെ മുഷിഞ്ഞ വേഷം. ഉറക്കക്ഷീണം കണ്ണുകളിൽ.
'എന്താ വേണ്ടത്?' കട ഉടമസ്ഥൻ സൈദുക്ക ചോദിച്ചു.
'കടുപ്പത്തിൽ ഒരു ചായ' വാക്കുകൾ കുറച്ച് മറുപടി.
ആ മനുഷ്യന്റെ ഭാവഹാധികൾ മറ്റുള്ളവർ ശ്രദ്ധിക്കാൻ തുടങ്ങി. സൈദുക്ക അദ്ധേഹത്തെപറ്റി അറിയാൻ താല്പര്യം കാണിച്ചു. അല്ലെങ്കിൽ തന്നെ ആ കാര്യത്തിൽ ഒരു പുലിയാണ് സൈദുക്ക. എല്ലാവരുടെയും കുഴിക്കൂറു അന്വേഷിക്കലാണ് ഇഷ്ടന്റെ ഹോബി.
'എവിടെത്തുക്കാരനാ?' സൈദുക്ക അന്വേഷിച്ചു.
'കേരളം'. നിസ്സംഗതയോടെ ആ മനുഷ്യൻ പറഞ്ഞു.
ആ മനുഷ്യന്റെ ഒരു സുഖമില്ലാത്ത മറുപടി കേട്ടപ്പോൾ സൈദുക്കാക്കും അവിടെയുണ്ടായിരുന്ന മറ്റു അവിടെ കൂടിയിരുന്നവരിലും ഒരു നീരസം ഉണ്ടായി. അതവർ പുറത്ത് കാണിച്ചില്ലെന്ന് മാത്രം.
ഈ മനുഷ്യൻ ഒന്നുകിൽ ഒരു തരികിടയാണ്, അല്ലെങ്കിൽ എന്തോ മാനസികരോഗിയാണെന്ന് അവിടെ കൂടിയവർ അടക്കം പറഞ്ഞു.
ചായക്കടയിൽ തിരക്ക് കൂടി വന്നു. അപ്പോഴാണ്‌ ആ വഴി ഒരു യാത്രാബസ്‌ കടന്നു പോയത്. ആ വഴി ബസ്‌ റൂട്ട് ഇല്ലാത്തതാണ്.
ആ നിശബ്ദജീവിയായ അന്യനാട്ടുകാരൻ പിറുപിറുത്തു. 'ആ പോയ ബസ്സിന്റെ സ്പീഡ് കണ്ടോ, അത് ഇപ്പോൾ ആക്സിടെന്റ്റ് ആവും. ഒരു മിനിറ്റ് കഴിഞ്ഞു ആ മനുഷ്യൻ കൂട്ടിച്ചേർത്തു. 'ആ ഡ്രൈവർ മരിക്കും'
ആ മനുഷ്യന്റെ വാക്കുകൾ ആരും കാര്യമാക്കിയില്ല. ഒരു ഭ്രാന്തന്റെ മൊഴിയായി മാത്രമേ ജനങ്ങൾ കരുതിയുള്ളൂ. കുറച്ചു കഴിഞ്ഞപ്പോൾ അവിടെ ഇരുന്ന ഒരാൾ വിവരം അന്വേഷിച്ചു വരാമെന്ന് പറഞ്ഞ് എഴുനേറ്റു.
സൈക്കിളെടുത്ത് പോയ വ്യക്തി പോയതിനേക്കാൾ വേഗതയിൽ തിരിച്ചു വന്നു പറഞ്ഞു. 'സാധാരണ ബസ്‌ പോകുന്ന വഴിയിലെ കലുങ്ക് പൊളിച്ചു പണിയുന്നത് കൊണ്ട് കുറച്ചു ദിവസം ഈ വഴിക്കാണ് ബസ്‌ പോകുക. അങ്ങിനെ പോയ ആ ബസ്‌ ഒരു ലോറിയുമായി കൂട്ടിയിടിച്ചു. ഡ്രൈവർ മരിച്ചു.'
ആ അജ്ഞാതൻ ഇതൊന്നും ശ്രദ്ധിക്കാതെ പത്രത്തിൽ നോക്കിയിരിക്കുകയാണ്. അവിടെയുള്ളവർക്ക് ആ മനുഷ്യനെ അത്ഭുദത്തോടെ മാറ്റിചിന്തിക്കാൻ ഈ സംഭവം ഇടവരുത്തി. അല്ലെങ്കിലും അതങ്ങനെയാണല്ലോ?
കുറച്ചു കഴിഞ്ഞപ്പോൾ ആ മനുഷ്യൻ ഒരു ചായ കൂടി വാങ്ങി കുടിച്ചു.
എല്ലാവരും കേൾക്കെ ആ മനുഷ്യൻ പറഞ്ഞു. 'ആ ബസ്സിന്റെ മുതലാളി ഇന്ന് കാലത്ത് ഗ്യാസ് സിലിണ്ടെർ പൊട്ടിത്തെറിച്ചു മരിച്ചിട്ടുണ്ടാവും'.
ആക്സിടെന്റിന്നു ശേഷം ആൽമഹത്യ ചെയ്തതാണെങ്കിൽ ആ മനോവിഷമമം കൊണ്ട് ചെയ്തതാണെന്ന് കരുതാം. പക്ഷെ അദ്ദേഹം പറയുന്നത് കാലത്ത് വിഷം കഴിച്ചിട്ടുണ്ടെന്നാണ്. സൈക്കിൾകാരൻ വീണ്ടും സൈക്കിൾ എടുത്ത് ബസ് മുതലാളിയുടെ വീട്ടിലേക്ക് ചെന്നു. തിരിച്ചു വന്നു എല്ലാവരും കേൾക്കെ ആ മനുഷ്യൻ പറഞ്ഞത് ശെരിയാണെന്ന് അറിയീച്ചു.
ഈ മനുഷ്യൻ ഒരു ദിവ്യനാണെന്ന് അവിടെ കൂടിയിരുന്നവർക്ക് തോന്നി. മരണം നടന്നത് അദ്ദേഹം കാലത്ത് അറിഞ്ഞിട്ടുണ്ടാവും എന്ന് കരുതാം. പക്ഷെ, ആക്സിടെന്റ്റ് ആവും എന്ന് പറഞ്ഞതോ? ഉത്തരം കിട്ടാത്ത ഒരു സമസ്യയായി ആ മനുഷ്യൻ.
സൈദുക്ക ആ മനുഷ്യനോട് അദ്ധേഹത്തിന്റെ പേര് ചോദിച്ചു.
'മ....' എന്ന് മാത്രം പറഞ്ഞ് അദ്ദേഹം മൌനം പൂണ്ടു.
ഉടനെ സൈദുക്ക ആ വാക്ക് പൂരിപ്പിച്ചു. 'അള്ളാ.. നമ്മുടെ ജാതിയാ, പേര് മനാഫ്'
ഉടനെ അവിടെയുണ്ടായിരുന്ന ഗോപാലകൃഷ്ണൻ നായർ പറഞ്ഞു 'അങ്ങിനെ പറയണ്ട. മ എന്ന് പറഞ്ഞാൽ നിങ്ങളെങ്ങിനെയാ മനാഫ് എന്ന് തീരുമാനിക്കുക. അത് മനോഹരനാണ്. ഞങ്ങടെ മനോഹരൻ നായർ'.
'ഈ മനുഷ്യന്‍ മത്തായിയാണ്'. അവിടെ ആ വാക്കും കേട്ടു, ഒരു ക്രിസ്ത്യന്‍ സഹോദരനില്‍ നിന്ന്.
ഇതൊക്കെ കേട്ടിട്ടും കേൾക്കാത്തഭാവത്തിൽ ഇരിക്കുകയാണ് ആ മനുഷ്യൻ.
'മോനെ മനാഫേ' സൈദുക്ക വിളിച്ചു.
'എന്തോ' ആ മനുഷ്യൻ വിളികേട്ടൂ.
',മോനെ മനോഹരാ എന്ന ഗോപാലകൃഷ്ണന്‍ നായരുടെ വിളിക്കും മോനെ മത്തായി എന്ന വിളിക്കും അതെ സ്വരത്തില്‍ വിളി കേട്ടു. പക്ഷെ മുസ്ലീമിന്റെ കടയില്‍ ആയത് കൊണ്ടും ആദ്യം വിളിച്ചത് മുസ്ലിം പെരായത് കൊണ്ടും മറ്റുള്ളവര്‍ ഒന്നും പറഞ്ഞില്ല. അവിടെ യാതൊരുവിധ മതസ്പർദ്ധയുമുണ്ടായില്ല.
'ഞങ്ങൾ അങ്ങയെ മനാഫ് പൂന്തിങ്കൾ എന്ന് വിളിക്കട്ടെ?' അവിടെയുള്ള ആരോ ചോദിച്ചു.
മൌനമായിരുന്നു അതിന്ന് മറുപടി. മൌനം സമ്മതം എന്നവർ തീരുമാനിച്ചു.
ചായക്കടയുടെ ഒരു ഭാഗം പൂന്തിങ്കളിന്നായി ഒരുക്കി.
പൂന്തിങ്കൾ വളരെ പെട്ടെന്ന് പ്രശസ്തനായി. ദൂരെ ദിക്കിൽ നിന്ന് പോലും ആളുകൾ വന്ന് തുടങ്ങി. കച്ചവടം അഭിവൃദ്ധി പ്രാപിക്കാന്‍, ശനിദശ മാറാന്‍, അസുഖം ഭേദമാകാന്‍ എന്ന് വേണ്ട വിസ പെട്ടെന്ന് കിട്ടാന്‍ വരെ ആളുകള്‍ വന്നു കൊണ്ടിരുന്നു.
സൈദുക്കാടെ ചായക്കട വലുതാക്കി.
വളരെ കാലത്തിന് ശേഷം ഒരു ദിവസം പോലീസുകാർ സൈദുക്കാടെ കടയിൽ വന്നിട്ട് പറഞ്ഞു 'നിങ്ങളുടെ കടയിലുള്ള പൂന്തിങ്കളിന്റെ പേരിൽ ഒരു കേസ് ഉണ്ട്. ചോദ്യം ചെയ്യാനാണ് ഞങ്ങൾ വന്നിട്ടുള്ളത്'.
വിവരമറിഞ്ഞ് ജനങ്ങൾ സംഘടിച്ചു. ഒരാഴ്ചത്തെ ഹർത്താൽ പ്രഖ്യാപിച്ചു.
പക്ഷെ, പോലീസ് പൂന്തിങ്കളെ ചോദ്യം ചെയ്തു. സ്വതവേ മൌനക്കാരനായ പൂന്തിങ്കൾ തത്ത പറയുന്ന പോലെ പോലീസിന്റെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു.
ഒരു മതത്തിലും വിശ്വാസമില്ലാത്ത, അമ്പലത്തിലോ മസ്ജിദിലൊ ചർച്ചിലൊ പോകാത്ത ആളാണ്‌ ബാബു എന്ന ഈ മനുഷ്യൻ. അടുത്ത ഗ്രാമത്തിലെ ഒരു ബസ്സിലെ കണ്ടക്ടർ ആയിരുന്നു ബാബു. ആ ബസ്സിന്റെ മുതലാളി അറിയാതെ ഒരു പാട് പൈസ മോഷ്ടിച്ചയാളാണ് ഈ മനുഷ്യൻ. അത് മുതലാളി കണ്ടുപിടിച്ചു ഇയാളെ ജോലിയിൽ നിന്നും പുറത്താക്കി. അയാൾ ഒരു പാട് വർഷം കേരളത്തിന്ന് പുറത്തേക്ക് പോയി. പിന്നീട് നാട്ടിലേക്ക് തിരിച്ചു വന്നു.
രാത്രിയിൽ ഏകനായി താമസിക്കുന്ന ബസ്‌ മുതലാളിയുടെ വീട്ടിലെ കിച്ചണിലെ ഗ്യാസിന്റെ പൈപ്പ് മുറിച്ച് വെച്ചു. അതിന്ന് ശേഷം പുറത്ത് പാർക്ക് ചെയ്തിരുന്ന ബസ്സിന്റെ ബ്രൈക്കിന്റെ ഓയിൽ പൈപ്പ് പൊട്ടിച്ചു. അങ്ങിനെയാണ് സ്റ്റൗവ് ഓണ്‍ ചെയ്തപ്പോൾ മുതലാളി മരിച്ചതും. ബസ് ഓടിക്കുണ്ടിരിക്കുമ്പോൾ ഓയിൽ ലീക്ക് ചെയ്തു ആക്സിടെന്റ്റ് ഉണ്ടായി ഡ്രൈവർ മരിച്ചതും.
നിസ്സംഗതയോടെ എല്ലാം തുറന്നു പറഞ്ഞു ബാബു.
----------------------------------------
മേമ്പൊടി: 
എല്ലാ കുറ്റവാളികളും എന്തെങ്കിലുമൊരു തെളിവ് അവരറിയാതെ സംഭവസ്ഥലത്ത് ഉപേക്ഷിച്ച് പോകും. അത് പോലീസ്സിന്നു കുറ്റവാളിയെ കണ്ടെത്താനുള്ള പണി എളുപ്പമാകും.

No comments:

Post a Comment