Tuesday, 14 February 2017

തെറ്റിദ്ധരിപ്പിക്കപ്പെടുന്ന മതം (കഥ)



തെറ്റിദ്ധരിപ്പിക്കപ്പെടുന്ന മതം (കഥ)
***************************
അന്നാട്ടിലെ ഏറ്റവും വലിയ പണക്കാരനായ എഴുപത്തഞ്ചു വയസ്സായ കുഞ്ഞാലൻ ഹാജി കാറിൽ യാത്ര ചെയ്യുകയാണ്. ഏഴു വിവാഹം കഴിക്കുകയും അതിൽ നാലെണ്ണതിനെ മൊഴി ചൊല്ലുകയും ചെയ്തു. ഹാജിയാർക്ക് ഡ്രൈവർ മാത്രമല്ല, സന്തതസഹചാരിയും എല്ലാം എല്ലാമാണ് ഡ്രൈവർ കാസിം. ഒരുദിവസം ഉൾനാടൻ ഗ്രാമങ്ങളിലൂടെ പോകുമ്പോളാണ് കാറിൽ നിന്നും ഒരു ശബ്ദം ഹാജിയാർ കേട്ടത്. ഹാജിയാർ കാസ്സിമിനോട് അത് ചോദിക്കുകയും ചെയ്തു 'എന്താണ് ഒരു ശബ്ദം കേട്ടത്?' എന്ന്.
'അത് ഞാൻ ഗിയർ മാറ്റിയതാ' എന്ന കാസിമിന്റെ മറുപടി കേട്ടപ്പോൾ കാറിനെ പറ്റി ചുക്കും ചുണ്ണാമ്പും അറിയാത്ത ഹാജിയാർ പറഞ്ഞത് 'ഞാനുള്ളപ്പോൾ നീ ഇതൊക്കെ മാറ്റും അല്ലെ? ഇക്കണക്കിന്നു ഞാനില്ലാത്തപ്പോൾ എന്തൊക്കെ നീ മാറ്റുന്നുണ്ടാവും' എന്നാണു. കാസിം ഹാജിയാരോട് വിവരം പറഞ്ഞു മനസ്സിലാക്കി.
1960 കാലഘട്ടത്തില്‍ ഇത്രയൊക്കെ അറിവല്ലേ അന്നുല്ലവര്‍ക്കുള്ളൂ.
കാർ കുറച്ചു ദൂരം ഓടിയപ്പോൾ പെട്ടെന്ന് നിന്നു. ഹാജിയാർ അതിന്റെ കാരണം അന്വേഷിച്ചു. കാറിന്റെ ബോണെറ്റ് തുറന്നു നോക്കിയിട്ട് കാസിം പറഞ്ഞു 'ഹാജിയാരെ റേഡിയെട്ടറിൽ വെള്ളം ഇല്ല'.
കാസിം വെള്ളം എടുക്കാൻ അടുത്ത വീട്ടിലേക്കു പോയി. ഹാജിയാർ പുറത്തിറങ്ങി ചുറ്റുപാടും ഒന്ന് വീക്ഷിച്ചു. എല്ലാം ഓലമേഞ്ഞ കുടിലുകൾ. ആ കുടിലുകളിൽ ഒന്നിന്റെ മുമ്പിൽ ഒരു പതിമൂന്ന് പതിനാലു വയസ്സായ പാവാടയും ബ്ലൗസും ഇട്ട ഒരു പെണ്‍കുട്ടി മാങ്ങ ചാടി പൊട്ടിക്കുന്നു. അവളുടെ ചാട്ടവും അവളേയും ഹാജിയാർക്ക് 'ക്ഷ' പിടിച്ചു.
വെള്ളവും കൊണ്ട് വരുന്ന കാസിം, ഹാജിയാരുടെ നോട്ടം കണ്ടപ്പോൾ വീണ്ടു തിരിച്ചു പോയി ആ പെണ്‍കുട്ടിയോട് എന്തോ സംസാരിച്ചു. തിരിച്ചു കാറിന്നടുത്തെത്തിയപ്പോൾ ആ പെണ്‍കുട്ടിയെ പറ്റി കാസിമിനൊദു അന്വേഷിച്ചു. 'ഹാജിയാർ ഇത് ചോദിക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ തിരിച്ചു പോയി എല്ലാം അന്വേഷിച്ചു. ആ കുട്ടിയുടെ ഉപ്പ ഒരു കൂലിപ്പണിക്കാരനാണ്. ഇപ്പോൾ വീട്ടിൽ ഇല്ല. അവൾക്കു താഴെ മൂന്നു പെണ്‍കുട്ടികളുണ്ട്.' എന്ന മറുപടി കേട്ടപ്പോൾ ഹാജിയാരുടെ ചുണ്ടിൽ നിന്നും ഒരു ചെറിയ ചിരി വിടർന്നു.
'നീ പോയി ആ കുട്ടിയുടെ ഉപ്പ വന്നാൽ എന്റെ വീട്ടിൽ വരാൻ പറ'.
ഹാജിയാരുടെ നിർദേശം കാസിം നടപ്പാക്കി. കാർ സ്റ്റാർട്ട്‌ ചെയ്തു അവർ പോയി.
ആ പെണ്‍കുട്ടിയുടെ ഉപ്പ കരീം, ഹാജിയാരുടെ വീട്ടിൽ എത്തി. വിളിപ്പിച്ച വിവരം എന്താണെന്നറിയാതെ കരീം വിഷമിക്കുന്നുണ്ടായിരുന്നു. കരീമിനോട് ഇരിക്കാൻ ഹാജിയാർ പറഞ്ഞു. മുപ്പത്തഞ്ചു വയസ്സ് പ്രായക്കൂടുതലുള്ള ഹാജിയാരുടെ മുന്നിൽ ഇരിക്കാൻ കരീമിന് ഒരു വിഷമം. നിർബന്ധിച്ചപ്പോൾ കരീം സോഫയിൽ ഇരുന്നു. ഹാജിയാർ കരീമിനെ നന്നായി സൽകരിച്ചു. ഒടുവിൽ മുഖവുരയോന്നുമില്ലാതെ കാസിമാണ് പറഞ്ഞു. 'ഹാജിയാർക്ക് കരീമിന്റെ മകളെ നികാഹ് കഴിച്ചാൽ കൊള്ളാമെന്നുണ്ട്'
കുറച്ചു നേരത്തേക്ക് ഒന്നും പറയാനാവാത്ത അവസ്ഥയായിരുന്നു കരീമിന്ന്. ഒന്നും മറുപടി പറയാതായപ്പോൾ കാസിം കരീമിനോട് പറഞ്ഞു 'ഇഷ്ടമില്ലെങ്കിൽ വേണ്ട'.
'എനിക്ക് പെരുത്ത്‌ ഇഷ്ടമാ, പക്ഷെ.....'അത് പറഞ്ഞു കരീം നിറുത്തി.
'എന്താ പ്രശ്നം?' എന്ന കാസിമിന്റെ ചോദ്യത്തിന്നു തന്റെ കയ്യിൽ സ്ത്രീധനം ഒന്നും തരാനില്ല എന്ന് മാത്രമാണ് കരീം മറുപടി പറഞ്ഞത്.
'അതിന്നു ഞങ്ങൾ സ്ത്രീധനം ഒന്നും ചോദിച്ചില്ലല്ലോ? ഞങ്ങൾ നികാഹിന്റെ തലേദിവസം ഒരു നൂറ് പവൻ പണ്ടം അങ്ങോട്ട്‌ കൊടുത്തയക്കും. കല്യാണം വേണ്ട. നികാഹ് മതി.' ഹാജിയാരാണ്‌ അതിന്നു മറുപടി പറഞ്ഞത്. എന്നിട്ട് ഹാജിയാർ കൂട്ടിചേർത്തു 'ആലോചിച്ചു പറഞ്ഞാൽ മതി'.
വീട്ടിൽ ആലോചിച്ചിട്ട് പറയാമെന്നു കരീം പറഞ്ഞു.
ഈ സന്തോഷവാർത്ത വീട്ടിൽ പറയുക തന്നെ. കരീം സന്തോഷം കൊണ്ട് വീട്ടിലേക്കു പോയി.
ഈ സംസാരം വീടിന്റെ ഉള്ളിൽ നിന്നും ഇപ്പോഴുള്ള മൂന്നു ഭാര്യമാരും കേൾക്കുന്നുണ്ടായിരുന്നു. അവർക്ക് ഒന്നും പറയാൻ പറ്റില്ല. അവരും ഇത്തരത്തിൽ വന്നവരാണല്ലോ?
കുറച്ചു കഴിഞ്ഞപ്പോൾ സാമൂഹ്യപ്രവർത്തകനായ ജബ്ബാർ, ഹാജിയാരുടെ വീട്ടിൽ വന്നു.
'നിന്നോട് ഒരു സന്തോഷവർത്തമാനം പറയാനുണ്ട്. ഇപ്പോൾ തീരുമാനം എടുത്തുള്ളൂ. അതിനു ശേഷം നീയാണ് ആദ്യം വരുന്നത്'. വന്ന പാടെ ഹാജിയാർ പറഞ്ഞു.
'എന്താണ് ഹാജിയാരെ സന്തോഷവർത്തമാനം?' ജബ്ബാർ അന്വേഷിച്ചു.
'എന്റെ നിക്കാഹ് ഉറപ്പിച്ചു' സന്തോഷത്തോടെ ഹാജിയാർ പറഞ്ഞു
'ഇത് എത്രാമത്തെ നികാഹാണ് ?' ജബ്ബാറിന്റെ ചോദ്യം
'എട്ടാമത്തെ. അതിൽ അഞ്ചെണ്ണത്തിനെ ഞാൻ മൊഴി ചൊല്ലിയല്ലോ?'
ഏതാ പുതിയ മണവാട്ടി എന്ന ചോദ്യത്തിന്നു കാസിം ആണ് മറുപടി കൊടുത്തത് 'നമ്മുടെ മൂന്നു സെന്റിൽ താമസിക്കുന്ന കരീമിന്റെ മകൾ ഒരു ഹൂറിയുണ്ട്. അവളാണ്'
'അത് തെറ്റല്ലേ ഹാജിയാരെ?' ജബ്ബാറിന്റെ സംശയം.
'എന്ത് തെറ്റ്?' മറുപടി പറഞ്ഞത് കാസിമായിരുന്നു.
'ഹാജിയാരേക്കാളും എത്രയോ വയസ്സ് കുറവാണ് കരീംക്കാക്ക്. അത് കൂടാതെ ഇങ്ങിനെ ഇടക്കിടെ പെണ്ണ് കെട്ടുന്നത് ഇസ്ലാം മതത്തിൽ തെറ്റല്ലേ?'
'എന്ത് തെറ്റ്? നാല്പതു വരെ കല്യാണം കഴിക്കാമെന്നും ഒരേ സമയം നാല് ഭാര്യമാർ വരെ ആകുന്നതിന്നും വിരോധമില്ലെന്നും ഇസ്ലാം പറയുന്നുണ്ട്'
'അത് പ്രത്യേക സന്ദർഭങ്ങളിലാണ്. അല്ലാതെ കയ്യിൽ കാശുണ്ടെന്നു കരുതി എത്രയും കെട്ടാമെന്നല്ല. ഇവിടെ കാർ പാർക്ക് ചെയ്യാം എന്ന ഒരു ബോർഡ് കണ്ടാൽ അവിടെ കാർ പാർക്ക്‌ ചെയ്യണമെന്നു നിർബന്ധമുണ്ടോ? അത് പോലെയാണ് ഇതും'
'എടാ ജബ്ബാറേ നീ ഹജ്ജിന്നു പോയിട്ടുണ്ടോ?' കുറച്ചു രോക്ഷത്ത്തോടെ ഹാജിയാര്‍ ചോദിച്ചു.
'ഇല്ല'
'അതാണ്‌ നിനക്ക് വിവരമില്ലാത്തത്. എന്റെ കയ്യിൽ ഒരു പാട് പൈസ ഉള്ളത് കൊണ്ടാണ് ഞാൻ വീണ്ടും വിവാഹം കഴിക്കുന്നത്‌. അത് കൊണ്ട് എത്ര കുടുംബങ്ങളാണ് രക്ഷപ്പെടുന്നത് എന്നറിയോ നിനക്ക്?' ഹാജിയാര്‍ തന്റെ നയം വ്യക്തമാക്കി.
'ആ പൈസ കൊണ്ട് ചെറുപ്പക്കാരികളായ പാവപ്പെട്ട പെണ്‍കുട്ടികളെ ചെറുപ്പക്കാർക്ക് ഹാജിയാരുടെ ചിലവിൽ കല്യാണം നടത്തി കൊടുക്കണം. അതാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌. എന്നിട്ട് അവർക്ക് ജീവിക്കാനുള്ള തൊഴിലിനോ കച്ചവടത്തിന്നോ ഹാജിയാർ പണം കൊടുക്കണം'. ശെരിയായ വിവരം ജബ്ബാര്‍ പറഞ്ഞു.
'അതൊന്നും എന്നോട് പറയണ്ട'. ഹാജിയാര്‍ അല്ലെങ്കിലും അങ്ങിനെയാണ്.
'ഇതാണ് പ്രശ്നം. ഇന്ന് മുസ്ലിമീങ്ങളിൽ ചിലർ നടത്തുന്ന ബഹുഭാര്യതവും മൊഴി ചൊല്ലലും കാണുമ്പോൾ മറ്റുള്ള മതക്കാർ നമ്മെ ആ കാഴ്ച്ചപാടിലല്ലേ കാണൂ. ഇതാണ് ഇസ്ലാം മതം എന്ന് കരുതിയാൽ അവരെ കുറ്റം പറയാൻ പറ്റില്ലല്ലോ?'. ജബ്ബാര്‍ വിടാന്‍ ഭാവമില്ല.
കരീം വീട്ടിൽ വന്നു നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. വിവരം അറിഞ്ഞ കരീമിന്റെ മകൾ സീന കരച്ചിലോട് കരച്ചിൽ.
'ഉമ്മാ, ഉപ്പാട് എന്നെ ആ ഹാജിയാർക്ക് കെട്ടിച്ചു കൊടുക്കരുതെന്ന് പറ'. കരഞ്ഞു കൊണ്ട് ഉമ്മാട് സീന പറഞ്ഞു.
'മോളെ ഞാനെങ്ങിനാ അത് പറയ. ഉപ്പാടെ സ്വഭാവം മോൾക്ക്‌ അറിയൂലെ? നമ്മളെ ഉപ്പ കൊന്നു കളയും'. ഉമ്മ അവരുടെ നിസ്സാഹായാവസ്ഥ പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോള്‍ ജബ്ബാറും കരീമിന്റെ വീട്ടിൽ എത്തി. അവിടെയും ഈ സംഭവം തെറ്റാണെന്ന് കരീമിനെ പറഞ്ഞു മനസ്സിലാക്കി.
'മോനെ ജബ്ബാറേ എനിക്കിതറിയാണ്ടല്ല. പണമില്ലാത്തവരുടെ പ്രശ്നമാണിത്'. കരീംക്ക തന്റെ നിസ്സഹയാവസ്ഥ പറഞ്ഞു
'സ്ത്രീധനത്തിന്റെ വിഷയമാണോ? എങ്കിൽ അതില്ലാതെ കല്യാണം കഴിക്കാവുന്ന ഒരു പാട് ചെറുപ്പക്കാർ ഇന്നുണ്ട്'. ജബ്ബാറിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ കരീം ഇങ്ങിനെയാണ്‌ ചോദിച്ചത്.
'നീ ഒരാളെ പറ'
'ഒരു പാട് ആളുണ്ട്, എന്റെ ഉപ്പ സമ്മതിക്കുകയാണെങ്കിൽ ഞാനുമുണ്ട്. ഉപ്പയും ഈ സ്ത്രീധനതിന്നു എതിരാണ്'
ആ ചെറുപ്പക്കാരന്റെ ധീരമായ. ഉപ്പാനെ ബഹുമാനിക്കുന്ന അഭിപ്രായം കേട്ടപ്പോൾ കരീമിന്നും ഭാര്യക്കും മകൾക്കും ഇഷ്ടമായി.'
'പക്ഷെ ഒരു കാര്യമുണ്ട്. എനിക്ക് കോടാനുകോടി രൂപയുടെ സ്വത്തോ ബാങ്ക് ബാലൻസോ ഇല്ല. ഒരു ചെറിയ കട മാത്രം.' ജബ്ബാര്‍ എല്ലാം തുറന്നു പറഞ്ഞു.
ആ കോടിയെക്കാൾ വിലമതിക്കുന്ന ഒരു മനസ്സുണ്ടല്ലോ എന്ന് പറയാൻ തോന്നിയിട്ടുണ്ടാവും അകത്തുള്ള കരീമിന്റെ മകൾക്ക്.
ജബ്ബാറിന്റെ ഉപ്പാക്ക് ഈ കല്യാണം ആയിരം വട്ടം സമ്മതമായിരുന്നു.
കല്ല്യാണം ക്ഷണിക്കാന്‍ ജബ്ബാറിന്റെ ഉപ്പയാണ് ഹാജിയാരുടെ വീട്ടിലേക്ക് പോയത്.
ഹാജി അദ്ധേഹത്തെ സ്വീകരിച്ചിട്ടു പറഞ്ഞു 'എന്റെ കണ്ണ് തുറപ്പിച്ചത് ജബ്ബാറാണ്. നമ്മുടെ മുസ്ലീങ്ങളിൽ ചിലർ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ ഇസ്ലാമിൽപെട്ടതല്ലെന്ന് എനിക്കിപ്പോൾ മനസ്സിലായി'
----------------------------------------------------
മേമ്പൊടി:
ഇസ്ലാമിനെ പറ്റി അറിയാത്തവരെ, ഇസ്ലാം നാമധാരികളിൽ ചിലർ ചെയ്യുന്നതല്ല യഥാര്ത ഇസ്ലാം. എളുപ്പവഴിക്ക് ക്രിയ ചെയ്യാനാണ് എല്ലാവരുടേയും താല്പര്യം.
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

Saturday, 4 February 2017

1970ലെ ഗൾഫിനെ ഓർക്കാം (അനുഭവം)



1970ലെ ഗൾഫിനെ ഓർക്കാം (അനുഭവം)
---------------------------
ആയിരത്തി തൊള്ളായിരത്തി അറുപത്തിയൊമ്പതിൽ (1969) ആണ് ഞാൻ പത്തേമാരിയിൽ അന്നത്തെ പേർഷ്യയായ ഗൾഫിലേക്ക് പോയത് എന്ന് പലവട്ടം എഴുതിയിട്ടുണ്ടല്ലോ? ഗൾഫിന്റെ ശൈശവം, ബാല്യം, യൗവ്വനം (നിത്യയൗവ്വനമാണല്ലോ) നേരിട്ട് അനുഭവിച്ച ഒരാളെന്ന നിലയിൽ അവ വായനക്കാരിലേക്ക് പങ്ക് വെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.
ആമുഖമായി ഒരു കാര്യം ഞാൻ എഴുതട്ടെ. ബെന്യാമിൻ എഴുതിയ ആടുജീവിതം പോലെ ഒരു നോവൽ എഴുതാൻ സ്വപ്നത്തിൽ പോലും എനിക്കാവുകയില്ല. അത് പോലെ പത്തേമാരി സിനിമയിൽ മമ്മുട്ടി അഭിനയിച്ച പോലെ അഭിനയിക്കാൻ ഈ ജന്മത്തിൽ എന്നെക്കൊണ്ടാവില്ല. പക്ഷെ.. അതൊരു വലിയ പക്ഷെയാണ്. ഞാൻ ജീവിച്ച ഗള്‍ഫ്‌ ജീവിതം ജീവിക്കാൻ മമ്മുട്ടിക്കോ ബെന്യാമിനോ കഴിയില്ല.ഞാൻ എന്റെ ഗൾഫ് ജീവിതത്തിന്റെ പുസ്തകത്തില്‍ നിന്ന് ഒരു ഏടാണ് ഇപ്പോൾ എഴുതുന്നത്. പിന്നീട് ദൈവം അനുഗ്രഹിച്ചാൽ കുറേശ്ശേയായി എഴുതാം.
ആദ്യം പത്തേമാരി ഇറങ്ങിയത് ഫുജൈറക്കടുത്തുള്ള ഖോർഫുക്കാനിൽ ആണ്. എന്റെ ഗൾഫ് ജീവിതം ആരംഭിക്കുന്നത് ദുബായിൽ ആണ്. അവിടെ മൂന്നു വർഷത്തോളം ജോലി ചെയ്തു വിസ സമ്പാദിച്ചു തിരിച്ചു കപ്പലിൽ നാട്ടിലേക്ക് വന്നു. തിരിച്ചു കപ്പലില്‍ തന്നെ  ദുബായില്‍ വന്നു നേരെ അബൂദാബിയിലെത്തി. അബുദാബിയിലെ എന്റെ ജീവിതം ആരംഭിക്കുന്നത് മദീനസായദിൽ ആണ്. അന്നത്തെ മദീനസായിദിന്റെ രൂപം ഇന്നുള്ളവർക്ക് ഒരിക്കലും ചിന്തിക്കാൻ പോലും കഴിയില്ല. ഖലീഫ സ്ട്രീറ്റ് (എലക്ട്ര റോഡ്), സലാം സ്ട്രീറ്റ്, ജവാസാത്ത് റോഡ് (പാസ്പോര്ട്ട് റോഡ്), ഓൾഡ് എയർപോർട്ട് റോഡ് - ഇങ്ങിനെ നാലതിരുകൾക്കുള്ളിലുള്ള മദീന സായദിന്റെ ഉള്ളിൽ അന്നൊന്നും (1970കളിൽ) ഒരു ടാർ ഇട്ട റോഡ് പോലും ഉണ്ടായിരുന്നില്ല. പിന്നീട് ചെങ്കല്ലുപൊടി കൊണ്ട് റോഡ് ഉണ്ടാക്കി. അത് കുറച്ചു ഉയർത്തി നിർമിച്ചത് കൊണ്ട് ചുറ്റുമുള്ള വീടുകളുടെ കോമ്പൗണ്ടുകളും റൂമുകളും താഴെയായി. മഴ പെയ്താൽ വെള്ളവും, എന്തിനേറെ കക്കൂസിലെ ടാങ്ക് വെള്ളവും റൂമിലും കോമ്പൗണ്ടിലും നിറയും. കാരണം അന്നൊന്നും ഡ്രെയ്നേജ് സിസ്റ്റം ആയിട്ടില്ല. ഒരു നില മാത്രമുള്ള വീടുകളായിരുന്നു അന്നൊക്കെ മദീനാസായദിൽ ഉണ്ടായിരുന്നത്. മിക്കതിന്റെയും മേൽക്കൂര അലൂമിനിയം ഷീറ്റ് ആയിരുന്നു. ആ ഒരു നില വീടുകളിലെ മുകളിലെ വാട്ടർ ടാങ്ക് ഇരുമ്പിന്റെ ആയിരുന്നു. അതിലേക്കു പോലും ലൈൻ വെള്ളം മോട്ടോർ വെച്ച് അടിച്ചു കേറ്റണമായിരുന്നു. പവ്വർകട്ട് ഉണ്ടായിരുന്നു. രാത്രിയിൽ പവ്വർകട്ട് ഉണ്ടാവുമ്പോൾ പായയും കൊണ്ട് ഞങ്ങൾ ബീച്ചിൽ പോയി കിടക്കും. ഇന്നത്തെ കോര്‍ണീഷ് അന്നുണ്ടായിരുന്നില്ല.
ഇവിടെയാണ് എന്റെ ബേച്ചിലർ ജീവിതം. ഞാനന്ന് M70 ഹോണ്ട മോട്ടോർ സൈക്കിൾ വാങ്ങി. ഇന്നത്തെ M80 പോലെ. അതിനു മുമ്പ് എനിക്ക് സൈക്കിൾ ആണ് ഉണ്ടായിരുന്നത്. ആ മോട്ടോർ സൈക്കിളിൽ പലവട്ടം ഞാൻ അബുദാബിയിൽ നിന്ന് ദുബായിക്ക് പോയിട്ടുണ്ട്. അന്നൊക്കെ ദുബായ് അബുദാബി റോഡ് സിംഗിൾ ആയിരുന്നു. അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന ഒരു വഴി, നമ്മുടെ നാട്ടിലെ പോലെ. എനിക്ക് തോന്നുന്നത് അന്ന് മുതൽ ഇന്ന് വരെ എന്നെ പോലെ വളരെ പ്രാവശ്യം ദുബായ് അബുദാബി റോഡിലൂടെ മോട്ടോർ സൈക്കിളിൽ പോയ ആരുമുണ്ടാവില്ല എന്നാണ്.
അതിന് ശേഷം 1974 നവംബർ 17ന്ന് എന്റെ വിവാഹം കഴിഞ്ഞു അബൂദാബിയില്‍ തിരിച്ചെത്തി. മാസങ്ങൾക്ക് ശേഷം നാട്ടിൽ പോയി ഭാര്യയെ ഞാൻ അബുദാബിയിലേക്ക് കൊണ്ട് വന്നു. താമസം ഖാലിദിയ ഭാഗത്തേക്ക് മാറി. രണ്ടു മുറിയും ഒരു അടുക്കളയുമുള്ള മുകളിൽ അലൂമിനിയം ഷീറ്റ് വിരിച്ച ഒരു വില്ല. ഒരു റൂമിൽ മറ്റൊരു ഫാമിലി. ഞങ്ങളുടെ സിറ്റിംഗ് റൂം, ഡൈനിങ്ങ് റൂം, ബെഡ്‌റൂം, എല്ലാം ഈ ഒരു റൂമില്‍. താഴെ ഡിനോലിയ വിരിച്ചു. മഴ പെയ്തപ്പോൾ വെള്ളം മുഴുവന്‍ റൂമില്‍. അത് കളയാന്‍ കുറെ ശ്രമിച്ചു. നടക്കുന്നില്ല. ഒടുവില്‍ ഞങ്ങള്‍ റൂമില്‍ നടക്കുന്ന വഴിയില്‍ ഹോളോ ബ്രിക്സ് വെച്ച്. അതിന്റെ മുകളിലൂടെ റൂമില്‍ നടക്കും. ഭാര്യക്കാണെങ്കില്‍ തണുപ്പ് കാലത്ത് കാല്കോച്ചിവലിക്കും. അന്നൊരു ദിവസം ഭയങ്കര കാറ്റ് വീശി. മുകളിലെ ഷീറ്റില്‍ ചിലത് പറന്നു പോയി. ഞങ്ങള്‍ പരസ്പരം ദു:ഖം കടിച്ചമർത്തും. എന്നിട്ട് ചോദിക്കും. നമ്മൾ എത്ര ദു::ഖിക്കുന്നു എന്ന്. കണ്ണീരു പുറത്ത് വരാതെ ഞങ്ങൾ ഉള്ളിൽ ഒരുപാട് കരഞ്ഞിട്ടുണ്ട്, അന്നൊക്കെ.
വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഭാര്യയെ അബൂദാബിക്ക് കൊണ്ട് വരാൻ ടിക്കെറ്റും വിസയും അയച്ചു. തൃശ്ശൂർ ടൌണ്‍ പോലും വിവാഹത്തിന്നു മുമ്പ് കണ്ടിട്ടില്ലാത്ത എന്റെ ഭാര്യക്ക് ബോംബെ വഴി ഫ്ലൈറ്റ് മാറികേറി അബുദാബിക്ക് വരാൻ ഒട്ടും ധൈര്യമില്ല. അന്നൊന്നും അബുദാബിയിൽ നിന്ന് കേരളത്തിലേക്ക് ഡയറക്റ്റ് ഫ്ലൈറ്റ് ഇല്ല. ഞാൻ വന്ന് ഭാര്യയെ കൊണ്ട് വരുന്ന സാമ്പത്തിക നഷ്ടം തുടങ്ങി പലതും ഉപ്പാട് പറയാൻ ഫോണ്‍ ട്രങ്ക് ബുക്ക്‌ ചെയ്തു. അന്നൊക്കെ ഫോണ്‍ ലൈൻ പോയിരുന്നത് അബുദാബി - ബോംബെ (കടലിന്നടിയിലൂടെയുള്ള കേബിൾ), ബോംബെ-മദ്രാസ്‌-എറണാകുളം (റെയിൽപാളതിന്നടുത്തുകൂടെയുള്ള പോസ്റ്റിലൂടെയുള്ള കമ്പി), എറണാകുളം-ഇരിഞ്ഞാലക്കുട-കാട്ടൂർ (റോഡ്‌ സൈഡിലൂടെയുള്ള ലൈൻ). ഇതിനിടെ എവിടെയെങ്കിലും മരം വീണോ മറ്റോ കമ്പി പൊട്ടിയാൽ ട്രങ്ക് വീണ്ടും ബുക്ക്‌ ചെയ്യണം. മൂന്നു ദിവസത്തെ കാത്തിരിപ്പിന്നോടുവിൽ ഉപ്പാടെ റേഷൻ കടക്ക് സമീപമുള്ള കാട്ടൂർ പഞ്ചായത്തിലേക്ക് ലൈൻ കിട്ടി. അന്നൊക്കെ പേർഷ്യയിൽ നിന്നും ഫോണിലൂടെ വളരെ ഉറക്കെ സംസാരിച്ചാലേ മനസ്സിലാക്കാൻ പറ്റൂ. ഞങ്ങളുടെ പഴയ ജീവിതം നിന്നുള്ളവർ കണ്ടു പഠിക്കണം എന്ന് ഞാൻ എഴുതുകയില്ല. കാരണം, ഈ ഞാൻ തന്നെ എത്രയോ മാറി.
അന്നൊക്കെ ദിവസങ്ങൾ കാത്ത് ടെലിഫോൺ വിളിച്ചിരുന്ന എനിക്കും ഇന്നുള്ളവർക്കും നേരിട്ട് കണ്ടു സംസാരിക്കാനുള്ള സൗകര്യം ഉണ്ടായപ്പോൾ വിളിച്ചാൽ നാട്ടിലുള്ളവരുടെ ഫോൺ എൻഗേജ് ആയാൽ ക്ഷമയില്ല. ഷെരീഫേ, നീ മറ്റുള്ളവരെ ഉപദേശിക്കുന്നതിന് മുമ്പ് നീ തന്നെ പഴയ ഷെരീഫിനെ ഓർക്കൂ എന്ന് ഞാൻ എന്നോട് പറയുന്നു. കഴിഞ്ഞില്ല, ദുബായ് എയർപോർട്ടിൽ നിന്ന് രാത്രി 2 മണിയോടെ തായ്‌വാനിലേക്കു പോയ ചൈന എയർലൈൻസ് 10 മണിക്കൂർ നോൺ സ്റ്റോപ്പ് ആയി പറന്ന് തായ്പേയ് എയർപോർട്ടിൽ അവിടെത്തെ സമയം വൈകീട്ട് 4ന്നു എത്തുന്നത് വരെ ക്ഷമിച്ചിരിക്കാൻ, അബുദാബിയിൽ നിന്ന് ഫ്രാൻസിലേക്കും ജർമനിയിലേക്കും ലണ്ടനിലേക്കുമൊക്കെ ഇത് പോലെ ക്ഷമിച്ചു പ്ലൈനിൽ ഇരിക്കാൻ അന്നത്തെ ഷെരീഫിന് കഴിഞ്ഞു. എന്നാൽ ഇന്നത്തെ ഷെരീഫോ, മാസങ്ങൾക്കു മുമ്പ് കൊച്ചിയിൽ നിന്ന് സൗദിയിലേക്കും മറ്റൊരവസരത്തിൽ കൊച്ചിയിൽ നിന്ന് ദോഹയിലേക്കും പോകുന്ന ഫ്ലെയ്റ്റ് ഒമാനിലോ ദുബായിലോ രണ്ടു മണിക്കൂർ വെയിറ്റ് ചെയ്ത് മാറിക്കെറിയാൽ ഒരു പാട് രൂപ ടിക്കറ്റിന് കുറവുണ്ടെന്നറിഞ്ഞിട്ടും അതിന് ക്ഷമിക്കാൻ പറ്റില്ലെന്ന് പറഞ്ഞു കൂടുതൽ പണം കൊടുത്ത് ഡയറക്റ്റ് ഫ്ളെയറ്റിൽ യാത്ര ചെയ്ത ഇന്നത്തെ ഷെരീഫ് ആയ ഞാനാണ് അന്നത്തെ ഷെരീഫിനെ ആദ്യമായി പഠിക്കേണ്ടത്.
അന്ന് മോട്ടോർ സൈക്കിൾ ഓടിക്കുമ്പോൾ എന്റെ കയ്യിൽ ലൈസൻസ് ഉണ്ടായിരുന്നില്ല. ഒരു ദിവസം ഞാൻ മദീനസായെദിൽ നിന്ന് ബൈക്കിൽ ഓൾഡ് എയർപോർട്ടിൽ കടന്ന ഉടനെ പോലീസ് കൈ കാണിച്ചു. അന്ന് ഞാൻ മാഹിയറബിയിൽ (മലയാളം, ഹിന്ദി, അറബി) കരഞ്ഞു കാര്യം പറഞ്ഞു. മമ്മുട്ടിയേക്കാൾ നന്നായി അഭിനയിച്ചു. പോലീസ് എന്നോട് പൊയ്ക്കോളാൻ പറഞ്ഞു. അതിന് ശേഷം ഞാൻ ജോലി ചെയ്തിരുന്ന അഥാഫർ ഷോപ്പിന്റെ പിന്നിലുള്ള തുറസ്സായ സ്ഥലത്ത് മുൽക്കിയ (രെജിസ്ട്രേഷൻ കാർഡ്) പോലുമില്ലാത്ത ഒരു പഴയ ലാൻഡ് റോവർ വണ്ടി ഞാന്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു പഠിച്ചു. ഇതിൽ ഏറ്റവും രസാവഹമായ ഒരു കാര്യമുണ്ട്. ആ ലാൻഡ് റോവർ ജീപ്പിൽ പ്ലൈവുഡ് കയറ്റി ലൈസൻസ് ഇല്ലാത്ത ഞാൻ ബുത്തീനിലുള്ള പോലീസ് സ്റ്റേഷനിൽ കൊണ്ട് കൊടുത്തു. കാലം മാറി പിന്നീട് ഷെയ്ഖിന്റെ മേനേജർ ആയിട്ട് പോലും ലൈസൻസ് പേഴ്സിൽ ഉണ്ട് എന്ന് ഉറപ്പാക്കിയിട്ടേ ഞാൻ മറ്റു എമിറേറ്റുകളിലേക്കു വണ്ടി ഓടിച്ചു പോകാറുള്ളൂ. അബൂദാബി എയർപോർട്ടിന്റെ ഉള്ളിലേക്ക് മാത്രമല്ല, UAEയുടെ മറ്റു എയർപോർട്ടിന്റെ ഉള്ളിൽ കടക്കാനുള്ള പാസ്സ് എനിക്കുണ്ടായിട്ടു പോലും ഞാൻ ലൈസൻസ് കയ്യിൽ വെക്കാതെ വണ്ടി ഓടിക്കാറില്ല. അത് പോലെ ഒരുപാടൊരുപാട് കിലോമീറ്റെർ ഗൾഫിൽ എല്ലായിടത്തേക്കും ഡ്രൈവ് ചെയ്തിട്ടുള്ള ഞാൻ (വണ്ടിയും പെട്രോളും ഫ്രീ കിട്ടുന്നു) അബുദാബിയിൽ നിന്ന് നാട്ടിലേക്ക് പോകാൻ എയര്‍പോര്‍ട്ടിലേക്കു പോകുമ്പോൾ ഞാൻ വണ്ടി ഓടിക്കാറില്ല. എന്തോ ഒരു പേടി. എന്നാൽ തിരിച്ചു അബുദാബിയിലേക്ക് വന്നാൽ എയർപോർട്ടിൽ നിന്നും സ്വയം വണ്ടി ഓടിക്കും. എന്നാൽ ഞാൻ ലണ്ടനിൽ ലൈസൻസ് ഇല്ലാഞ്ഞിട്ടും ഒരു പാട് ദൂരം കാർ ഓടിച്ചിട്ടുണ്ട്. ലണ്ടനിൽ ഇന്ത്യയിലെ പോലെ ലെഫ്റ്റ് ഹെൻഡ് ഡ്രൈവിംഗ് ആണ്.
ഇന്ന് ഗള്‍ഫില്‍ നല്ല തണുപ്പാണെന്ന് അറിഞ്ഞു. ആ വിഷമം ഞാന്‍ മനസ്സിലാക്കുന്നു. എന്നാല്‍ ഞങ്ങള്‍ പണ്ട് ഗള്‍ഫിലുള്ളപ്പോള്‍ തണുപ്പ് സഹിക്കാതെ വന്നപ്പോള്‍ മൂന്നു റിയാലിന്റെ ഒരു സ്വെറ്റര്‍ വാങ്ങാന്‍ കഴിയാതെ വന്ന എന്റെ വിഷമം ഞാന്‍ ആലോചിക്കുന്നു. ഷൂ വാങ്ങാന്‍ പണമില്ലാത്ത ഞാന്‍ സോക്സ്‌ ഇട്ടു അതിന്റെ മുകളില്‍ ചെരുപ്പ് ധരിച്ചു ജോലിക്കും മറ്റും പോയിട്ടുണ്ട്. പത്തു അണ (അതായത് 60 ഫില്‍‌സ്) കൊടുക്കണം മലയാളി ചോറിന്. അവിടെയും പണമില്ലാത്തത് കൊണ്ട് ഞാന്‍ പൊറോട്ടയില്‍ പഞ്ചസാരയിട്ട് കഴിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ഫ്രാന്‍സിലെ പാരീസിലെ ജോര്‍ജ് സാങ്ക് ഹോട്ടെലില്‍ താമസിക്കുമ്പോള്‍ (അവിടെ ഒരു ദിവസം താമസത്തിനും ഭക്ഷണത്തിനും കൂടി അന്നത്തെ നിരക്കില്‍ ഇന്ത്യയിലെ എണ്‍പതിനായിരം രൂപ വരും, ബില്ല് അടക്കുന്നത് ഷെയ്ഖ് ഓഫീസില്‍ നിന്നാണ്) കഴിച്ചിരുന്ന സെവെന്‍ കോഴ്സ് ഭക്ഷണത്തെക്കാള്‍ രുചി ആ പൊറോട്ടക്കാണ്.
വര്‍ഷങ്ങള്‍ക്കു ശേഷം ഞാന്‍ ലാഞ്ചി ഇറങ്ങിയ ഏകദേശ സ്ഥലം എന്റെ ഭാര്യക്കും പിന്നീട് എന്റെ മൂന്നു മക്കള്‍ക്കും ഞാന്‍ കാണിച്ചു കൊടുത്തു. എന്റെ പത്തേമാരി യാത്ര പറഞ്ഞപ്പോള്‍ അവരില്‍ ഒരു കണ്ണീര്. ഫുജൈറയിലെ കടലിലേക്ക്‌ അവര്‍ ഒരു പാട് നേരം നോക്കി നിന്നു. ഞാനും.
----------------------
ഗള്‍ഫില്‍ എന്നെക്കാള്‍ കൂടുതല്‍ കഷ്ടപ്പെട്ടവര്‍ ഇന്നും അന്നും ഉണ്ടെന്നു എനിക്കറിയാം. ഒരു പക്ഷെ ഇത് പോലെ എഴുതാന്‍ അവര്‍ക്ക് കഴിയാതെയാവാം. അന്നും ഇന്നും കഷ്ടപ്പെടുന്ന ഗള്‍ഫുകാര്‍ക്ക് ഞാന്‍ ഈ അനുഭവം സമര്‍പ്പിക്കുന്നു.
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

Saturday, 28 January 2017

ചാവക്കാട്ടുകാർ എന്റെ സ്വന്തം (അനുഭവം)

ചാവക്കാട്ടുകാർ എന്റെ സ്വന്തം (അനുഭവം)

ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ നടന്ന സംഭവമാണ്. ഞാൻ അബൂദാബിയിൽ അൽഹാമെലി ട്രേഡിംഗ് & ജനറൽ ട്രാൻസ്പോർട്ട് കമ്പനിയിൽ (എന്ത് കമ്പനി? ഒരു സ്പയർ പാർട്സ് കട) സെയിൽസ്മേനായി ജോലി നോക്കുന്ന കാലം. ഓൾഡ്‌ എയർപോർട്ട്‌ റോഡിൽ ഗ്രാൻഡ്‌ മോസ്ക്കിന്നടുത്തു, മെയിൻ പോസ്റ്റ്‌ ഓഫീസ്സിന്നു മുമ്പിലായിരുന്നു ആ ഷോപ്പ്. അന്ന് ഞാൻ താമസിച്ചിരുന്നത് ദാഇറത്തുൽമിയ എന്ന സ്ഥലത്താണ്. ദാഇറത്തുൽമിയ ഭാഗത്ത്‌ അറബികളുടെ വീടുകളുടെ സിറ്റിംഗ് ഹാൾ വിദേശികൾക്ക് വാടകയ്ക്ക് കൊടുക്കുന്നതിൽ ഒന്നിലായിരുന്നു എന്റെ താമസം. നടന്ന് പോകാവുന്ന ദൂരമേയുള്ളുവെങ്കിലും ഞാനൊരു വാഹനം വാങ്ങി. ഇന്നത്തെ മെർസിഡസ് ബെൻസിനേക്കാൾ എനിക്കിഷ്ടപ്പെട്ട വാഹനം - സാധാരണ സൈക്കിൾ. അല്ലെങ്കിലും സൈക്കിൾ ഞങ്ങളുടെ തറവാടിന്റെ ട്രേഡ്മാർക്കാണല്ലോ?.
ജോലിക്ക് വരുന്നതും പോകുന്നതും ഗ്രാൻഡ്‌ മോസ്ക്കിന്നടുത്തു കൂടിയാണ്. നല്ല പൂഴിമണൽ. സൈക്കിൾ ഓടിക്കുന്നത്, ജനങ്ങൾ നടന്ന് നടന്ന് പോയി ഉറച്ച നടവഴിയിലൂടെയാണ്. റൂമിൽ ഉള്ളവരിൽ അധികപേരും ചാവക്കാട്, ബ്ലാങ്ങാട്, കടപ്പുറം വെളിച്ചെണ്ണപടി ഭാഗത്തുള്ളവരാണ്. സൈക്കിൾ ചവുട്ടി കുറെ കറങ്ങുന്നത് വലിയ ഇഷ്ടമായിരുന്നു.
അന്നെനിക്ക് 19 വയസ്സ് പ്രായം. റൂമിലുള്ള എട്ട് പത്ത് പേരിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ ഞാനായിരുന്നു. അവരിൽ ഒരാളൊഴിച്ച് ബാക്കിയെല്ലാവർക്കും പ്രാഥമീകവിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ, അതൊരു വലിയ പക്ഷേയാണ്. വിദ്യാഭ്യാസം കുറവാണെങ്കിലും മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ, സംസ്കാരത്തിന്റെ കാര്യത്തിൽ അവർ മുമ്പന്തിയിലാണ്. കടലിലെ തിരമാലകൾ കരയെ സ്നേഹം കൊണ്ട് വാരിപ്പുണരുന്നത് പോലെ ചാവക്കാട്ടുകാർ, മലപ്പുറത്തുകാർ മറ്റുള്ളവരെ സ്നേഹിക്കും. എന്ന് കരുതി മറ്റു ജില്ലക്കാര്‍ സഹായിക്കില്ല എന്നല്ല.
ഞങ്ങളുടെ റൂമിലുള്ള വ്യക്തിയെപറ്റിയാണ് ഈ അനുഭവലേഖനത്തിന്റെ ആദ്യഭാഗത്ത് ഞാൻ എഴുതാൻ ഉദ്ദേശിക്കുന്നത്.
തത്കാലം അദ്ധേഹത്തെ നമുക്ക് മോനുട്ടി എന്ന് വിളിക്കാം (അതല്ല ശെരിയായ പേര്). മോനുട്ടി സുന്ദരനാണ്, വിദ്യാഭ്യാസം ഉള്ളവനാണ്, തമാശകൾ പറയുന്നവനാണ്. സ്വതവേ മൂപ്പരൊരു പ്രത്യേക സ്വഭാവക്കാരനാണ്. അനാചാരങ്ങളിലും അനാവശ്യമായ ചിട്ടകളിലും എതിർപ്പുള്ളയാൾ.
മോനുട്ടി ലീവിന്നു നാട്ടിലേക്ക്. പുരനിറഞ്ഞു നിൽകുന്ന മോനുട്ടി നല്ലൊരു മൊഞ്ചത്തി പെണ്ണിനെ ഗുരുവായൂര് നിന്നും വിവാഹം കഴിച്ചു.
കല്യാണരാത്രിയിൽ ആരൊക്കെയോ മൊഞ്ചത്തി സുലുവിനെ മണിയറയിലേക്ക് തള്ളിവിട്ടു.
മോനുട്ടി സുലുവിനെ കട്ടിലിൽ നിർബന്ധിച്ചിരുത്തി. സംസാരം ആരംഭിച്ചു.
'നോക്കൂ, സുലൂ, നമുക്കെല്ലാം തുറന്ന് സംസാരിക്കാം. ഇവിടെ ഞാൻ ചെയ്യേണ്ട ചിട്ടകൾ എന്തൊക്കെയാണ്?'. വളച്ചു കെട്ടില്ലാതെ, മുഖവുരയില്ലാതെ മോനുട്ടി ചോദിച്ചു.
'അതൊന്നും സാരമില്ല, ഇത്തരം കാര്യങ്ങളൊന്നും ഇശ്റ്റ്മില്ലാത്ത ആളാണ്‌ ങ്ങള് എന്നറിയാം' സുലു നയം വ്യക്തമാക്കി.
'ശെരിയാണ്. പക്ഷെ ഇവിടെ ഞാനത് മറ്റൊന്ന് ഉദ്ദേശിച്ചാണ്'. മോനുട്ടി ചോദ്യം ആവർത്തിച്ചു.
'ന്റുമ്മാക്കും പെറ്റമ്മാക്കും ന്റുപ്പാക്കും കിട്ടേണ്ടത് ഞാനെങ്ങനാ ങ്ങളോട് പറയ?' സുലുവിന്റെ സംസാരത്തിൽ നിസ്സഹായാവസ്ഥ
'അത് സാരമില്ല, യ്യ് പറഞ്ഞോ'. മോനുട്ടി പ്രോത്സാഹിപ്പിച്ചു.
'ന്റെ കാര്യം ഞാമ്പറയൂല. പശ്ശെ, മൂത്തുമ്മാടെ റുക്കൂന്റെ പുയ്യാപ്പ്ള റുക്കൂന്റെ ഉമ്മാക്ക് കുളിക്കാൻ 201 കട്ട സോപ്പ് കൊടുത്തു. മ്മക്ക് 101 കൊടുത്താൽ മതി. പിന്നെ കോന്തലക്കൽ കെട്ടാൻ 2001 റുപ്പിയ കൊടുത്തു. മ്മക്ക് 1001 റുപ്പിയ കൊടുത്താൽ മതി. പിന്നെ പെറ്റമ്മാക്ക് മുറുക്കാന് 1001 റുപ്പിയ കൊടുത്തു. മ്മക്ക് 501 കൊടുത്താൽ മതി. പിന്നെ ആങ്ങളക്ക് കേമറ കൂടാതെ 3001 രൂപ കൊടുത്തു. മ്മക്ക് 2001 റുപ്പിയ മാത്രം കൊടുത്താൽ മതി. ഈ പറഞ്ഞതൊന്നും ങ്ങള് കൊടുത്തില്ലെങ്കിലും വെശമമില്ല'. സുലു പറഞ്ഞു നിർത്തി.
'അത് വേണ്ട. ഒന്നും കുറക്കേണ്ട.' ഇതായിരുന്നു മോനുട്ടിയുടെ തീരുമാനം.
'ഇവിടെ പറമ്പ് കിളക്കുന്ന ജോലിക്കാർക്ക് എത്രയാണ് ദിവസം കൂലി?' എന്തോ ഉദ്ദേശിച്ചു മോനുട്ടി ചോദിച്ചു.
'കയിഞ്ഞ മാസം വരെ പതിനെയ്‌ റുപ്പിയ. ഇപ്പൊ ഇരുപതായി. റുക്കൂനെ കെട്ടിച്ചൊടത്ത് പതിനഞ്ഞാണ്. കാരണം ഇവിടെ മിനി ഗൾഫ്‌ ആണല്ലോ?'
പിറ്റേന്ന് കാലത്ത് കുളിയെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ കുഞ്ഞളിയൻ വന്ന് വിളിച്ചു. 'എനിക്ക് ഭക്ഷണം വേണ്ട മോനെ, വയറിനു സുഖമില്ല'. എന്ന് മോനുട്ടി കുഞ്ഞളിയനോട് പറഞ്ഞു. വിവരം അറിഞ്ഞ അമ്മായിയുമ്മ മരുമകന്റെ അടുത്തെത്തി.
'അമ്മായി ഞാൻ ആലോചിച്ചു. ഇവിടെ കുളിക്കാൻ 201 കട്ട സോപ്പ്, കോന്തലക്കൽ കെട്ടാൻ 2001 രൂപ, മുറുക്കാൻ 1001 രൂപ തുടങ്ങിയത് ആലോചിക്കുമ്പോൾ ഇനി ഭക്ഷണത്തിന്റെ ബില്ല് എത്രയാവുമോ എന്തോ?'
മോനുട്ടിയെ പറ്റി അവർക്കെല്ലാം അറിയാവുന്നത് കൊണ്ട് അവർ ചിരിച്ചതേയുള്ളൂ.
ആ വിവാഹത്തിന്നു എന്ന് മാത്രമല്ല ആ വീട്ടിൽ പിന്നീട് നടന്ന ഒരു കല്യാണത്തിന്നും ഇത്തരം മാമൂലുകൾ ഉണ്ടായില്ല.
ഒരാഴ്ച കഴിഞ്ഞപ്പോൾ അമ്മോശൻ മോനുട്ടിയോട് പറഞ്ഞു. 'മോനെ, ഞങ്ങൾ നിങ്ങളുടെ അടുക്കള കാണാൻ വരുന്നുണ്ട്. ഉപ്പയുമായി ആലോചിച്ച് ദിവസം അറിയീക്കണം'.
'അയ്യോ വേണ്ട മാമ, അടുക്കള പൊളിച്ചിട്ടിരിക്കയാണ്. അത് കൊണ്ട് അടുക്കള കാണാൻ വരേണ്ട'. മോനുട്ടി നയം വ്യക്തമാക്കി.
അടുക്കള കാണാൻ വരുന്നത് മോനുട്ടിക്ക് ലാഭമാണെങ്കിലും മോനുട്ടി സ്വന്തം ആശയത്തിൽ ഉറച്ചു നിന്നു.
ഒരു ദിവസം മോനുട്ടി സുലുവിനോട് ചോദിച്ചു. 'നമുക്കൊരു സിനിമക്ക് പോയാലോ?'
'അള്ളോ ഞാനില്ല, ഉപ്പ അറിഞ്ഞാൽ കൊന്നു കളയും. ഞങ്ങളൊക്കെ ഒരു സിനിമയെ കണ്ടിട്ടുള്ളൂ. കുട്ടിക്കുപ്പായം എന്ന സിനിമ. അതിൽ മണത്തല നേർച്ച കാണിക്കുന്നുണ്ട്. അതിലെ ബഹദൂർക്കാടെ തമാശ പോലെയാണ് ങ്ങടെ തമാശ'. സുലു അത് പറഞ്ഞു ചിരിച്ചു.
'അത് സാരമില്ല, നീ റെഡിയായ്ക്കോ. നമുക്ക് ചാവക്കാട് സെലീനയിൽ കുട്ടിക്കുപ്പായം എന്ന സിനിമ ഒന്ന് കൂടെ കാണാം'. അവൾക്കു സന്തോഷമായി.
സുലുവിന്റെ മണിമാളികയുടെ മുമ്പിൽ പാടമാണ്. ടാറിടാത്ത പഞ്ചായത്ത് റോഡിൽനിന്നും പാടത്ത് കൂടെ സുലുവിന്റെ വീട്ടിലേക്ക് റോഡുണ്ട്‌.
വല്ലപ്പോഴും പോകുന്ന അംബാസടർ കാർ അത് വഴി വരുമ്പോഴൊക്കെ വീട്ടുകാർ റോഡിലേക്ക് നോക്കും. അന്നൊക്കെ അംബാസ്സടർ കാറല്ലേയുള്ളൂ. കുറച്ച് കഴിഞ്ഞപ്പോൾ ഒരു കാളവണ്ടി സുലുവിന്റെ വീട് ലക്ഷ്യമാക്കി വന്നു. അത് സുലു കണ്ടു. ഒരു പക്ഷെ അടുത്ത വീട്ടിലേക്കാവും എന്നവൾ കരുതി. പക്ഷെ, ആ കാളവണ്ടി സുലുവിന്റെ വീട്ടിലേക്കാണ് വന്നത്.
മോനുട്ടി സുലുവിനോട് കാളവണ്ടിയിൽ കയറിയിരിക്കാൻ പറഞ്ഞു. കുറച്ചു വിഷമിച്ചിട്ടാണെങ്കിലും മോനുട്ടിയെ പറ്റി അറിയാവുന്നത് കൊണ്ട് കയറിയിരുന്നു. അന്നൊക്കെ അതൊരു സംസാരവിഷയമായിരുന്നു, പേർഷ്യക്കാരൻ പുയ്യാപ്പ്ള കാളവണ്ടിയിൽ സിനിമക്ക് പോയത്.
****************************
>>>> മോനുട്ടിയുടെ ജീവിതകഥ എന്നോട് 1970കളിൽ പറഞ്ഞപ്പോൾ ഒരിക്കൽ പോലും അതൊരു ലേഖനമാക്കി എഴുതുമെന്നു ഞാൻ കരുതിയില്ല. അതിനു നിമിത്തമായത് "എന്റെ സ്വൊന്തം ചാവക്കാട്" എന്ന ഗ്രൂപ്പ് ആണ്. നാല് വർഷത്തോളം ഞാൻ മോനുട്ടിയുടെ കൂടെ താമസിച്ചു. പിന്നീട് ജോലി മാറി അകലെ പോകേണ്ടിവന്നു. ഇതൊക്കെ അന്ന് കേട്ടപ്പോൾ ഞാൻ പ്രാർഥിച്ചു. എന്റെ കല്യാണം കഴിഞ്ഞു കുട്ടികളുണ്ടായാൽ ചാവക്കാടെക്ക്‌ കല്യാണം കഴിച്ചു കൊടുക്കാൻ ഇടവരുത്തല്ലേ ബദരീങ്ങളെ എന്ന്.
എന്റെ കല്യാണം കഴിഞ്ഞു കുട്ടികളുണ്ടായി. എന്റെ പെണ്‍മക്കളെ കല്യാണം കഴിച്ചു കൊടുത്തത് ചാവക്കാട് (അണ്ടത്തോട് & കടിക്കാട്‌) ആണ്. എന്റെ മകന്‍ വിവാഹം കഴിച്ചത് ചാവക്കാട് തൊഴിയൂര്‍ നിന്നാണ്. പക്ഷെ, ഞാനും എന്റെ മരുമക്കളും അവരുടെ വീട്ടുകാരും മോനുട്ടി സ്വഭാവക്കാരാണ്. ഞാനന്ന് അല്ലാഹുവിനോട് നേരിട്ട് പ്രാർഥിക്കാഞത് ഭാഗ്യം. എങ്കിൽ അല്ലാഹു എന്റെ പ്രാർത്ഥന സ്വീകരിക്കുമായിരുന്നു. അങ്ങിനെ പ്രാര്‍ഥിച്ചിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള നല്ല ചാവക്കാട്ടുകാരുമായുള്ള ബന്ധം ഉണ്ടാവുമായിരുന്നില്ല
>>>>

<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

Wednesday, 25 January 2017

പച്ചത്തട്ടം (കഥ)

പച്ചത്തട്ടം (കഥ)
അമ്പതു വർഷം മുമ്പ് പത്താം ക്ലാസ്സ്‌ പാസ്സായവരുടെ സംഗമം നടക്കുന്നു, പങ്കെടുക്കണം എന്ന് മെയിൽ കിട്ടിയപ്പോൾ പെട്ടെന്ന് ലീവ് സംഘടിപ്പിച്ചു ഗൾഫിൽ നിന്നും ഞാൻ നാട്ടിലെത്തി.
ഒരു പാട് ജോലിത്തിരക്കുകൾ മാറ്റി വെച്ച് മീറ്റിംഗ് തുടങ്ങാറാവുമ്പോഴെക്കും സ്കൂളിൽ ഞാനെത്തി. രെജിസ്ട്രേഷൻ കവുണ്ടറിൽ ഉണ്ടായിരുന്ന ജോസ് എന്നെ കണ്ടപ്പോൾ ഒരു പാട്ട് പാടി : 'മാനസമൈനേ വരൂ, മധുരം നുള്ളിത്തരൂ'
ഞാൻ ചിരിച്ചു. സദസ്സിൽ ചെന്നു ആദ്യം കണ്ട സീറ്റിൽ ഇരുന്നു. ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. മഹാഭൂരിപക്ഷം ആളുകളെയും അമ്പത് വർഷത്തിന്നു ശേഷം ആദ്യമായി കാണുകയാണ്. ആരെയും മനസ്സിലാകുന്നില്ല. പക്ഷെ ഞാൻ അന്വേഷിച്ചത് അവളെയായിരുന്നു. എന്റെ മൈനയെ.
അപ്പോഴാണ്‌ സംഘാടകനായ രവി വന്നു എന്നോട് പറഞ്ഞത് 'ജബ്ബാർ, ഒരു ആശംസാപ്രസംഗം നടത്തണം.' സന്തോഷത്തോടെ ഞാനത് സ്വീകരിച്ചു.
സ്വാഗതപ്രസംഗവും അദ്ധ്യക്ഷ പ്രസംഗവും ഉദ്ഘാടന പ്രസംഗവും കഴിഞ്ഞപ്പോൾ അദ്ധ്യക്ഷൻ എന്നെ ക്ഷണിച്ചു.
'
അടുത്തതായി ഈ സ്കൂളിലെ സാaഹിത്യകാരനായ ജബ്ബാറിനെ ആശംസാപ്രസംഗത്തിന്നു ക്ഷണിക്കുന്നു.'
സ്റ്റെജിൽ കയറിയപ്പോൾ ഏതോ ഒരു കുട്ടി ഒരു പൂച്ചെണ്ട് തന്നു. തനിക്കേറ്റവും ഇഷ്ടമുള്ള റോസാപ്പൂവ്.
ഞാൻ എന്തൊക്കെയോ പ്രസംഗിച്ചു. പ്രസംഗിക്കുമ്പോഴും എന്റെ കണ്ണുകൾ സദസ്സിൽ എല്ലായിടത്തും പരതി, എന്റെ മൈനയെ കാണാൻ.
പ്രസംഗം കഴിഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു. എല്ലാവരുടെയും കയ്യടി കഴിഞ്ഞപ്പോഴും ഒരു സ്ത്രീ മാത്രം പിന്നേയും കയ്യടിച്ചു കൊണ്ടിരുന്നു.
അദ്ധ്യക്ഷൻ മൈക്കിലൂടെ പറഞ്ഞു 'മൈമൂന, മതി കയ്യടിച്ചത്.'
അത് അവളായിരുന്നു, എന്റെ മൈന.
ഞാനവളെ സൂക്ഷിച്ചു നോക്കി ഒരു പാട് മാറ്റം വന്നിരിക്കുന്നു. ആ മുഖത്ത് എന്ത് വികാരമായിരുന്നു എന്ന് മനസ്സിലാക്കാൻ പറ്റിയില്ല. അവൾ എന്നെ നോക്കി ചിരിച്ചു, ഞാൻ അവളെയും. പത്തിൽ പഠിക്കുമ്പോൾ ധാവണി (ഹാഫ് സാരി) ധരിച്ചു വരാറുള്ള ആ പഴയ മൈമൂനയെ ഞാൻ മനസ്സിൽ കണ്ടു.
കഥാരചനയിൽ ഞാനായിരുന്നു എന്നും ഒന്നാം സ്ഥാനത്ത്. ഗാനാലാപനത്തിൽ ഒന്നാം സ്ഥാനം എന്നും മൈമൂനക്ക്യായിരുന്നു. ഡൂവെറ്റ് പാടുമ്പോൾ ഞങ്ങൾക്ക് രണ്ട് പേർക്കും. അതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനമാണ് സ്വപ്നങ്ങളെ എന്നത്. ഒരു പാട് പ്രാവശ്യം അന്നൊക്കെ അവൾ എനിക്ക് വേണ്ടി ആ പാട്ട് പാടാറുണ്ടായിരുന്നു.
'
സ്വപ്നങ്ങളെ എന്നുള്ള പാട്ട് ജബ്ബാറും മൈമൂനയും കൂടി പാടണം' സദസ്സിൽ നിന്നും കുറെ ആളുകൾ കൂടി ആവശ്യപെട്ടു.
'
അയ്യോ വേണ്ട അമ്പതു വർഷമായി ഞാൻ സദസ്സിൽ പാടിയിട്ടില്ല.' മൈമൂനയാണത് പറഞ്ഞത്.
ഞാൻ നിർബന്ധിച്ചപ്പോൾ മൈമൂന സ്റ്റെജിലെക്കു വന്നു. ഒരു ഇളംപച്ച സാരിയാണ് ഉടുത്തിരുന്നത്. അതിന്റെ അറ്റം തലയിൽ നിന്നും വീഴാതിരിക്കാനായി കൈ കൊണ്ട് പിടിച്ചിട്ടുണ്ടായിരുന്നു.
ഞങ്ങൾ പാടിതുടങ്ങി.

സ്വപ്‌നങ്ങൾ, സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ
നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമീലോകം
ദൈവങ്ങളില്ല, മനുഷ്യരില്ല - പിന്നെ ജീവിതചൈതന്യമില്ല
സൌന്ദര്യ സങ്കല്പശില്പങ്ങളില്ല സൌഗന്ധികപ്പൂക്കളില്ല
ഇന്ദ്രനീലം കൊണ്ട് മാനത്ത്തീർത്തൊരു ഗന്ധർവരാജാങ്കണത്തിൽ
ചന്ദ്രികപൊൻതാഴികകുടംചാർത്തുന്ന ഗന്ധർവരാജാങ്കണത്തിൽ
അപ്സരകന്യകൾ പെറ്റുവളർത്തുന്ന ചിത്രശലഭങ്ങൾ നിങ്ങൾ
സ്വർഗത്തിൽ നിന്നും വിരുന്നു വരാറുള്ള ചിത്രശലഭങ്ങൾ നിങ്ങൾ
ഞാനറിയാതെന്റെ മാനസജാലക വാതിൽ തുറക്കുന്നു നിങ്ങൾ
ശിൽപികൾ തീർത്ത ചുമരുകളില്ലാതെ ചിത്രമെഴുതുന്നു നിങ്ങൾ
ഏഴല്ലെഴുന്നൂറു വർണങ്ങളാലെത്ര വാർമഴവില്ലുകൾ തീർത്തു
കണ്ണുനീർ ചാലിച്ചെഴുതുന്നു വർണവിചാരങ്ങൾ നമ്മൾ

പാട്ട് പെട്ടെന്ന് തീർന്നത് പോലെ തോന്നി. സദസ്സിൽ കാതടപ്പിക്കുന്ന കരഘൊഷമായിരുന്നു. ഗൌരവം പിടിച്ച് എപ്പോഴും നടക്കാറുള്ള സ്കൂൾ ഹെഡ്മാസ്റ്റർ എഴുനേറ്റ് നിന്ന് കയ്യടിക്കുകയും അദ്ധേഹത്തിന്നു കിട്ടിയ പൂച്ചെണ്ട് ഞങ്ങൾക്ക് തരികയും ചെയ്തു.
അപ്പോൾ ഞാൻ ഞങ്ങളുടെ മരിച്ചു പോയ ഹെഡ്മാസ്റ്റരെ ഓർത്തു. എല്ലാ മാസത്തെയും ആദ്യത്തെ ശെനിയാഴ്ച ഒടുവിലെ പിരിഡ് ക്ലാസ് മീറ്റിംഗ് ആണ്. അച്ചടക്കം കൃത്യമായി നടപ്പാക്കുന്ന ഹെഡ്മാസ്റ്റെർ മീറ്റിംഗ് നടക്കുമ്പോൾ വരാന്തയിൽ കൂടി നടക്കും. ഞങ്ങൾ പെട്ടെന്ന് നിശബ്തരാവും. അപ്പോൾ ആ ഹെഡ് മാസ്റ്റെർ കൈ കൊണ്ട് ആങ്ക്യം കാണിക്കും. നിങ്ങൾ അടിച്ചു പൊളിച്ചോ എന്നാണു ആ ആങ്ക്യതിന്റെ അർഥം.
മീറ്റിംഗ് കഴിഞ്ഞപ്പോൾ ഭക്ഷണത്തിന്നായി പിരിഞ്ഞു. ഞാൻ മൈമൂനാട് ചോദിച്ചു. 'മൈന വെജ് ആണോ നോണ്‍വെജ് ആണോ?'
'
ഞാൻ നല്ല മട്ടൻബിരിയാണി കഴിക്കാൻ പോകുകയാ' എന്നായിരുന്നു അവളുടെ മറുപടി
'
പുറത്തു പോയാൽ വെജ് ആണ് കഴിക്കുക' എന്ന് ഞാനെന്റെ നയം വ്യക്തമാക്കി.
മൈമൂന മട്ടൻബിരിയാണി സെക്ഷനിലേക്ക് പോയി. ദാസനും ജോസും കൂടി എന്റെ അടുത്ത് വന്നു വീണ്ടും പാടി 'മാനസമൈനെ വരൂ, മധുരം നുള്ളി തരൂ'
ഞാൻ നോണ്‍വെജ് സെക്ഷനിലേക്ക് പോയി. മൈമൂനയുടെ അടുത്ത സീറ്റിൽ ചെന്നിരുന്നു.
'
അപ്പോൾ ജബ്ബാർ വെജ് കഴിക്കുന്നു എന്ന് പറഞ്ഞതോ?' അവളുടെ ചോദ്യം
'
അതെ, ഞാൻ അന്വേഷിച്ചു. ഈ ആട് പച്ചില മാത്രം തിന്നതാണ്' എന്നായിരുന്നു എന്റെ മറുപടി
അവൾ ചിരിച്ചു.
'
ജബ്ബാർ എന്ത് ചെയ്യുന്നു?'
'
ഞാൻ മൈനയുടെ കൂടെ ഭക്ഷണം കഴിക്കുന്നു.'
'
ജബ്ബാറിന്നു ഒരു മാറ്റവുമില്ല'
ഞങ്ങൾ പരസ്പരം കുടുംബചരിത്രങ്ങൾ കൈമാറി. എന്റെ അനുജൻ കല്യാണം കഴിച്ചവരുടെ ബന്ധക്കാരനാണ് മൈമൂനയുടെ ഭർത്താവ് സലിം.
'
നമ്മൾ തമ്മിൽ കണ്ടിട്ട് അമ്പതു വർഷമായി അല്ലെ?' നിശബ്ദതക്ക് ഞാൻ വിരാമമിട്ടു.
''
ഇല്ല, ജബ്ബാറിനെ ഞാൻ അഞ്ചു വർഷം മുമ്പ് പോക്കണംകൊടുള്ള ഒരു ഹാളിൽ കല്യാണത്തിൽ വെച്ച് കണ്ടു.'
'
സത്യത്തിൽ മൈനയെ ഞാൻ കണ്ടില്ല. അപ്പോൾ എന്നെ വിളിക്കാമായിരുന്നില്ലെ?'
'
ഞാൻ വന്നതായിരുന്നു. ജബ്ബാർ പെട്ടെന്ന് കാർ ഡ്രൈവ് ചെയ്തു പോയി.
'
ജബ്ബാറെ ഞാനൊരു കാര്യം ചോദിക്കട്ടെ. നമ്മുടെ സ്കൂളിന്റെ പേര് മാട്ടൂൽ സെന്റ്‌ ജോസെഫ്സ് ഹൈസ്കൂൾ എന്നല്ലേ? ഈ സ്ഥലം മാട്ടൂൽ അല്ലല്ലോ?'
'
അതെ. അത് ശെരിയാണ്. നമ്മുടെ ഈ സ്ഥലത്തിന്റെ പേര് മാട്ടുമ്മൽ എന്നാണ്. അത് ലോപിച്ചിട്ടാണ് മാട്ടൂൽ ആയതു. ശെരിയായ മാട്ടൂൽ കണ്ണൂർ ജില്ലയിലാണ്.'
എന്റെ അറിവ് പകർന്നു കൊടുത്തപ്പോൾ അവൾക്കു സന്തോഷമായി.
എനിക്ക് കാൾ വന്നു. എന്റെ ഭാര്യ ജഹനാരയാണ് വിളിച്ചത്. ആദ്യം തന്നെ ചോദിച്ചത് മൈമൂന എത്തിയോ എന്നാണു. ഞാൻ മൈമൂനാക്ക് ഫോണ്‍ കൊടുത്തു. കുറച്ചു നേരം അവർ സംസാരിച്ചു. ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു. 'ഇത്താക്ക് എന്നെ കാണണമത്രേ. എന്നെ ഒരു പാട് ഇഷ്ടമായെന്നും ഇത്ത പറഞ്ഞു. എനിക്കും ഇത്താനെ വളരെ ഇഷ്ടമാണ്.'
'
മൈനക്കെങ്ങിനെയാ ജഹനാര ഇത്തയാവുക? അവൾക്കു മൈനയെക്കാൾ ആറ് വയസ്സ് കുറവാണ്.'
'
ബഹുമാനം കൊണ്ട് വിളിച്ചതാണേ' എന്നായിരുന്നു അവളുടെ മറുപടി
ഞാനും അവളും ചിരിച്ചു.
'
ജബ്ബാറേ നമുക്ക് ആ പഴയ ക്ലാസ് റൂമിൽ പോകാം.'
ഞങ്ങൾ കിണറിന്നടുത്തുകൂടെ പഴയ ക്ലാസ് റൂമിൽ ചെന്നു.
'
വേനൽകാലത്ത് കിണറ്റിൽ വെള്ളം കുറയുമ്പോൾ എനിക്ക് ജബ്ബാർ ഒരു പാട് ബക്കറ്റ് വെള്ളം കൊരിത്തന്നത് ഓർമ വരുന്നു.' അവൾ പഴയകാലകാര്യങ്ങൾ അയവിറക്കി.
ക്ലാസ് റൂമിൽ എത്തിയപ്പോൾ ഞാൻ പറഞ്ഞു 'അന്ന് ഞാൻ മൈനയെ കൊണ്ട് എത്രയധികം ഇമ്പോശിഷ്യൻ എഴുതിപ്പിച്ചിട്ടുണ്ടെന്നോ. അത് ഓർമയില്ലേ?'
ഞങ്ങൾ ക്ലാസ് റൂമിൽ ഇരുന്നു.
അന്നത്തെ വിദ്യാലയജീവിതം മനോമുകുരത്തിൽ കണ്ടു. അന്ന് ഞങ്ങളെ പഠിപ്പിച്ച അധ്യാപകരിൽ ചിലർ മരണപ്പെട്ടു. അവർക്ക് നിത്യശാന്തിക്കായി ഒരു നിമിഷം പ്രാർഥിച്ചു.
മൈമൂനയുടെ സെൽഫോണ്‍ റിംഗ് ചെയ്തു.
അവൾ സംസാരിച്ചിട്ടു ഫോണ്‍ എന്റെ കയ്യിൽ തന്നു. അത് അവളുടെ ഭർത്താവ് സലിം ആയിരുന്നു.എന്നെ അവരുടെ വീട്ടിലേക്കു ക്ഷണിക്കുന്നതായിരുന്നു ആ കാൾ. ലീവ് കുറവായത് കൊണ്ട് ഇപ്പോൾ തന്നെ പോകാം എന്ന് തീരുമാനിച്ചു.
ഞാൻ കാറിൽ മൈമൂനായെയും കേറ്റി അവരുടെ വീട്ടിലേക്കു ഡ്രൈവ് ചെയ്തു.
അവിടെ സലീമും മക്കളും ഉണ്ടായിരുന്നു. ആദ്യമായി പരിചയപ്പെട്ടതിന്റെ സന്തോഷം രണ്ടു പേർക്കും. അരമണിക്കൂറിന്നു ശേഷം അവരെയെല്ലാം ഞാൻ എന്റെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് യാത്ര പറഞ്ഞിറങ്ങി.
കാർ ഗൈറ്റിന്റെ അടുത്തെത്തിയപ്പോൾ അവർ എന്റെ കയ്യിൽ ഒരു ഫയൽ തന്നു. ഞാനത് തുറന്നു നോക്കി. വളരെ വർഷം പഴക്കം തോന്നുന്ന ചില പേജുകൾ ലാമിനേറ്റ് ചെയ്തിരിക്കുന്നു. ഞാനതു തുറന്ന് നോക്കി.
'
പച്ചത്തട്ടം (ചെറുകഥ) by P.I. ജബ്ബാർ, Std 10 C'
അമ്പതു വർഷം മുമ്പ് സ്കൂൾ കയ്യെഴുത്ത് മാസികയിൽ ഞാൻ എഴുതിയ, സമ്മാനം കിട്ടിയ കഥയായിരുന്നു അത്.
------------------------------------------------
മേമ്പൊടി:
മറക്കാൻ പറയാനെന്തെളുപ്പം - മണ്ണിൽ
പിറക്കാതിരിക്കലാണതിലെളുപ്പം