Tuesday 14 February 2017

തെറ്റിദ്ധരിപ്പിക്കപ്പെടുന്ന മതം (കഥ)



തെറ്റിദ്ധരിപ്പിക്കപ്പെടുന്ന മതം (കഥ)
***************************
അന്നാട്ടിലെ ഏറ്റവും വലിയ പണക്കാരനായ എഴുപത്തഞ്ചു വയസ്സായ കുഞ്ഞാലൻ ഹാജി കാറിൽ യാത്ര ചെയ്യുകയാണ്. ഏഴു വിവാഹം കഴിക്കുകയും അതിൽ നാലെണ്ണതിനെ മൊഴി ചൊല്ലുകയും ചെയ്തു. ഹാജിയാർക്ക് ഡ്രൈവർ മാത്രമല്ല, സന്തതസഹചാരിയും എല്ലാം എല്ലാമാണ് ഡ്രൈവർ കാസിം. ഒരുദിവസം ഉൾനാടൻ ഗ്രാമങ്ങളിലൂടെ പോകുമ്പോളാണ് കാറിൽ നിന്നും ഒരു ശബ്ദം ഹാജിയാർ കേട്ടത്. ഹാജിയാർ കാസ്സിമിനോട് അത് ചോദിക്കുകയും ചെയ്തു 'എന്താണ് ഒരു ശബ്ദം കേട്ടത്?' എന്ന്.
'അത് ഞാൻ ഗിയർ മാറ്റിയതാ' എന്ന കാസിമിന്റെ മറുപടി കേട്ടപ്പോൾ കാറിനെ പറ്റി ചുക്കും ചുണ്ണാമ്പും അറിയാത്ത ഹാജിയാർ പറഞ്ഞത് 'ഞാനുള്ളപ്പോൾ നീ ഇതൊക്കെ മാറ്റും അല്ലെ? ഇക്കണക്കിന്നു ഞാനില്ലാത്തപ്പോൾ എന്തൊക്കെ നീ മാറ്റുന്നുണ്ടാവും' എന്നാണു. കാസിം ഹാജിയാരോട് വിവരം പറഞ്ഞു മനസ്സിലാക്കി.
1960 കാലഘട്ടത്തില്‍ ഇത്രയൊക്കെ അറിവല്ലേ അന്നുല്ലവര്‍ക്കുള്ളൂ.
കാർ കുറച്ചു ദൂരം ഓടിയപ്പോൾ പെട്ടെന്ന് നിന്നു. ഹാജിയാർ അതിന്റെ കാരണം അന്വേഷിച്ചു. കാറിന്റെ ബോണെറ്റ് തുറന്നു നോക്കിയിട്ട് കാസിം പറഞ്ഞു 'ഹാജിയാരെ റേഡിയെട്ടറിൽ വെള്ളം ഇല്ല'.
കാസിം വെള്ളം എടുക്കാൻ അടുത്ത വീട്ടിലേക്കു പോയി. ഹാജിയാർ പുറത്തിറങ്ങി ചുറ്റുപാടും ഒന്ന് വീക്ഷിച്ചു. എല്ലാം ഓലമേഞ്ഞ കുടിലുകൾ. ആ കുടിലുകളിൽ ഒന്നിന്റെ മുമ്പിൽ ഒരു പതിമൂന്ന് പതിനാലു വയസ്സായ പാവാടയും ബ്ലൗസും ഇട്ട ഒരു പെണ്‍കുട്ടി മാങ്ങ ചാടി പൊട്ടിക്കുന്നു. അവളുടെ ചാട്ടവും അവളേയും ഹാജിയാർക്ക് 'ക്ഷ' പിടിച്ചു.
വെള്ളവും കൊണ്ട് വരുന്ന കാസിം, ഹാജിയാരുടെ നോട്ടം കണ്ടപ്പോൾ വീണ്ടു തിരിച്ചു പോയി ആ പെണ്‍കുട്ടിയോട് എന്തോ സംസാരിച്ചു. തിരിച്ചു കാറിന്നടുത്തെത്തിയപ്പോൾ ആ പെണ്‍കുട്ടിയെ പറ്റി കാസിമിനൊദു അന്വേഷിച്ചു. 'ഹാജിയാർ ഇത് ചോദിക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഞാൻ തിരിച്ചു പോയി എല്ലാം അന്വേഷിച്ചു. ആ കുട്ടിയുടെ ഉപ്പ ഒരു കൂലിപ്പണിക്കാരനാണ്. ഇപ്പോൾ വീട്ടിൽ ഇല്ല. അവൾക്കു താഴെ മൂന്നു പെണ്‍കുട്ടികളുണ്ട്.' എന്ന മറുപടി കേട്ടപ്പോൾ ഹാജിയാരുടെ ചുണ്ടിൽ നിന്നും ഒരു ചെറിയ ചിരി വിടർന്നു.
'നീ പോയി ആ കുട്ടിയുടെ ഉപ്പ വന്നാൽ എന്റെ വീട്ടിൽ വരാൻ പറ'.
ഹാജിയാരുടെ നിർദേശം കാസിം നടപ്പാക്കി. കാർ സ്റ്റാർട്ട്‌ ചെയ്തു അവർ പോയി.
ആ പെണ്‍കുട്ടിയുടെ ഉപ്പ കരീം, ഹാജിയാരുടെ വീട്ടിൽ എത്തി. വിളിപ്പിച്ച വിവരം എന്താണെന്നറിയാതെ കരീം വിഷമിക്കുന്നുണ്ടായിരുന്നു. കരീമിനോട് ഇരിക്കാൻ ഹാജിയാർ പറഞ്ഞു. മുപ്പത്തഞ്ചു വയസ്സ് പ്രായക്കൂടുതലുള്ള ഹാജിയാരുടെ മുന്നിൽ ഇരിക്കാൻ കരീമിന് ഒരു വിഷമം. നിർബന്ധിച്ചപ്പോൾ കരീം സോഫയിൽ ഇരുന്നു. ഹാജിയാർ കരീമിനെ നന്നായി സൽകരിച്ചു. ഒടുവിൽ മുഖവുരയോന്നുമില്ലാതെ കാസിമാണ് പറഞ്ഞു. 'ഹാജിയാർക്ക് കരീമിന്റെ മകളെ നികാഹ് കഴിച്ചാൽ കൊള്ളാമെന്നുണ്ട്'
കുറച്ചു നേരത്തേക്ക് ഒന്നും പറയാനാവാത്ത അവസ്ഥയായിരുന്നു കരീമിന്ന്. ഒന്നും മറുപടി പറയാതായപ്പോൾ കാസിം കരീമിനോട് പറഞ്ഞു 'ഇഷ്ടമില്ലെങ്കിൽ വേണ്ട'.
'എനിക്ക് പെരുത്ത്‌ ഇഷ്ടമാ, പക്ഷെ.....'അത് പറഞ്ഞു കരീം നിറുത്തി.
'എന്താ പ്രശ്നം?' എന്ന കാസിമിന്റെ ചോദ്യത്തിന്നു തന്റെ കയ്യിൽ സ്ത്രീധനം ഒന്നും തരാനില്ല എന്ന് മാത്രമാണ് കരീം മറുപടി പറഞ്ഞത്.
'അതിന്നു ഞങ്ങൾ സ്ത്രീധനം ഒന്നും ചോദിച്ചില്ലല്ലോ? ഞങ്ങൾ നികാഹിന്റെ തലേദിവസം ഒരു നൂറ് പവൻ പണ്ടം അങ്ങോട്ട്‌ കൊടുത്തയക്കും. കല്യാണം വേണ്ട. നികാഹ് മതി.' ഹാജിയാരാണ്‌ അതിന്നു മറുപടി പറഞ്ഞത്. എന്നിട്ട് ഹാജിയാർ കൂട്ടിചേർത്തു 'ആലോചിച്ചു പറഞ്ഞാൽ മതി'.
വീട്ടിൽ ആലോചിച്ചിട്ട് പറയാമെന്നു കരീം പറഞ്ഞു.
ഈ സന്തോഷവാർത്ത വീട്ടിൽ പറയുക തന്നെ. കരീം സന്തോഷം കൊണ്ട് വീട്ടിലേക്കു പോയി.
ഈ സംസാരം വീടിന്റെ ഉള്ളിൽ നിന്നും ഇപ്പോഴുള്ള മൂന്നു ഭാര്യമാരും കേൾക്കുന്നുണ്ടായിരുന്നു. അവർക്ക് ഒന്നും പറയാൻ പറ്റില്ല. അവരും ഇത്തരത്തിൽ വന്നവരാണല്ലോ?
കുറച്ചു കഴിഞ്ഞപ്പോൾ സാമൂഹ്യപ്രവർത്തകനായ ജബ്ബാർ, ഹാജിയാരുടെ വീട്ടിൽ വന്നു.
'നിന്നോട് ഒരു സന്തോഷവർത്തമാനം പറയാനുണ്ട്. ഇപ്പോൾ തീരുമാനം എടുത്തുള്ളൂ. അതിനു ശേഷം നീയാണ് ആദ്യം വരുന്നത്'. വന്ന പാടെ ഹാജിയാർ പറഞ്ഞു.
'എന്താണ് ഹാജിയാരെ സന്തോഷവർത്തമാനം?' ജബ്ബാർ അന്വേഷിച്ചു.
'എന്റെ നിക്കാഹ് ഉറപ്പിച്ചു' സന്തോഷത്തോടെ ഹാജിയാർ പറഞ്ഞു
'ഇത് എത്രാമത്തെ നികാഹാണ് ?' ജബ്ബാറിന്റെ ചോദ്യം
'എട്ടാമത്തെ. അതിൽ അഞ്ചെണ്ണത്തിനെ ഞാൻ മൊഴി ചൊല്ലിയല്ലോ?'
ഏതാ പുതിയ മണവാട്ടി എന്ന ചോദ്യത്തിന്നു കാസിം ആണ് മറുപടി കൊടുത്തത് 'നമ്മുടെ മൂന്നു സെന്റിൽ താമസിക്കുന്ന കരീമിന്റെ മകൾ ഒരു ഹൂറിയുണ്ട്. അവളാണ്'
'അത് തെറ്റല്ലേ ഹാജിയാരെ?' ജബ്ബാറിന്റെ സംശയം.
'എന്ത് തെറ്റ്?' മറുപടി പറഞ്ഞത് കാസിമായിരുന്നു.
'ഹാജിയാരേക്കാളും എത്രയോ വയസ്സ് കുറവാണ് കരീംക്കാക്ക്. അത് കൂടാതെ ഇങ്ങിനെ ഇടക്കിടെ പെണ്ണ് കെട്ടുന്നത് ഇസ്ലാം മതത്തിൽ തെറ്റല്ലേ?'
'എന്ത് തെറ്റ്? നാല്പതു വരെ കല്യാണം കഴിക്കാമെന്നും ഒരേ സമയം നാല് ഭാര്യമാർ വരെ ആകുന്നതിന്നും വിരോധമില്ലെന്നും ഇസ്ലാം പറയുന്നുണ്ട്'
'അത് പ്രത്യേക സന്ദർഭങ്ങളിലാണ്. അല്ലാതെ കയ്യിൽ കാശുണ്ടെന്നു കരുതി എത്രയും കെട്ടാമെന്നല്ല. ഇവിടെ കാർ പാർക്ക് ചെയ്യാം എന്ന ഒരു ബോർഡ് കണ്ടാൽ അവിടെ കാർ പാർക്ക്‌ ചെയ്യണമെന്നു നിർബന്ധമുണ്ടോ? അത് പോലെയാണ് ഇതും'
'എടാ ജബ്ബാറേ നീ ഹജ്ജിന്നു പോയിട്ടുണ്ടോ?' കുറച്ചു രോക്ഷത്ത്തോടെ ഹാജിയാര്‍ ചോദിച്ചു.
'ഇല്ല'
'അതാണ്‌ നിനക്ക് വിവരമില്ലാത്തത്. എന്റെ കയ്യിൽ ഒരു പാട് പൈസ ഉള്ളത് കൊണ്ടാണ് ഞാൻ വീണ്ടും വിവാഹം കഴിക്കുന്നത്‌. അത് കൊണ്ട് എത്ര കുടുംബങ്ങളാണ് രക്ഷപ്പെടുന്നത് എന്നറിയോ നിനക്ക്?' ഹാജിയാര്‍ തന്റെ നയം വ്യക്തമാക്കി.
'ആ പൈസ കൊണ്ട് ചെറുപ്പക്കാരികളായ പാവപ്പെട്ട പെണ്‍കുട്ടികളെ ചെറുപ്പക്കാർക്ക് ഹാജിയാരുടെ ചിലവിൽ കല്യാണം നടത്തി കൊടുക്കണം. അതാണ്‌ ഇസ്ലാം പഠിപ്പിക്കുന്നത്‌. എന്നിട്ട് അവർക്ക് ജീവിക്കാനുള്ള തൊഴിലിനോ കച്ചവടത്തിന്നോ ഹാജിയാർ പണം കൊടുക്കണം'. ശെരിയായ വിവരം ജബ്ബാര്‍ പറഞ്ഞു.
'അതൊന്നും എന്നോട് പറയണ്ട'. ഹാജിയാര്‍ അല്ലെങ്കിലും അങ്ങിനെയാണ്.
'ഇതാണ് പ്രശ്നം. ഇന്ന് മുസ്ലിമീങ്ങളിൽ ചിലർ നടത്തുന്ന ബഹുഭാര്യതവും മൊഴി ചൊല്ലലും കാണുമ്പോൾ മറ്റുള്ള മതക്കാർ നമ്മെ ആ കാഴ്ച്ചപാടിലല്ലേ കാണൂ. ഇതാണ് ഇസ്ലാം മതം എന്ന് കരുതിയാൽ അവരെ കുറ്റം പറയാൻ പറ്റില്ലല്ലോ?'. ജബ്ബാര്‍ വിടാന്‍ ഭാവമില്ല.
കരീം വീട്ടിൽ വന്നു നടന്ന കാര്യങ്ങളെല്ലാം പറഞ്ഞു. വിവരം അറിഞ്ഞ കരീമിന്റെ മകൾ സീന കരച്ചിലോട് കരച്ചിൽ.
'ഉമ്മാ, ഉപ്പാട് എന്നെ ആ ഹാജിയാർക്ക് കെട്ടിച്ചു കൊടുക്കരുതെന്ന് പറ'. കരഞ്ഞു കൊണ്ട് ഉമ്മാട് സീന പറഞ്ഞു.
'മോളെ ഞാനെങ്ങിനാ അത് പറയ. ഉപ്പാടെ സ്വഭാവം മോൾക്ക്‌ അറിയൂലെ? നമ്മളെ ഉപ്പ കൊന്നു കളയും'. ഉമ്മ അവരുടെ നിസ്സാഹായാവസ്ഥ പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോള്‍ ജബ്ബാറും കരീമിന്റെ വീട്ടിൽ എത്തി. അവിടെയും ഈ സംഭവം തെറ്റാണെന്ന് കരീമിനെ പറഞ്ഞു മനസ്സിലാക്കി.
'മോനെ ജബ്ബാറേ എനിക്കിതറിയാണ്ടല്ല. പണമില്ലാത്തവരുടെ പ്രശ്നമാണിത്'. കരീംക്ക തന്റെ നിസ്സഹയാവസ്ഥ പറഞ്ഞു
'സ്ത്രീധനത്തിന്റെ വിഷയമാണോ? എങ്കിൽ അതില്ലാതെ കല്യാണം കഴിക്കാവുന്ന ഒരു പാട് ചെറുപ്പക്കാർ ഇന്നുണ്ട്'. ജബ്ബാറിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ കരീം ഇങ്ങിനെയാണ്‌ ചോദിച്ചത്.
'നീ ഒരാളെ പറ'
'ഒരു പാട് ആളുണ്ട്, എന്റെ ഉപ്പ സമ്മതിക്കുകയാണെങ്കിൽ ഞാനുമുണ്ട്. ഉപ്പയും ഈ സ്ത്രീധനതിന്നു എതിരാണ്'
ആ ചെറുപ്പക്കാരന്റെ ധീരമായ. ഉപ്പാനെ ബഹുമാനിക്കുന്ന അഭിപ്രായം കേട്ടപ്പോൾ കരീമിന്നും ഭാര്യക്കും മകൾക്കും ഇഷ്ടമായി.'
'പക്ഷെ ഒരു കാര്യമുണ്ട്. എനിക്ക് കോടാനുകോടി രൂപയുടെ സ്വത്തോ ബാങ്ക് ബാലൻസോ ഇല്ല. ഒരു ചെറിയ കട മാത്രം.' ജബ്ബാര്‍ എല്ലാം തുറന്നു പറഞ്ഞു.
ആ കോടിയെക്കാൾ വിലമതിക്കുന്ന ഒരു മനസ്സുണ്ടല്ലോ എന്ന് പറയാൻ തോന്നിയിട്ടുണ്ടാവും അകത്തുള്ള കരീമിന്റെ മകൾക്ക്.
ജബ്ബാറിന്റെ ഉപ്പാക്ക് ഈ കല്യാണം ആയിരം വട്ടം സമ്മതമായിരുന്നു.
കല്ല്യാണം ക്ഷണിക്കാന്‍ ജബ്ബാറിന്റെ ഉപ്പയാണ് ഹാജിയാരുടെ വീട്ടിലേക്ക് പോയത്.
ഹാജി അദ്ധേഹത്തെ സ്വീകരിച്ചിട്ടു പറഞ്ഞു 'എന്റെ കണ്ണ് തുറപ്പിച്ചത് ജബ്ബാറാണ്. നമ്മുടെ മുസ്ലീങ്ങളിൽ ചിലർ ചെയ്യുന്ന ഇത്തരം കാര്യങ്ങൾ ഇസ്ലാമിൽപെട്ടതല്ലെന്ന് എനിക്കിപ്പോൾ മനസ്സിലായി'
----------------------------------------------------
മേമ്പൊടി:
ഇസ്ലാമിനെ പറ്റി അറിയാത്തവരെ, ഇസ്ലാം നാമധാരികളിൽ ചിലർ ചെയ്യുന്നതല്ല യഥാര്ത ഇസ്ലാം. എളുപ്പവഴിക്ക് ക്രിയ ചെയ്യാനാണ് എല്ലാവരുടേയും താല്പര്യം.
<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

No comments:

Post a Comment