Saturday 28 January 2017

ചാവക്കാട്ടുകാർ എന്റെ സ്വന്തം (അനുഭവം)

ചാവക്കാട്ടുകാർ എന്റെ സ്വന്തം (അനുഭവം)

ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ നടന്ന സംഭവമാണ്. ഞാൻ അബൂദാബിയിൽ അൽഹാമെലി ട്രേഡിംഗ് & ജനറൽ ട്രാൻസ്പോർട്ട് കമ്പനിയിൽ (എന്ത് കമ്പനി? ഒരു സ്പയർ പാർട്സ് കട) സെയിൽസ്മേനായി ജോലി നോക്കുന്ന കാലം. ഓൾഡ്‌ എയർപോർട്ട്‌ റോഡിൽ ഗ്രാൻഡ്‌ മോസ്ക്കിന്നടുത്തു, മെയിൻ പോസ്റ്റ്‌ ഓഫീസ്സിന്നു മുമ്പിലായിരുന്നു ആ ഷോപ്പ്. അന്ന് ഞാൻ താമസിച്ചിരുന്നത് ദാഇറത്തുൽമിയ എന്ന സ്ഥലത്താണ്. ദാഇറത്തുൽമിയ ഭാഗത്ത്‌ അറബികളുടെ വീടുകളുടെ സിറ്റിംഗ് ഹാൾ വിദേശികൾക്ക് വാടകയ്ക്ക് കൊടുക്കുന്നതിൽ ഒന്നിലായിരുന്നു എന്റെ താമസം. നടന്ന് പോകാവുന്ന ദൂരമേയുള്ളുവെങ്കിലും ഞാനൊരു വാഹനം വാങ്ങി. ഇന്നത്തെ മെർസിഡസ് ബെൻസിനേക്കാൾ എനിക്കിഷ്ടപ്പെട്ട വാഹനം - സാധാരണ സൈക്കിൾ. അല്ലെങ്കിലും സൈക്കിൾ ഞങ്ങളുടെ തറവാടിന്റെ ട്രേഡ്മാർക്കാണല്ലോ?.
ജോലിക്ക് വരുന്നതും പോകുന്നതും ഗ്രാൻഡ്‌ മോസ്ക്കിന്നടുത്തു കൂടിയാണ്. നല്ല പൂഴിമണൽ. സൈക്കിൾ ഓടിക്കുന്നത്, ജനങ്ങൾ നടന്ന് നടന്ന് പോയി ഉറച്ച നടവഴിയിലൂടെയാണ്. റൂമിൽ ഉള്ളവരിൽ അധികപേരും ചാവക്കാട്, ബ്ലാങ്ങാട്, കടപ്പുറം വെളിച്ചെണ്ണപടി ഭാഗത്തുള്ളവരാണ്. സൈക്കിൾ ചവുട്ടി കുറെ കറങ്ങുന്നത് വലിയ ഇഷ്ടമായിരുന്നു.
അന്നെനിക്ക് 19 വയസ്സ് പ്രായം. റൂമിലുള്ള എട്ട് പത്ത് പേരിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ ഞാനായിരുന്നു. അവരിൽ ഒരാളൊഴിച്ച് ബാക്കിയെല്ലാവർക്കും പ്രാഥമീകവിദ്യാഭ്യാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ, അതൊരു വലിയ പക്ഷേയാണ്. വിദ്യാഭ്യാസം കുറവാണെങ്കിലും മറ്റുള്ളവരെ സഹായിക്കുന്ന കാര്യത്തിൽ, സംസ്കാരത്തിന്റെ കാര്യത്തിൽ അവർ മുമ്പന്തിയിലാണ്. കടലിലെ തിരമാലകൾ കരയെ സ്നേഹം കൊണ്ട് വാരിപ്പുണരുന്നത് പോലെ ചാവക്കാട്ടുകാർ, മലപ്പുറത്തുകാർ മറ്റുള്ളവരെ സ്നേഹിക്കും. എന്ന് കരുതി മറ്റു ജില്ലക്കാര്‍ സഹായിക്കില്ല എന്നല്ല.
ഞങ്ങളുടെ റൂമിലുള്ള വ്യക്തിയെപറ്റിയാണ് ഈ അനുഭവലേഖനത്തിന്റെ ആദ്യഭാഗത്ത് ഞാൻ എഴുതാൻ ഉദ്ദേശിക്കുന്നത്.
തത്കാലം അദ്ധേഹത്തെ നമുക്ക് മോനുട്ടി എന്ന് വിളിക്കാം (അതല്ല ശെരിയായ പേര്). മോനുട്ടി സുന്ദരനാണ്, വിദ്യാഭ്യാസം ഉള്ളവനാണ്, തമാശകൾ പറയുന്നവനാണ്. സ്വതവേ മൂപ്പരൊരു പ്രത്യേക സ്വഭാവക്കാരനാണ്. അനാചാരങ്ങളിലും അനാവശ്യമായ ചിട്ടകളിലും എതിർപ്പുള്ളയാൾ.
മോനുട്ടി ലീവിന്നു നാട്ടിലേക്ക്. പുരനിറഞ്ഞു നിൽകുന്ന മോനുട്ടി നല്ലൊരു മൊഞ്ചത്തി പെണ്ണിനെ ഗുരുവായൂര് നിന്നും വിവാഹം കഴിച്ചു.
കല്യാണരാത്രിയിൽ ആരൊക്കെയോ മൊഞ്ചത്തി സുലുവിനെ മണിയറയിലേക്ക് തള്ളിവിട്ടു.
മോനുട്ടി സുലുവിനെ കട്ടിലിൽ നിർബന്ധിച്ചിരുത്തി. സംസാരം ആരംഭിച്ചു.
'നോക്കൂ, സുലൂ, നമുക്കെല്ലാം തുറന്ന് സംസാരിക്കാം. ഇവിടെ ഞാൻ ചെയ്യേണ്ട ചിട്ടകൾ എന്തൊക്കെയാണ്?'. വളച്ചു കെട്ടില്ലാതെ, മുഖവുരയില്ലാതെ മോനുട്ടി ചോദിച്ചു.
'അതൊന്നും സാരമില്ല, ഇത്തരം കാര്യങ്ങളൊന്നും ഇശ്റ്റ്മില്ലാത്ത ആളാണ്‌ ങ്ങള് എന്നറിയാം' സുലു നയം വ്യക്തമാക്കി.
'ശെരിയാണ്. പക്ഷെ ഇവിടെ ഞാനത് മറ്റൊന്ന് ഉദ്ദേശിച്ചാണ്'. മോനുട്ടി ചോദ്യം ആവർത്തിച്ചു.
'ന്റുമ്മാക്കും പെറ്റമ്മാക്കും ന്റുപ്പാക്കും കിട്ടേണ്ടത് ഞാനെങ്ങനാ ങ്ങളോട് പറയ?' സുലുവിന്റെ സംസാരത്തിൽ നിസ്സഹായാവസ്ഥ
'അത് സാരമില്ല, യ്യ് പറഞ്ഞോ'. മോനുട്ടി പ്രോത്സാഹിപ്പിച്ചു.
'ന്റെ കാര്യം ഞാമ്പറയൂല. പശ്ശെ, മൂത്തുമ്മാടെ റുക്കൂന്റെ പുയ്യാപ്പ്ള റുക്കൂന്റെ ഉമ്മാക്ക് കുളിക്കാൻ 201 കട്ട സോപ്പ് കൊടുത്തു. മ്മക്ക് 101 കൊടുത്താൽ മതി. പിന്നെ കോന്തലക്കൽ കെട്ടാൻ 2001 റുപ്പിയ കൊടുത്തു. മ്മക്ക് 1001 റുപ്പിയ കൊടുത്താൽ മതി. പിന്നെ പെറ്റമ്മാക്ക് മുറുക്കാന് 1001 റുപ്പിയ കൊടുത്തു. മ്മക്ക് 501 കൊടുത്താൽ മതി. പിന്നെ ആങ്ങളക്ക് കേമറ കൂടാതെ 3001 രൂപ കൊടുത്തു. മ്മക്ക് 2001 റുപ്പിയ മാത്രം കൊടുത്താൽ മതി. ഈ പറഞ്ഞതൊന്നും ങ്ങള് കൊടുത്തില്ലെങ്കിലും വെശമമില്ല'. സുലു പറഞ്ഞു നിർത്തി.
'അത് വേണ്ട. ഒന്നും കുറക്കേണ്ട.' ഇതായിരുന്നു മോനുട്ടിയുടെ തീരുമാനം.
'ഇവിടെ പറമ്പ് കിളക്കുന്ന ജോലിക്കാർക്ക് എത്രയാണ് ദിവസം കൂലി?' എന്തോ ഉദ്ദേശിച്ചു മോനുട്ടി ചോദിച്ചു.
'കയിഞ്ഞ മാസം വരെ പതിനെയ്‌ റുപ്പിയ. ഇപ്പൊ ഇരുപതായി. റുക്കൂനെ കെട്ടിച്ചൊടത്ത് പതിനഞ്ഞാണ്. കാരണം ഇവിടെ മിനി ഗൾഫ്‌ ആണല്ലോ?'
പിറ്റേന്ന് കാലത്ത് കുളിയെല്ലാം കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ കുഞ്ഞളിയൻ വന്ന് വിളിച്ചു. 'എനിക്ക് ഭക്ഷണം വേണ്ട മോനെ, വയറിനു സുഖമില്ല'. എന്ന് മോനുട്ടി കുഞ്ഞളിയനോട് പറഞ്ഞു. വിവരം അറിഞ്ഞ അമ്മായിയുമ്മ മരുമകന്റെ അടുത്തെത്തി.
'അമ്മായി ഞാൻ ആലോചിച്ചു. ഇവിടെ കുളിക്കാൻ 201 കട്ട സോപ്പ്, കോന്തലക്കൽ കെട്ടാൻ 2001 രൂപ, മുറുക്കാൻ 1001 രൂപ തുടങ്ങിയത് ആലോചിക്കുമ്പോൾ ഇനി ഭക്ഷണത്തിന്റെ ബില്ല് എത്രയാവുമോ എന്തോ?'
മോനുട്ടിയെ പറ്റി അവർക്കെല്ലാം അറിയാവുന്നത് കൊണ്ട് അവർ ചിരിച്ചതേയുള്ളൂ.
ആ വിവാഹത്തിന്നു എന്ന് മാത്രമല്ല ആ വീട്ടിൽ പിന്നീട് നടന്ന ഒരു കല്യാണത്തിന്നും ഇത്തരം മാമൂലുകൾ ഉണ്ടായില്ല.
ഒരാഴ്ച കഴിഞ്ഞപ്പോൾ അമ്മോശൻ മോനുട്ടിയോട് പറഞ്ഞു. 'മോനെ, ഞങ്ങൾ നിങ്ങളുടെ അടുക്കള കാണാൻ വരുന്നുണ്ട്. ഉപ്പയുമായി ആലോചിച്ച് ദിവസം അറിയീക്കണം'.
'അയ്യോ വേണ്ട മാമ, അടുക്കള പൊളിച്ചിട്ടിരിക്കയാണ്. അത് കൊണ്ട് അടുക്കള കാണാൻ വരേണ്ട'. മോനുട്ടി നയം വ്യക്തമാക്കി.
അടുക്കള കാണാൻ വരുന്നത് മോനുട്ടിക്ക് ലാഭമാണെങ്കിലും മോനുട്ടി സ്വന്തം ആശയത്തിൽ ഉറച്ചു നിന്നു.
ഒരു ദിവസം മോനുട്ടി സുലുവിനോട് ചോദിച്ചു. 'നമുക്കൊരു സിനിമക്ക് പോയാലോ?'
'അള്ളോ ഞാനില്ല, ഉപ്പ അറിഞ്ഞാൽ കൊന്നു കളയും. ഞങ്ങളൊക്കെ ഒരു സിനിമയെ കണ്ടിട്ടുള്ളൂ. കുട്ടിക്കുപ്പായം എന്ന സിനിമ. അതിൽ മണത്തല നേർച്ച കാണിക്കുന്നുണ്ട്. അതിലെ ബഹദൂർക്കാടെ തമാശ പോലെയാണ് ങ്ങടെ തമാശ'. സുലു അത് പറഞ്ഞു ചിരിച്ചു.
'അത് സാരമില്ല, നീ റെഡിയായ്ക്കോ. നമുക്ക് ചാവക്കാട് സെലീനയിൽ കുട്ടിക്കുപ്പായം എന്ന സിനിമ ഒന്ന് കൂടെ കാണാം'. അവൾക്കു സന്തോഷമായി.
സുലുവിന്റെ മണിമാളികയുടെ മുമ്പിൽ പാടമാണ്. ടാറിടാത്ത പഞ്ചായത്ത് റോഡിൽനിന്നും പാടത്ത് കൂടെ സുലുവിന്റെ വീട്ടിലേക്ക് റോഡുണ്ട്‌.
വല്ലപ്പോഴും പോകുന്ന അംബാസടർ കാർ അത് വഴി വരുമ്പോഴൊക്കെ വീട്ടുകാർ റോഡിലേക്ക് നോക്കും. അന്നൊക്കെ അംബാസ്സടർ കാറല്ലേയുള്ളൂ. കുറച്ച് കഴിഞ്ഞപ്പോൾ ഒരു കാളവണ്ടി സുലുവിന്റെ വീട് ലക്ഷ്യമാക്കി വന്നു. അത് സുലു കണ്ടു. ഒരു പക്ഷെ അടുത്ത വീട്ടിലേക്കാവും എന്നവൾ കരുതി. പക്ഷെ, ആ കാളവണ്ടി സുലുവിന്റെ വീട്ടിലേക്കാണ് വന്നത്.
മോനുട്ടി സുലുവിനോട് കാളവണ്ടിയിൽ കയറിയിരിക്കാൻ പറഞ്ഞു. കുറച്ചു വിഷമിച്ചിട്ടാണെങ്കിലും മോനുട്ടിയെ പറ്റി അറിയാവുന്നത് കൊണ്ട് കയറിയിരുന്നു. അന്നൊക്കെ അതൊരു സംസാരവിഷയമായിരുന്നു, പേർഷ്യക്കാരൻ പുയ്യാപ്പ്ള കാളവണ്ടിയിൽ സിനിമക്ക് പോയത്.
****************************
>>>> മോനുട്ടിയുടെ ജീവിതകഥ എന്നോട് 1970കളിൽ പറഞ്ഞപ്പോൾ ഒരിക്കൽ പോലും അതൊരു ലേഖനമാക്കി എഴുതുമെന്നു ഞാൻ കരുതിയില്ല. അതിനു നിമിത്തമായത് "എന്റെ സ്വൊന്തം ചാവക്കാട്" എന്ന ഗ്രൂപ്പ് ആണ്. നാല് വർഷത്തോളം ഞാൻ മോനുട്ടിയുടെ കൂടെ താമസിച്ചു. പിന്നീട് ജോലി മാറി അകലെ പോകേണ്ടിവന്നു. ഇതൊക്കെ അന്ന് കേട്ടപ്പോൾ ഞാൻ പ്രാർഥിച്ചു. എന്റെ കല്യാണം കഴിഞ്ഞു കുട്ടികളുണ്ടായാൽ ചാവക്കാടെക്ക്‌ കല്യാണം കഴിച്ചു കൊടുക്കാൻ ഇടവരുത്തല്ലേ ബദരീങ്ങളെ എന്ന്.
എന്റെ കല്യാണം കഴിഞ്ഞു കുട്ടികളുണ്ടായി. എന്റെ പെണ്‍മക്കളെ കല്യാണം കഴിച്ചു കൊടുത്തത് ചാവക്കാട് (അണ്ടത്തോട് & കടിക്കാട്‌) ആണ്. എന്റെ മകന്‍ വിവാഹം കഴിച്ചത് ചാവക്കാട് തൊഴിയൂര്‍ നിന്നാണ്. പക്ഷെ, ഞാനും എന്റെ മരുമക്കളും അവരുടെ വീട്ടുകാരും മോനുട്ടി സ്വഭാവക്കാരാണ്. ഞാനന്ന് അല്ലാഹുവിനോട് നേരിട്ട് പ്രാർഥിക്കാഞത് ഭാഗ്യം. എങ്കിൽ അല്ലാഹു എന്റെ പ്രാർത്ഥന സ്വീകരിക്കുമായിരുന്നു. അങ്ങിനെ പ്രാര്‍ഥിച്ചിരുന്നുവെങ്കില്‍ ഇത്തരത്തിലുള്ള നല്ല ചാവക്കാട്ടുകാരുമായുള്ള ബന്ധം ഉണ്ടാവുമായിരുന്നില്ല
>>>>

<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>

Wednesday 25 January 2017

പച്ചത്തട്ടം (കഥ)

പച്ചത്തട്ടം (കഥ)
അമ്പതു വർഷം മുമ്പ് പത്താം ക്ലാസ്സ്‌ പാസ്സായവരുടെ സംഗമം നടക്കുന്നു, പങ്കെടുക്കണം എന്ന് മെയിൽ കിട്ടിയപ്പോൾ പെട്ടെന്ന് ലീവ് സംഘടിപ്പിച്ചു ഗൾഫിൽ നിന്നും ഞാൻ നാട്ടിലെത്തി.
ഒരു പാട് ജോലിത്തിരക്കുകൾ മാറ്റി വെച്ച് മീറ്റിംഗ് തുടങ്ങാറാവുമ്പോഴെക്കും സ്കൂളിൽ ഞാനെത്തി. രെജിസ്ട്രേഷൻ കവുണ്ടറിൽ ഉണ്ടായിരുന്ന ജോസ് എന്നെ കണ്ടപ്പോൾ ഒരു പാട്ട് പാടി : 'മാനസമൈനേ വരൂ, മധുരം നുള്ളിത്തരൂ'
ഞാൻ ചിരിച്ചു. സദസ്സിൽ ചെന്നു ആദ്യം കണ്ട സീറ്റിൽ ഇരുന്നു. ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. മഹാഭൂരിപക്ഷം ആളുകളെയും അമ്പത് വർഷത്തിന്നു ശേഷം ആദ്യമായി കാണുകയാണ്. ആരെയും മനസ്സിലാകുന്നില്ല. പക്ഷെ ഞാൻ അന്വേഷിച്ചത് അവളെയായിരുന്നു. എന്റെ മൈനയെ.
അപ്പോഴാണ്‌ സംഘാടകനായ രവി വന്നു എന്നോട് പറഞ്ഞത് 'ജബ്ബാർ, ഒരു ആശംസാപ്രസംഗം നടത്തണം.' സന്തോഷത്തോടെ ഞാനത് സ്വീകരിച്ചു.
സ്വാഗതപ്രസംഗവും അദ്ധ്യക്ഷ പ്രസംഗവും ഉദ്ഘാടന പ്രസംഗവും കഴിഞ്ഞപ്പോൾ അദ്ധ്യക്ഷൻ എന്നെ ക്ഷണിച്ചു.
'
അടുത്തതായി ഈ സ്കൂളിലെ സാaഹിത്യകാരനായ ജബ്ബാറിനെ ആശംസാപ്രസംഗത്തിന്നു ക്ഷണിക്കുന്നു.'
സ്റ്റെജിൽ കയറിയപ്പോൾ ഏതോ ഒരു കുട്ടി ഒരു പൂച്ചെണ്ട് തന്നു. തനിക്കേറ്റവും ഇഷ്ടമുള്ള റോസാപ്പൂവ്.
ഞാൻ എന്തൊക്കെയോ പ്രസംഗിച്ചു. പ്രസംഗിക്കുമ്പോഴും എന്റെ കണ്ണുകൾ സദസ്സിൽ എല്ലായിടത്തും പരതി, എന്റെ മൈനയെ കാണാൻ.
പ്രസംഗം കഴിഞ്ഞപ്പോൾ എല്ലാവരും കയ്യടിച്ചു. എല്ലാവരുടെയും കയ്യടി കഴിഞ്ഞപ്പോഴും ഒരു സ്ത്രീ മാത്രം പിന്നേയും കയ്യടിച്ചു കൊണ്ടിരുന്നു.
അദ്ധ്യക്ഷൻ മൈക്കിലൂടെ പറഞ്ഞു 'മൈമൂന, മതി കയ്യടിച്ചത്.'
അത് അവളായിരുന്നു, എന്റെ മൈന.
ഞാനവളെ സൂക്ഷിച്ചു നോക്കി ഒരു പാട് മാറ്റം വന്നിരിക്കുന്നു. ആ മുഖത്ത് എന്ത് വികാരമായിരുന്നു എന്ന് മനസ്സിലാക്കാൻ പറ്റിയില്ല. അവൾ എന്നെ നോക്കി ചിരിച്ചു, ഞാൻ അവളെയും. പത്തിൽ പഠിക്കുമ്പോൾ ധാവണി (ഹാഫ് സാരി) ധരിച്ചു വരാറുള്ള ആ പഴയ മൈമൂനയെ ഞാൻ മനസ്സിൽ കണ്ടു.
കഥാരചനയിൽ ഞാനായിരുന്നു എന്നും ഒന്നാം സ്ഥാനത്ത്. ഗാനാലാപനത്തിൽ ഒന്നാം സ്ഥാനം എന്നും മൈമൂനക്ക്യായിരുന്നു. ഡൂവെറ്റ് പാടുമ്പോൾ ഞങ്ങൾക്ക് രണ്ട് പേർക്കും. അതിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ട ഗാനമാണ് സ്വപ്നങ്ങളെ എന്നത്. ഒരു പാട് പ്രാവശ്യം അന്നൊക്കെ അവൾ എനിക്ക് വേണ്ടി ആ പാട്ട് പാടാറുണ്ടായിരുന്നു.
'
സ്വപ്നങ്ങളെ എന്നുള്ള പാട്ട് ജബ്ബാറും മൈമൂനയും കൂടി പാടണം' സദസ്സിൽ നിന്നും കുറെ ആളുകൾ കൂടി ആവശ്യപെട്ടു.
'
അയ്യോ വേണ്ട അമ്പതു വർഷമായി ഞാൻ സദസ്സിൽ പാടിയിട്ടില്ല.' മൈമൂനയാണത് പറഞ്ഞത്.
ഞാൻ നിർബന്ധിച്ചപ്പോൾ മൈമൂന സ്റ്റെജിലെക്കു വന്നു. ഒരു ഇളംപച്ച സാരിയാണ് ഉടുത്തിരുന്നത്. അതിന്റെ അറ്റം തലയിൽ നിന്നും വീഴാതിരിക്കാനായി കൈ കൊണ്ട് പിടിച്ചിട്ടുണ്ടായിരുന്നു.
ഞങ്ങൾ പാടിതുടങ്ങി.

സ്വപ്‌നങ്ങൾ, സ്വപ്നങ്ങളെ നിങ്ങൾ സ്വർഗ്ഗകുമാരികളല്ലോ
നിങ്ങളീ ഭൂമിയിൽ ഇല്ലായിരുന്നെങ്കിൽ നിശ്ചലം ശൂന്യമീലോകം
ദൈവങ്ങളില്ല, മനുഷ്യരില്ല - പിന്നെ ജീവിതചൈതന്യമില്ല
സൌന്ദര്യ സങ്കല്പശില്പങ്ങളില്ല സൌഗന്ധികപ്പൂക്കളില്ല
ഇന്ദ്രനീലം കൊണ്ട് മാനത്ത്തീർത്തൊരു ഗന്ധർവരാജാങ്കണത്തിൽ
ചന്ദ്രികപൊൻതാഴികകുടംചാർത്തുന്ന ഗന്ധർവരാജാങ്കണത്തിൽ
അപ്സരകന്യകൾ പെറ്റുവളർത്തുന്ന ചിത്രശലഭങ്ങൾ നിങ്ങൾ
സ്വർഗത്തിൽ നിന്നും വിരുന്നു വരാറുള്ള ചിത്രശലഭങ്ങൾ നിങ്ങൾ
ഞാനറിയാതെന്റെ മാനസജാലക വാതിൽ തുറക്കുന്നു നിങ്ങൾ
ശിൽപികൾ തീർത്ത ചുമരുകളില്ലാതെ ചിത്രമെഴുതുന്നു നിങ്ങൾ
ഏഴല്ലെഴുന്നൂറു വർണങ്ങളാലെത്ര വാർമഴവില്ലുകൾ തീർത്തു
കണ്ണുനീർ ചാലിച്ചെഴുതുന്നു വർണവിചാരങ്ങൾ നമ്മൾ

പാട്ട് പെട്ടെന്ന് തീർന്നത് പോലെ തോന്നി. സദസ്സിൽ കാതടപ്പിക്കുന്ന കരഘൊഷമായിരുന്നു. ഗൌരവം പിടിച്ച് എപ്പോഴും നടക്കാറുള്ള സ്കൂൾ ഹെഡ്മാസ്റ്റർ എഴുനേറ്റ് നിന്ന് കയ്യടിക്കുകയും അദ്ധേഹത്തിന്നു കിട്ടിയ പൂച്ചെണ്ട് ഞങ്ങൾക്ക് തരികയും ചെയ്തു.
അപ്പോൾ ഞാൻ ഞങ്ങളുടെ മരിച്ചു പോയ ഹെഡ്മാസ്റ്റരെ ഓർത്തു. എല്ലാ മാസത്തെയും ആദ്യത്തെ ശെനിയാഴ്ച ഒടുവിലെ പിരിഡ് ക്ലാസ് മീറ്റിംഗ് ആണ്. അച്ചടക്കം കൃത്യമായി നടപ്പാക്കുന്ന ഹെഡ്മാസ്റ്റെർ മീറ്റിംഗ് നടക്കുമ്പോൾ വരാന്തയിൽ കൂടി നടക്കും. ഞങ്ങൾ പെട്ടെന്ന് നിശബ്തരാവും. അപ്പോൾ ആ ഹെഡ് മാസ്റ്റെർ കൈ കൊണ്ട് ആങ്ക്യം കാണിക്കും. നിങ്ങൾ അടിച്ചു പൊളിച്ചോ എന്നാണു ആ ആങ്ക്യതിന്റെ അർഥം.
മീറ്റിംഗ് കഴിഞ്ഞപ്പോൾ ഭക്ഷണത്തിന്നായി പിരിഞ്ഞു. ഞാൻ മൈമൂനാട് ചോദിച്ചു. 'മൈന വെജ് ആണോ നോണ്‍വെജ് ആണോ?'
'
ഞാൻ നല്ല മട്ടൻബിരിയാണി കഴിക്കാൻ പോകുകയാ' എന്നായിരുന്നു അവളുടെ മറുപടി
'
പുറത്തു പോയാൽ വെജ് ആണ് കഴിക്കുക' എന്ന് ഞാനെന്റെ നയം വ്യക്തമാക്കി.
മൈമൂന മട്ടൻബിരിയാണി സെക്ഷനിലേക്ക് പോയി. ദാസനും ജോസും കൂടി എന്റെ അടുത്ത് വന്നു വീണ്ടും പാടി 'മാനസമൈനെ വരൂ, മധുരം നുള്ളി തരൂ'
ഞാൻ നോണ്‍വെജ് സെക്ഷനിലേക്ക് പോയി. മൈമൂനയുടെ അടുത്ത സീറ്റിൽ ചെന്നിരുന്നു.
'
അപ്പോൾ ജബ്ബാർ വെജ് കഴിക്കുന്നു എന്ന് പറഞ്ഞതോ?' അവളുടെ ചോദ്യം
'
അതെ, ഞാൻ അന്വേഷിച്ചു. ഈ ആട് പച്ചില മാത്രം തിന്നതാണ്' എന്നായിരുന്നു എന്റെ മറുപടി
അവൾ ചിരിച്ചു.
'
ജബ്ബാർ എന്ത് ചെയ്യുന്നു?'
'
ഞാൻ മൈനയുടെ കൂടെ ഭക്ഷണം കഴിക്കുന്നു.'
'
ജബ്ബാറിന്നു ഒരു മാറ്റവുമില്ല'
ഞങ്ങൾ പരസ്പരം കുടുംബചരിത്രങ്ങൾ കൈമാറി. എന്റെ അനുജൻ കല്യാണം കഴിച്ചവരുടെ ബന്ധക്കാരനാണ് മൈമൂനയുടെ ഭർത്താവ് സലിം.
'
നമ്മൾ തമ്മിൽ കണ്ടിട്ട് അമ്പതു വർഷമായി അല്ലെ?' നിശബ്ദതക്ക് ഞാൻ വിരാമമിട്ടു.
''
ഇല്ല, ജബ്ബാറിനെ ഞാൻ അഞ്ചു വർഷം മുമ്പ് പോക്കണംകൊടുള്ള ഒരു ഹാളിൽ കല്യാണത്തിൽ വെച്ച് കണ്ടു.'
'
സത്യത്തിൽ മൈനയെ ഞാൻ കണ്ടില്ല. അപ്പോൾ എന്നെ വിളിക്കാമായിരുന്നില്ലെ?'
'
ഞാൻ വന്നതായിരുന്നു. ജബ്ബാർ പെട്ടെന്ന് കാർ ഡ്രൈവ് ചെയ്തു പോയി.
'
ജബ്ബാറെ ഞാനൊരു കാര്യം ചോദിക്കട്ടെ. നമ്മുടെ സ്കൂളിന്റെ പേര് മാട്ടൂൽ സെന്റ്‌ ജോസെഫ്സ് ഹൈസ്കൂൾ എന്നല്ലേ? ഈ സ്ഥലം മാട്ടൂൽ അല്ലല്ലോ?'
'
അതെ. അത് ശെരിയാണ്. നമ്മുടെ ഈ സ്ഥലത്തിന്റെ പേര് മാട്ടുമ്മൽ എന്നാണ്. അത് ലോപിച്ചിട്ടാണ് മാട്ടൂൽ ആയതു. ശെരിയായ മാട്ടൂൽ കണ്ണൂർ ജില്ലയിലാണ്.'
എന്റെ അറിവ് പകർന്നു കൊടുത്തപ്പോൾ അവൾക്കു സന്തോഷമായി.
എനിക്ക് കാൾ വന്നു. എന്റെ ഭാര്യ ജഹനാരയാണ് വിളിച്ചത്. ആദ്യം തന്നെ ചോദിച്ചത് മൈമൂന എത്തിയോ എന്നാണു. ഞാൻ മൈമൂനാക്ക് ഫോണ്‍ കൊടുത്തു. കുറച്ചു നേരം അവർ സംസാരിച്ചു. ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു എന്റെ കയ്യിൽ തന്നിട്ട് പറഞ്ഞു. 'ഇത്താക്ക് എന്നെ കാണണമത്രേ. എന്നെ ഒരു പാട് ഇഷ്ടമായെന്നും ഇത്ത പറഞ്ഞു. എനിക്കും ഇത്താനെ വളരെ ഇഷ്ടമാണ്.'
'
മൈനക്കെങ്ങിനെയാ ജഹനാര ഇത്തയാവുക? അവൾക്കു മൈനയെക്കാൾ ആറ് വയസ്സ് കുറവാണ്.'
'
ബഹുമാനം കൊണ്ട് വിളിച്ചതാണേ' എന്നായിരുന്നു അവളുടെ മറുപടി
ഞാനും അവളും ചിരിച്ചു.
'
ജബ്ബാറേ നമുക്ക് ആ പഴയ ക്ലാസ് റൂമിൽ പോകാം.'
ഞങ്ങൾ കിണറിന്നടുത്തുകൂടെ പഴയ ക്ലാസ് റൂമിൽ ചെന്നു.
'
വേനൽകാലത്ത് കിണറ്റിൽ വെള്ളം കുറയുമ്പോൾ എനിക്ക് ജബ്ബാർ ഒരു പാട് ബക്കറ്റ് വെള്ളം കൊരിത്തന്നത് ഓർമ വരുന്നു.' അവൾ പഴയകാലകാര്യങ്ങൾ അയവിറക്കി.
ക്ലാസ് റൂമിൽ എത്തിയപ്പോൾ ഞാൻ പറഞ്ഞു 'അന്ന് ഞാൻ മൈനയെ കൊണ്ട് എത്രയധികം ഇമ്പോശിഷ്യൻ എഴുതിപ്പിച്ചിട്ടുണ്ടെന്നോ. അത് ഓർമയില്ലേ?'
ഞങ്ങൾ ക്ലാസ് റൂമിൽ ഇരുന്നു.
അന്നത്തെ വിദ്യാലയജീവിതം മനോമുകുരത്തിൽ കണ്ടു. അന്ന് ഞങ്ങളെ പഠിപ്പിച്ച അധ്യാപകരിൽ ചിലർ മരണപ്പെട്ടു. അവർക്ക് നിത്യശാന്തിക്കായി ഒരു നിമിഷം പ്രാർഥിച്ചു.
മൈമൂനയുടെ സെൽഫോണ്‍ റിംഗ് ചെയ്തു.
അവൾ സംസാരിച്ചിട്ടു ഫോണ്‍ എന്റെ കയ്യിൽ തന്നു. അത് അവളുടെ ഭർത്താവ് സലിം ആയിരുന്നു.എന്നെ അവരുടെ വീട്ടിലേക്കു ക്ഷണിക്കുന്നതായിരുന്നു ആ കാൾ. ലീവ് കുറവായത് കൊണ്ട് ഇപ്പോൾ തന്നെ പോകാം എന്ന് തീരുമാനിച്ചു.
ഞാൻ കാറിൽ മൈമൂനായെയും കേറ്റി അവരുടെ വീട്ടിലേക്കു ഡ്രൈവ് ചെയ്തു.
അവിടെ സലീമും മക്കളും ഉണ്ടായിരുന്നു. ആദ്യമായി പരിചയപ്പെട്ടതിന്റെ സന്തോഷം രണ്ടു പേർക്കും. അരമണിക്കൂറിന്നു ശേഷം അവരെയെല്ലാം ഞാൻ എന്റെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ട് യാത്ര പറഞ്ഞിറങ്ങി.
കാർ ഗൈറ്റിന്റെ അടുത്തെത്തിയപ്പോൾ അവർ എന്റെ കയ്യിൽ ഒരു ഫയൽ തന്നു. ഞാനത് തുറന്നു നോക്കി. വളരെ വർഷം പഴക്കം തോന്നുന്ന ചില പേജുകൾ ലാമിനേറ്റ് ചെയ്തിരിക്കുന്നു. ഞാനതു തുറന്ന് നോക്കി.
'
പച്ചത്തട്ടം (ചെറുകഥ) by P.I. ജബ്ബാർ, Std 10 C'
അമ്പതു വർഷം മുമ്പ് സ്കൂൾ കയ്യെഴുത്ത് മാസികയിൽ ഞാൻ എഴുതിയ, സമ്മാനം കിട്ടിയ കഥയായിരുന്നു അത്.
------------------------------------------------
മേമ്പൊടി:
മറക്കാൻ പറയാനെന്തെളുപ്പം - മണ്ണിൽ
പിറക്കാതിരിക്കലാണതിലെളുപ്പം



Monday 16 January 2017

എന്റെ ലണ്ടന്‍ സന്ദര്‍ശനം (യാത്രാവിവരണം)

എന്റെ ലണ്ടന്‍ സന്ദര്‍ശനം (യാത്രാവിവരണം)

അബൂദാബിയിലുള്ളപ്പോൾ ലണ്ടനിൽ പോകാൻ എനിക്കൊരാഗ്രഹം തോന്നി. ഞാൻ ജനിക്കുന്നതിന്നു മുമ്പാണെങ്കിലും നമ്മെ ഭരിച്ച, സൂര്യൻ അസ്തമിക്കാത്ത രാജ്യം ആയിരുന്ന, ആ രാജഭരണം ഇപ്പോഴും നടക്കുന്ന യുണൈറ്റട് കിങ്ങ്ഡം കാണുന്നത് ഒരു പ്രത്യേക സുഖം ആണല്ലോ? അങ്ങിനെ ഞാൻ അബൂദാബിയിലെ ബ്രിട്ടീഷ്‌ എംബസ്സിയിൽ ചെന്ന് ഫോറം പൂരിപ്പിച്ചു കൊടുത്തു. പിറ്റേന്ന് എന്നെ വിളിച്ചു ഇന്റർവ്യൂവിന്നു ചെല്ലാൻ ആവശ്യപ്പെട്ടു. വിവരം അറിയീക്കാം എന്ന് കോണ്‍സുൽ പറഞ്ഞു. അന്ന് തന്നെ വൈകീട്ട് എന്നെ വിളിച്ചു വിസ സ്റ്റാമ്പ്‌ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞു.
എന്റെ കഷ്ടകാലം എന്നല്ലാതെ എന്ത് പറയാൻ. പനിയുടെ ലക്ഷണം ആരംഭിച്ചു. പനിയും കൊണ്ട് ലണ്ടനിൽ പോകാൻ പറ്റത്തില്ല. അവിടെ ഭയങ്കര തണുപ്പാണല്ലോ? തന്നെയുമല്ല, യാത്രയും മറ്റും - ഒരു സുഖവും ഉണ്ടാവത്തില്ല.
ഞാൻ അബുദാബി മെയിൻ ഹോസ്പിറ്റലിൽ ചെന്നു. അവിടെയുണ്ടായിരുന്ന മലയാളി നേഴ്നിനോട് ഞാൻ ഡോക്ടറെ കാണാൻ അനുവാദം ചോദിച്ചു. മലയാളികളോട് അറബിയിലും അറബികളോട് ഇംഗ്ലീഷിലും സംസാരിക്കുന്ന ആ നെഴ്സ് ശെരിയല്ലാത്ത അറബിയിൽ പറഞ്ഞു 'അലാൻ മാഫി. ബാദ് താൽ' ഇപ്പൊ ഇല്ല, പിന്നെ വരാൻ ആണ് ആ നെഴ്സ് ഉദ്ദേശിച്ചതെന്നു എനിക്ക് മനസ്സിലായി. ഒരു പാട് നല്ല, ഫ്ലോറന്‍സ് നൈറ്റിംഗലിനെ പോലെയുള്ള മാലാഖമാരായ നെഴ്സ്മാർ ഉണ്ട് എന്ന് എനിക്കറിയാം. എന്നാൽ ഇത്തരത്തിലുള്ള വിരലിലെണ്ണാവുന്ന ചിലർ മതിയല്ലോ നല്ലവരുടെ കൂടി പേര് ചീത്തയാക്കാൻ. ഞാൻ വീണ്ടും മലയാളത്തിൽ പറഞ്ഞിട്ടും അവർ അകത്തു പോകാൻ എന്നെ അനുവദിച്ചില്ല. അന്ന് OP ഇല്ലാത്തതാണത്രേ കാരണം. ഞാൻ സംസാരിക്കുന്നത് കണ്ടപ്പോൾ അന്ന് എമർജൻസി ഡ്യൂട്ടി ഉണ്ടായിരുന്ന ഡോക്ടർ സിസിലി വന്നു അകത്തേക്ക് വിളിച്ചു കൊണ്ട് പോകുകയും കുറച്ചു ആന്റിബയോടിക് മരുന്നുകൾ തരികയും ചെയ്തു. ഈ ഡോക്ടര് സിസിലിയെ വിവാഹം കഴിച്ചിരിക്കുന്നത് ക്രിസ്തീയ മതത്തിൽ പെട്ട ഒരു ഗ്രൂപ്പ് ആയ ഓർത്തഡോൿസൊ പ്രൊട്ടെസ്റ്റെന്റൊ വിഭാഗത്തിൽ പെട്ട ഒരു പാതിരി ആണ്. ആ വിഭാഗത്തിൽ പെട്ട അച്ചൻമാര്ക്ക് വിവാഹം കഴിക്കുന്നതിന്നു വിരോധമില്ല. ഇത് തന്നെയാണ് ബ്രിട്ടനിൽ കൂടുതലുള്ള ആംഗ്ലിക്കൻ ചർച്ച് വിഭാഗക്കാര്‍ക്കും പാതിരിമാർക്കു വിവാഹം കഴിക്കുന്നതിന്നു വിരോധമില്ലെന്നാണ് എന്റെ അറിവ്.
അന്ന് രാത്രി അസുഖം മാറി. അൽഹംദുലില്ല (ദൈവത്തിന് നന്ദി).
പിറ്റേന്ന് ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിയെഴു ഏപ്രിൽ പന്ത്രണ്ടിന്നു ലണ്ടനിലേക്ക് പറക്കാൻ അബുദാബി എയർപോർട്ടിലേക്ക് ചെന്നു. അബുദാബിയിൽ നിന്ന് ബഹറയിനിലേക്ക് ഫ്ലൈറ്റ് പുറപ്പെട്ടു. ബഹറയനിൽ നിന്ന് അമ്പതു മിനിട്ടിന്നു ശേഷം നേരെ ലണ്ടനിലേക്ക്. മണിക്കൂറുകൾക്ക് ശേഷം ഫ്ലൈറ്റ് ലണ്ടൻ ഹീത്രോ എയർപോർട്ടിൽ സുരക്ഷിതമായി ലാൻഡ്‌ ചെയ്തു. എന്റെ ആതിഥേയൻ ഡോക്ടർ അസീസ്‌ റദവാൻ എന്ന ബ്രിട്ടീഷ്‌ പൌരത്വമുള്ള ഈജിപ്ത്യൻ എന്നെ കാത്തു ഹീത്രോ എയര്‍പോര്‍ട്ടില്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
ഞങ്ങൾ ഡോക്ടർ താമസിക്കുന്ന EAST FINCHELY എന്ന സ്ഥലത്തേക്ക് പോയി. ഡോക്ടറുടെ വില്ല ഒരു സൈലന്റ് സ്ഥലത്തായിരുന്നു. അന്ന് എനിക്ക് ഒഫീഷ്യൽ പ്രോഗ്രാം ഉണ്ടായിരുന്നില്ല. എല്ലാ സ്ഥലത്തും ഞാൻ ചെന്നാൽ ചെയ്യുന്നത് പോലെ പട്ടണം കാണാൻ പോകാം എന്ന് തീരുമാനിച്ചു. ഇന്ത്യയിലെ പോലെ ലണ്ടനിലും റൈറ്റ് ഹാൻഡ്‌ ഡ്രൈവിംഗ് ആണ്. ഗൾഫിലും അമേരിക്കയിലും ലെഫ്റ്റ് ഹാൻഡ്‌ ഡ്രൈവിംഗ് ആണല്ലോ? പക്ഷെ ഗൾഫിൽ ഒരു പാട് ഡ്രൈവിംഗ് ചെയ്തിട്ടുണ്ടെങ്കിലും ലണ്ടനിൽ ഡ്രൈവ് ചെയ്യാൻ കുറച്ചു പേടി ഉണ്ടായിരുന്നു. പക്ഷെ കുറച്ചു സമയം ഡ്രൈവ് ചെയ്തപ്പോൾ ആ പേടി മാറി.
അന്ന് തന്നെ ഈസ്റ്റ്‌ ഫിഞ്ചെലിയിലുള്ള ബ്രിട്ടീഷ്‌ റെയിൽ ഓഫീസിൽ പോയി ഒരു ആഴ്ച്ചക്കുള്ള സീസണ്‍ ടിക്കറ്റ്‌ എടുത്തു. അവർ തന്ന നമ്പർ F8346. എവിടെയും ഫാൻസി നമ്പർ ചോദിക്കുന്ന ഞാൻ അവിടെ മാത്രം മറന്നു പോയി.
പിന്നെ അന്ന് രാത്രി വരെ ബ്രിട്ടീഷ്‌ അണ്ടർഗ്രൌണ്ട് റെയിൽവെയിൽ അങ്ങോട്ടും ഇങ്ങോട്ടും യാത്ര. ഭൂമിയുടെ അടിയിലൂടെയാണ് ട്രെയിൻ ഓടുന്നതും റെയിൽ സ്റ്റെഷനും. സ്റ്റെഷനിൽ നിന്നും പുറത്തിറങ്ങിയാൽ ഒന്നുകിൽ സ്റ്റെയർ വഴിയോ അല്ലെങ്കിൽ ലിഫ്റ്റ്‌ വഴിയോ മുകളിൽ ചെല്ലാം എല്ലാ അണ്ടർഗ്രൌണ്ട് സ്റ്റേഷൻ ഉള്ള സ്ഥലത്തിലെ റോഡിന്റെ അടുത്ത് UNDERGROUND എന്ന ബോർഡ്‌ കാണാം.
അന്ന് വൈകീട്ട് ഞാൻ ലണ്ടനിലെ Piccadelly Circus എന്ന സ്ഥലത്തേക്ക് പോയി. Piccadelly Circus എന്നത് ഒരു സ്ഥലത്തിന്റെ പേരാണ്. അല്ലാതെ സര്‍ക്കസ് അല്ല. അവിടെ ബ്രിട്ടീഷുകാരല്ലത്ത രണ്ടു ഗുണ്ടകൾ വന്നു എന്നോട് പണം ആവശ്യപ്പെട്ടു. ഞാൻ പേടിച്ചു പിന്തിരിഞ്ഞോടി. അവരും എന്റെ പിന്നാലെ വന്നു. വഴിയിൽ കണ്ട ഒരു പോലീസുകാരനോട്‌ ഞാൻ വിഷയം പറഞ്ഞു. 'You escape immediately' എന്നാണ് അദ്ദേഹം പറഞ്ഞത്. ഞാൻ ഓടി അതിന്റെ അടുത്തുള്ള Oxford Circus എന്ന സ്റ്റേഷനിൽ എത്തി. അണ്ടർഗ്രൗണ്ടിൽ ഉള്ള ആദ്യം കണ്ട ട്രെയിനിൽ കയറി. ടിക്കറ്റ്‌ എടുക്കേണ്ട ആവശ്യമില്ലല്ല്ലോ. പാസ് ഉണ്ടല്ലോ. എങ്ങൊട്ടെക്കാണ് പോകുന്നത് എന്ന് പോലും നോക്കിയില്ല രക്ഷപ്പെടുക. അത്ര മാത്രം.
പിന്നെ അന്ന് വേറെ ഒരുത്തിലും പോകാൻ മൂഡ്‌ ഉണ്ടായിരുന്നില്ല. പിറ്റേന്ന് ലണ്ടനിൽ നിന്ന് ഇരുന്നൂറു കിലോ മീറ്റർ (ഏകദേശം 125 മൈൽസ്. ലണ്ടനിൽ മൈൽ സിസ്റ്റം ആണ്) ദൂരമുള്ള Worcester എന്ന സ്ഥലത്തേക്ക് പോയി. ഡോക്ടറും ഞാനും മാറി മാറി വണ്ടി ഓടിച്ചു. അവിടെ GROUP 4 എന്ന കമ്പനിയിലെ ഒഫീഷ്യൽ മീറ്റിംഗ്. അവിടെ മീറ്റിംഗ് കഴിഞ്ഞപ്പോൾ വൈകീട്ട് മൂന്നു മണി ആയി. തിരിച്ചു ലണ്ടനിലേക്ക് ഓക്സ്ഫോർഡ് വഴി. അന്ന് യൂണിവേഴ്സിറ്റി സന്ദര്ശിക്കാൻ പറ്റി.
പിറ്റേന്ന് ലണ്ടനിലെ സിസ്റ്റം ഇന്സ്ട്രുമെന്റെഷൻ കമ്പനി കാണാൻ പോയി. അവിടെ എല്ലാ തരത്തിലുള്ള സെക്യൂരിറ്റി സിസ്റ്റെംസ് നിര്‍മിക്കുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു സന്ദര്‍ശനമായിരുന്നത്. ഞാൻ ഒരു മുസ്ലിം ആണെന്ന് കണ്ടപ്പോൾ അവർ എനിക്കൊരു ഗിഫ്റ്റ് തന്നു. ഒരു കാളിംഗ് ബെൽ-കം-ക്ലോക്ക്. അതിന്റെ പ്രത്യേകത, കണ്ടാൽ ഒരു ക്ലോക്ക്. ഫ്രന്റ് ഭാഗം രണ്ടു സൈഡിലും പള്ളിയുടെ മിനാരങ്ങൾ. അതിന്റെ പിന്നിൽ ബാറ്റെരി ഇടാവുന്ന സ്ഥലം. അവിടെ നിന്ന് വയർ വഴി നമ്മുടെ വീടിന്റെ പുറത്ത് ഫിറ്റ്‌ ചെയ്യാനുള്ള ഒരു സ്വിച്ച്. ആ സ്വിച്ചും ഒരു അറബിക് സ്റ്റൈൽ. ബെൽ അമർത്തുമ്പോൾ 'അസ്സലാമുഅലൈക്കും' എന്ന് പറയും. അതിന് ശേഷം ഒരു പാട് എലെക്ട്രോണിക്ക് എക്സിബിഷൻ സന്ദർശിച്ചു. അതിന്നിടയിൽ ബക്കിങ്ങ്ഹാം പാലസ്സിൽ ഗാർഡ് മാറുന്ന ഗംഭീര പരിപാടി കാണാൻ കഴിഞ്ഞു. ഗാര്‍ഡ് മാറുന്ന പരിപാടി കാണാന്‍ ലണ്ടനില്‍ നിന്നും മറ്റു യുണൈറ്റട് കിങ്ങ്ഡമില്‍ നിന്ന് മാത്രമല്ല മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും സന്ദര്‍ഷകന്മാര്‍ വരാറുണ്ട്. കൂട്ടത്തിൽ ലണ്ടൻ മൂസിയം, തേംസ് നദിയിലൂടെയുള്ള യാത്ര എല്ലാം നടത്തി. അന്ന് രാത്രി ഒരു മൊറോക്കൻ റസ്റ്റോറന്റില്‍ അത്താഴവിരുന്നു.
ഒരാഴ്ച്ച ലണ്ടന്‍ ഏകദേശം കറങ്ങാന്‍ പറ്റി. ലണ്ടനില്‍ നിന്നാണ് "ലണ്ടനിലെ പ്രേതം" എന്ന കഥ എഴുതാന്‍ കഴിഞ്ഞത്. പിന്നീട് ഒരു പാട് പ്രാവശ്യം ലണ്ടന്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞെങ്കിലും ആദ്യം പോയ യാത്രയും താമസവും ഒരിക്കലും മറക്കാന്‍ കഴിയില്ല. ലണ്ടനിലെ പല സ്ഥലത്തും യാചകന്മാരെ കാണാന്‍ കഴിഞ്ഞു.
തിരിച്ചു പോകേണ്ട ദിവസമായി. ലഗ്ഗേജ് എല്ലാം റെഡിയാക്കി. ഡോക്ടറോട് നന്ദി പറയാൻ തുടങ്ങി. ഞാൻ അറബിയിൽ പറഞ്ഞു 'യാ ദക്തൂർ അന മാ നസ്സീത്തക്കും ദാഇമൻ (ഡോക്ടറെ, ഞാൻ ഒരിക്കലും ഡോക്ടറെ മറക്കൂല)'
'അതിനെന്താ ഷെരീഫെ അബുദാബിയിൽ ഞാൻ വന്നപ്പോൾ ഷെരീഫും കുറെ കഷ്ടപ്പെട്ടില്ലേ' എന്ന ഡോക്ടറുടെ മറുപടി കേട്ടപ്പോൾ എനിക്ക് സന്തോഷമായി. ഉപകാരം ചെയ്‌താൽ ഓർക്കുന്നവരും ഈ ലോകത്ത് ഉണ്ടെന്നു മനസ്സിലായി.
പിറ്റേന്ന് ഡോക്ടർ എന്നെ ഹീത്രോ എയർപോര്‍ട്ടിലേക്ക് എത്തിച്ചു. അദ്ധേഹത്തെ പിരിയുമ്പോൾ സത്യത്തിൽ ഒരു കുടുംബാംഗത്തെ പിരിയുന്ന പോലെ. തിരിച്ചു വന്നത് ഫ്രാന്‍സിലെ പാരീസ് വഴിയായിരുന്നു. അവിടെ ഒരു പകല്‍ ഉണ്ടായിരുന്നു. അവിടെ ഞാനൊരു കാര്യം മനസ്സിലാക്കി. കോളേജില്‍ പഠിക്കുന്നവര്‍ പോലും നാം ചോദിക്കുന്ന കാര്യങ്ങള്‍ക്ക് മറുപടി തരുന്നത് മഹാ ഭൂരിപക്ഷവും ഫ്രഞ്ച് ഭാഷയില്‍ ആയിരുന്നു. പിന്നീടാണ് എനിക്കതിന്റെ രഹസ്യം പിടികിട്ടിയത്. അവര്‍ക്ക് അവരുടെ മാതൃഭാഷയോട് അത്രയധികം ഇഷ്ടമാണ് എന്ന്. ബ്രിട്ടീഷ് എയര്‍വെയ്സില്‍ ഞാനൊരു കാര്യം ശ്രദ്ധിച്ചു. നമ്മെ അടക്കി ഭരിച്ചവര്‍ ആയിരുന്നു ബ്രിട്ടീഷുകാര്‍ എങ്കിലും ഫ്ലൈറ്റില്‍ നല്ലൊരു പെരുമാറ്റം ആണ് കണ്ടത്. രാത്രി എട്ടിന്നു അബുദാബിയിൽ എത്തി.

Saturday 14 January 2017

പുനർജന്മം (കഥ)

പുനർജന്മം (കഥ)

അത്യാധൂനികമായ മൾടിസ്പെഷാലിറ്റി ഹോസ്പിറ്റലിന്റെ ഉടമസ്ഥനാണ് ഡോക്ടർ റെഫീക്ക് എന്ന ഞാൻ. ഒരു പാട് ബിരുദവും ബിരുദാനന്തര ബിരുദവും നേടാൻ കഴിഞ്ഞു. എന്റെ ഭാര്യ സാറയും ഡോക്ടർ തന്നെയാണ്. ഇതേ ഹോസ്പിറ്റലിൽ തന്നെ ജോലിയെടുക്കുന്നു. നല്ല കൈപ്പുണ്ണ്യമുള്ള ഡോക്ടർമാർ എന്ന് ജനങ്ങൾ പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്. പാവപ്പെട്ട രോഗികളിൽ നിന്നും ഫീസ്‌ വാങ്ങില്ലെന്ന് മാത്രമല്ല, മരുന്നുകൾ പോലും സൗജന്യമായി കൊടുക്കും. സൗജന്യ ചികിത്സക്കായി ഈ ഹോസ്പിറ്റലിൽ ഒരു ചിൽട്രെൻസ് വാര്ഡ് പോലും ഉണ്ട്. ഇത് എഴുതിയത് ഞങ്ങളെ സ്വയം പുകഴ്ത്താനോ ഞങ്ങൾ ചെയ്യുന്നത് ജനങ്ങളെ അറിയീക്കാനോ അല്ല, പ്രത്യുത ഞങ്ങളുടെ ജീവിതത്തിന്റെ ഒരംശം അറിയീക്കാനും ആതുരസേവനം ദൈവകൃപയാണെന്ന് അറിയീക്കാനും ആണ്.
സാധാരണ പോലെ അന്നും ഞാൻ വാർഡിൽ റൌണ്ടിന്ന് ഇറങ്ങി. രോഗികളെ പരിശോധിച്ച് കൊണ്ടിരിക്കുകയാണ്. അങ്ങിനെ ഒരു വളരെ പ്രായമുള്ള ഒരു രോഗിയുടെ അടുത്തെത്തി. മെഡിക്കൽ ചാർട്ട് പരിശോധിച്ചപ്പോൾ മനസ്സിൽ ഒരു സംശയം. അദ്ധേഹത്തിന്റെ പേര് ചാർട്ടിൽ നോക്കി. അബ്ദുൽകാദെർ. മനസ്സിൽ ഒരു പാട് സംശയങ്ങൾ വന്നു. അദ്ധേഹത്തിന്റെ ബന്ധക്കാർ എവിടെയെന്ന് അന്വേഷിച്ചു. ആരും ഇല്ലെന്നും ഒരു സാമൂഹ്യസംഘടനയാണ് ഇവിടെ അഡ്മിറ്റ്‌ ചെയ്തത് എന്നും കൂടെയുള്ള നേഴ്സ് പറഞ്ഞു.
അദ്ധേഹത്തോട്‌ വിശദമായി കാര്യങ്ങൾ അന്വേഷിച്ചു. ജലപാനം പോലും വായിലൂടെ ഇറക്കാൻ പറ്റാത്ത ഗുരുതരമായ അസുഖമാണ് അദ്ധേഹത്തിന്റെത്. അദ്ധേഹത്തിന്റെ പേരും വിലാസവും ചോദിച്ചറിഞ്ഞപ്പോൾ കയ്യിലിരുന്ന സ്റ്റെതസ്കോപ് അറിയാതെ താഴെ വീണു.
അദ്ധേഹത്തെ പരിശോധിച്ച് മരുന്നുകൾ എഴുതി നേഴ്സിന്റെ കയ്യിൽ കൊടുത്തിട്ട് മരുന്നിന്റെ പൈസ വാങ്ങേണ്ടെന്നും അദ്ധേഹത്തിന്നു വേണ്ട എല്ലാ ചിലവുകളും ചെയ്യാനും കൂടാതെ ഒരു പരിചാരകനെ എർപ്പാടാക്കാനും നിർദേശിച്ചു.
പരിശോധനകൾ കഴിഞ്ഞു റൂമിൽ വന്നു. കൂടെ നേഴ്സും.
'എന്താ ഡോക്ടർ, ആ രോഗിയെ പരിശോധിച്ചപ്പോൾ ഡോക്ടർക്ക്‌ ഒരു മന:പ്രയാസം?' നേഴ്സിന്റെ ചോദ്യം.
'ഓ. ഒന്നുമില്ല'. എന്ന് പറഞ്ഞു സന്തോഷവാനാകാൻ ഞാൻ ശ്രമിച്ചു.
'അതല്ല ഡോക്ടർ. എന്തോ ഉണ്ട്' എന്ന നേഴ്സിന്റെ മറുപടിയും എന്റെ ഭാര്യ ഡോക്ടർ സാറയുടെ കടന്ന് വരവും ഒന്നിച്ചായിരുന്നു.
'ആ രോഗിയെ പരിശോധിച്ചപ്പോൾ വിഷമിച്ചു എന്ന് മറ്റു രോഗികൾ എന്നോട് പറഞ്ഞു. എന്താണ് ഇക്ക കാര്യം?'
എന്റെ ഭാര്യ എന്നോട് ചോദിച്ചു
'സാറാ, അതാരെണെന്ന് മനസ്സിലായോ?' ഒന്ന് നിറുത്തികൊണ്ട് പറഞ്ഞു 'അതാണ്‌ എനിക്ക് ജന്മം നൽകിയ എന്റെ വാപ്പ'
'ഇക്കാനെ വളരെയധികം ഉപദ്രവിച്ച.........'
ഇടയിൽ കയറി ഞാൻ പറഞ്ഞു. അത് എന്നെ ഓര്മാപ്പെടുത്തരുത്. please leave me alone'
ആത് കേട്ടപ്പോൾ എന്റെ ഭാര്യയും നേഴ്സും പുറത്തു പോയി.
ഞാൻ ആലോചിക്കുകയായിരുന്നു, ആ കാലത്തെ പറ്റി.
എന്റെ വാപ്പ, അബ്ദുൽ കാദെർ. എന്നോട് നല്ല സ്നേഹമായിരുന്നു. പക്ഷെ, എന്റെ ഉമ്മാടെ മരണശേഷം വാപ്പ രണ്ടാമത് വിവാഹം കഴിച്ചു. ആ സ്ത്രീയുടെയും രണ്ടാം വിവാഹമായിരുന്നത്. ആ സ്ത്രീക്ക് ആദ്യത്തെ വിവാഹത്തിൽ ഒരു ആണ്‍കുട്ടിയുണ്ടായിരുന്നു. എനിക്കന്നു അഞ്ചു വയസ്സ് പ്രായം. ഞാൻ കുഞ്ഞുമ്മ എന്ന് വിളിച്ചിരുന്ന ആ സ്ത്രീയും ആ സ്ത്രീയുടെ വാക്ക് കേട്ട് വാപ്പയും എന്നെ ഒരു പാട് ഉപദ്രവിച്ചിട്ടുണ്ടായിരുന്നു. ഒരു പാട് മർദനങ്ങൾ എനിക്ക് ഏൽക്കേണ്ടി വന്നു. പലദിവസങ്ങളും എനിക്ക് പട്ടിണിയായിരുന്നു. വിശന്നുകരഞ്ഞു തളർന്നു ഞാൻ ഉറങ്ങിയിട്ടുണ്ട്. കരച്ചിൽ പുറത്തുള്ളവർ കേൾക്കാതിരിക്കാൻ വാപ്പ എന്റെ വായിൽ തുണി തിരുകാറുണ്ട്.
അങ്ങിനെയിരിക്കെ ഒരിക്കൽ വിശന്നിട്ടു സഹിക്കാതെ വന്നപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന ഒരു റൊട്ടി തിന്നതിന്റെ പേരിൽ അവർ എന്നെ ചട്ടുകം പഴുപ്പിച്ച് ശരീരത്തിൽ വെച്ചു. എന്തോ എന്റെ ശബ്ദം കേട്ട് നാട്ടുകാർ വന്ന് എന്നെ രക്ഷപ്പെടുത്തി ഹോസ്പിറ്റലിൽ ആക്കി. വാപ്പയെ കോടതി ശിക്ഷിച്ചു ജയിലിലാക്കി.
'ഡോക്ടർ, ആ രോഗിക്ക് അസുഖം കൂടുതലാണ്'. നേഴ്സിന്റെ ശബ്ദമാണ് ചിന്തയിൽ നിന്ന് ഉണർത്തിയത്.
എന്റെ ചരിത്രം അദ്ധേഹത്തെ അറിയീക്കെണ്ടെന്നു ഭാര്യയോടും നേഴ്സിനോടും പറഞ്ഞു. അത് ഒരു പക്ഷെ അദ്ധേഹതിന്നു മാനസീകപ്രയാസം ഉണ്ടാക്കിയാലോ?
ഞാൻ ചെന്ന് പരിശോധിച്ചു. വേണ്ട മരുന്നുകളും കൊടുത്തു.
'വാപ്പാ, വാപ്പാക്ക് എന്താണ് വേണ്ടത്?' ഞാൻ അദ്ദേഹത്തോട് ചോദിച്ചു.
'ഞാനെങ്ങിനെയാ ഞാൻ ഡോക്ടറുടെ വാപ്പയാവുക?' അദ്ധേഹത്തിന്റെ ആ ചോദ്യം പ്രതീക്ഷിക്കാത്തതായിരുന്നു.
ഞങ്ങൾ ഇവിടെ വരുന്ന രോഗികളിൽ പ്രായമായവരെ വാപ്പ എന്നും അച്ഛൻ എന്നുമൊക്കെ വിളിക്കാറുണ്ട്.
'അപ്പോൾ ഡോക്ടറെ ഞാൻ മോനെ എന്ന് വിളിച്ചോട്ടെ?'
'തീർച്ചയായും' ഞാൻ അദ്ധേഹത്തിന്റെ അനുവാദത്തോടെ തിരിച്ചു റൂമിൽ ചെന്നു.
വീണ്ടും പഴയ കാലത്തിലേക്ക് ഞാൻ ഊളയിട്ടു.
അഞ്ചു വയസ്സായ എന്നെ സർക്കാർ ഏറ്റെടുത്തു. വെല്ലൂർ കൊണ്ട് പോയി സകലതരത്തിലുള്ള ചികിത്സയും നൽകി.
ദൈവത്തിന്റെ കൃപകൊണ്ട് ഞാൻ സുഖവാനായി. സർക്കാർ തന്നെ എന്നെ പഠിപ്പിച്ചു. അങ്ങിനെയാണ് ഞാൻ ഇന്ന് ഈ നിലയിൽ എത്തിയതു. അന്ന് വെല്ലൂർ ആശുപത്രിയിൽ വന്ന് അന്നത്തെ മന്ത്രി എനിക്ക് തന്ന ചുംബനം, ഒരു വാപ്പ ജീവിതകാലം മുഴുവൻ തരുന്ന ചുംബനത്തേക്കാൾ വിലമതിക്കുന്നു.
വാപ്പയും കുഞ്ഞുമ്മാനെയും പിന്നെ ഞാൻ കണ്ടിട്ടില്ല. വിവരം ഒന്നും അറിയാൻ ശ്രമിച്ചില്ല. വാപ്പ മരിച്ചു കിട്ടിയാൽ മതി എന്ന ചിന്തയായിരുന്നു, പ്രാർത്ഥനയായിരുന്നു അന്നൊക്കെ.
എന്തോ ഡ്യൂട്ടി സമയം കഴിഞ്ഞിട്ടും എന്റെ വാപ്പാനെ കാണണമെന്ന് ഒരാഗ്രഹം. ഞാൻ വീണ്ടും വാപ്പാടെ അടുത്തെത്തി.
എന്നെ ഇത്രമാത്രം ദേഹോപദ്രവം ചെയ്ത ഈ മനുഷ്യനെ പ്രതികാരം ചെയ്യാൻ പറ്റിയ ഏറ്റവും നല്ല അവസരമാണിത്. ഞാനത് ചെയ്താലും ജനങ്ങൾ എന്റെ പക്ഷത്തെ ഉണ്ടാവൂ. പക്ഷെ, പാടില്ല. തെറ്റിനെ തെറ്റ് കൊണ്ട് നേരിടരുത്‌. ഈ ലോകത്തെ കോടതി എന്നെ വെറുതെ വിട്ടാലും ദൈവത്തിന്റെ കോടതിയിൽ ഞാൻ കുറ്റക്കാരനാകും. അത് വേണ്ട. തന്നേയുമല്ല, വാപ്പ ചെയ്തതിന്നുള്ള ശിക്ഷ കോടതി നടപ്പാക്കുകയും ചെയ്തു.
'മോനെ, എനിക്കും ഒരു മോനുണ്ടായിരുന്നു. പക്ഷെ ഒരു മനുഷ്യനും ചെയ്യാത്ത ദ്രോഹങ്ങൾ ഞാനവനെ ചെയ്തു. കുറച്ചൊക്കെ എന്റെ ഇഷ്ടം കൊണ്ടും കുറച്ചു എന്റെ രണ്ടാം ഭാര്യയുടെ ആവശ്യം കൊണ്ടുമായിരുന്നു. അതിനാൽ ഞാൻ ജയിലിൽ പോകേണ്ടിയും വന്നു. എന്റെ മകനെ ഞാൻ അതിന്നു ശേഷം ഇതു വരെ കണ്ടിട്ടില്ല. എനിക്കവനെ കാണണമെന്ന് ആഗ്രഹമില്ല. കാരണം അവൻ എന്നെ വെറുക്കും എന്ന് ഉറപ്പാണ്. അത്ര വലിയ ദ്രോഹമല്ലേ ഞാൻ ചെയ്തത്'. വിങ്ങിപ്പൊട്ടിക്കൊണ്ടു അദ്ദേഹം പറഞ്ഞു.
'ആട്ടെ വാപ്പാടെ രണ്ടാം ഭാര്യ ഇപ്പോൾ എവിടെയാണ്?' ഇടയിൽ കയറി ഞാൻ ചോദിച്ചു.
'അതാണ്‌ ഏറ്റവും രസം. ഞാൻ ജയിലിൽ പോയപ്പോൾ അവൾ എന്റെ സ്വത്തുക്കളെല്ലാം അവളുടെ പേരിലാക്കി. ജയിലിൽ മോചിതനായ എനിക്ക് അസുഖം ആണെന്നറിഞ്ഞപ്പോൾ അവൾ മറ്റൊരാളുടെ കൂടെ പോയി.'
'വാപ്പ വിഷമിക്കേണ്ട. എല്ലാം സുഖമാവും. എത്ര വലിയ ചികിത്സയും നടത്താം.' അത് പറഞ്ഞിട്ട് ഞാൻ നേഴ്സിനോട് സാറായെ വിളിക്കാൻ പറഞ്ഞു.
അവർ അപ്രകാരം ചെയ്തു.
'വാപ്പാക്ക് ഞങ്ങൾ എന്താണ് ചെയ്യേണ്ടത്. എന്ത് ആഗ്രഹം ആണെങ്കിലും പറഞ്ഞോളൂ'. എന്റെ ഭാര്യ സാറാടെ വാക്ക് കേട്ടപ്പോൾ ആ മനുഷ്യൻ ചെറുതായി കരയാൻ തുടങ്ങി, എന്നിട്ട് പറഞ്ഞു 'മോളെ എനിക്ക് ഒരു ആഗ്രഹം മാത്രമേയുള്ളൂ. നടക്കുമോ എന്നറിയില്ല. എനിക്കെന്റെ മകനെ കാണണം. അവനോട് എനിക്ക് മാപ്പ് ചോദിക്കണം. നടത്തി തരാമോ?'
'നോക്കാം വാപ്പാ'. എന്ന് സുഹറ പറഞ്ഞപ്പോൾ ആ മനുഷ്യൻ അദ്ധേഹത്തിന്റെ കൈ നീട്ടി. സുഹറയും ഞാനും ആ കൈ പിടിച്ചു.
കുറച്ചു ആഴ്ചകളിലെ സ്നേഹമസ്രുണമായ പരിചരണവും ചികിത്സയും കൊണ്ട് ആ മനുഷ്യന്റെ എല്ലാ അസുഖവും മാറി.
ഒരു ദിവസം പരിശോധിച്ച് കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് അദ്ദേഹം ചുമച്ചു. ഞാൻ ആ നെഞ്ച് തടവി കൊടുത്തു. അത് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞത് 'മോനെ നീ ഒരു ഡോക്ടർ അല്ലെ? ഇതൊക്കെ മറ്റുള്ളവർ ചെയ്യില്ലേ' എന്നാണു.
'വാപ്പാ, നാളെ വാപ്പാനെ ഡിസ്ചാർജ് ചെയ്യുകയാണ്‌.'
'ആട്ടെ മോനെ എനിക്ക് വേണ്ടി ഒരുപാട് രൂപ ചിലവായെന്നു ഓഫീസിൽ നിന്നറിഞ്ഞു. എന്നെ കൊണ്ട് വന്ന സംഘടനയിൽ നിന്നും അത് ഞാൻ വാങ്ങിത്തരാം.'
വാപ്പാടെ വാക്ക് കേട്ടപ്പോൾ മനസ്സിലൊരു നെരിപ്പോട്.
'എന്താണ് വാപ്പ ഈ പറയുന്നത്? ഞാനോന്നെ പറയുന്നുള്ളൂ. പൈസ ഒന്നും ആയിട്ടില്ല. തന്നെയല്ല ഇത് എന്റെ ഹൊസ്പിറ്റൽ അല്ലെ.'
ഞാൻ വാപ്പാനെ സമാധാനിപ്പിച്ചു.
'മോനെ ഇത് വരെ ഞാൻ മരിക്കണമെന്നാണ് പ്രാർഥിച്ചിരുന്നത്. ഇപ്പോൾ ജീവിക്കാൻ കൊതിയാവുന്നു'. എന്നിട്ടദ്ദേഹം കൂട്ടിച്ചേർത്തു 'മോനെ ആ സംഘടനക്കാരെ വിളിച്ചു എന്നെ കൊണ്ട് പോകാൻ പറയണം'
'എന്റെ വാപ്പാനെ ഒരു സംഘടനക്കാരും കൊണ്ട് പോകേണ്ട. ഞങ്ങൾ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ട് പോകുകയാണ്.'
'എനിക്കൊന്നും മനസ്സിലാകുന്നില്ല മോനെ'
'ഞാനാണ് വാപ്പാടെ മോൻ റഫീഖ്'
'എന്റെ പോന്നു മോനെ .................................'
എന്റെ വാപ്പ ഉറക്കെ കരഞ്ഞു തുടങ്ങി. അത് കണ്ടു ഞാനും സുഹറയും പരിസരം മറന്നു കരയാൻ തുടങ്ങി.
വാപ്പാനെ ഞങ്ങൾ വീട്ടിലേക്കു കൊണ്ട് പോന്നു.

Monday 9 January 2017

ആധുനിക ഇബ്ന്‍ ബത്തൂത്തയുമായെന്റെ സമാഗമം (അനുഭവം)

ആധുനിക ഇബ്ന്‍ ബത്തൂത്തയുമായെന്റെ സമാഗമം (അനുഭവം)
-----------------------------------------------
2017 ജനുവരി 2 എന്റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ദിവസമാണ്.അന്നാണ് ഞാനും ആധുനിക ഇബ്ന്‍ ബത്തൂത്തയുമായി കണ്ട് സംസാരിച്ചത്.
ഇത് സൗദി അറേബ്യന്‍ പൌരനായ ഒമര്‍ ബിന്‍ യൂസുഫ് അല്‍ഒമയിറി. 15 രാജ്യങ്ങളിലൂടെ 15000 കിലോമീറ്റര്‍ സൈക്ലിളില്‍ യാത്ര ചെയ്ത സൈക്ലിസ്റ്റ്‌. ഇദ്ദേഹം റിയാദിലെ ദരാഞ്ജലി ക്ലബ്ബിലെ മെമ്പര്‍ ആണ്. പക്ഷെ ആ ക്ലബ്ബ് റിയാദില്‍ മാത്രം ഒതുങ്ങിയത് കൊണ്ട് അദ്ദേഹം മറ്റൊരു സ്വയം യാത്രക്കായി തയ്യാറായി. അങ്ങിനെ അദ്ദേഹം മൊറോക്കൊവില്‍ നിന്ന് റിയാദില്‍ എത്തിയതിനു ശേഷം വീണ്ടും മുംബായിലേക്ക് വന്നു മുംബായില്‍ നിന്ന് സൈക്ലില്‍ കേരളത്തിലൂടെ തിരുവനന്തപുരത്തേക്ക് പോകുമ്പോള്‍ എന്റെ അടുത്തേക്ക് വന്നു. അദ്ദേഹത്തിന് ഇംഗ്ലീഷ് കുറച്ചു മാത്രമേ അറിയുകയുള്ളൂ. തൃപ്രയാറിന്നടുത്തുള്ള തളിക്കുളം എന്ന സ്ഥലത്ത് വെച്ച് ആരോ അദ്ധേഹത്തോട് പറഞ്ഞത്രേ തൃപ്രയാറില്‍ വന്ന് എന്നെ കണ്ടാല്‍ അദ്ധേഹത്തിന്റെ സംശയങ്ങള്‍ ഞാന്‍ അറബിയില്‍ പറഞ്ഞു കൊടുക്കുമെന്ന്. അങ്ങിനെയാണ് ഒമര്‍ എന്റെ അടുത്ത് വന്നത്. വന്ന വേഷവും രൂപവും കണ്ടാല്‍ ഒരു അറബി എന്ന് പോലും തോന്നുകയില്ല. പാസ്പോര്‍ട്ട്‌ കണ്ടപ്പോള്‍ എന്റെ സംശയം തീര്‍ന്നു. അത് പോലെ യെമെനില്‍ നിന്നോ മറ്റു അറബ്നാടില്‍ നിന്നോ വന്നു സൗദി പൌരത്വം എടുത്ത ആളാണോ എന്ന എന്റെ സംശയവും ആ കബീല (ഗോത്രം) കേട്ടപ്പോള്‍ ഒറിജിനല്‍ സൗദി എന്ന് മനസ്സിലായി. ഇതൊന്നും അന്വേഷിക്കേണ്ട കാര്യമില്ല. അദ്ദേഹം വന്നത് ഒരു സൈക്ലില്‍ ആയത് കൊണ്ടാണ് എനിക്കിങ്ങനെ സംശയം തോന്നിയത്.
'യാ ഷെരീഫ്, തിരുന്ദ്രം (തിരുവനന്തപുരം എന്നാണു അദ്ദേഹം ഉദേശിച്ചത്) ആണ് എനിക്ക് പോകേണ്ടത്. അവിടെ നിന്ന് ശ്രീലങ്കയിലേക്ക് പോണം. ശ്രീലങ്കയിലേക്ക് പോകാന്‍ ബോട്ട് (കപ്പല്‍ ആണ്) കിട്ടുമോ?' അദ്ദേഹം എന്നോട് ചോദിച്ചു.
'എന്റെ അറിവില്‍ ഇല്ല, പ്ലെയ്നില്‍ പോകണം'. ഞാന്‍ മറുപടി കൊടുത്തു.
'ഷെരീഫ് നിങ്ങള്‍ നന്നായി അറബി പറയുന്നല്ലോ?' ഒമര്‍ ആകാംഷയോടെ എന്നോട് ചോദിച്ചു.
അദ്ധേഹത്തിന്റെ വാക്ക് കേട്ടപ്പോള്‍ സ്വല്പം തലക്കനം എനിക്ക് കൂടിയെന്നതാണ് വാസ്തവം.
അറബി എഴുതാനും വായിക്കാനും അറിയാമെന്നു ഞാന്‍ പറഞ്ഞു..
ഞാന്‍ അറബിയില്‍ അദ്ദേഹം പറഞ്ഞതൊക്കെ എഴുതുകയും കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യുകയും ചെയ്തു. അത് കണ്ടപ്പോള്‍ അദേഹം വീണ്ടും പറഞ്ഞു. 'മാശാഅള്ളാ'.
അപ്പോഴാണ്‌ അദ്ദേഹം ആ സൈക്ലിന്റെ കാര്യം എന്നോട് പറഞ്ഞത്. ഉടനെ എന്റെ രക്തത്തിലുള്ള സ്വഭാവം ഉയര്‍ന്നു. കൂടെ നിന്ന് ഫോട്ടോ എടുത്തു.
അപ്പോഴും എന്റെ സംശയം മറ്റുള്ളവര്‍ക്ക് ഉണ്ടാവുമല്ലോ എന്ന നിലയില്‍ അദ്ധേഹത്തിന്റെ അറബി വേഷത്തിലുള്ള ഒരു ഫോട്ടോ തരാന്‍ പറഞ്ഞു. ആ ഫോട്ടോയും ഞാന്‍ ചോദിക്കാതെ തന്നെ അദ്ധേഹത്തിന്റെ റിയാദിലെ ഫോണ്‍ നമ്പറും അഡ്രസ്സും തന്നിട്ട് എന്നോട് പറഞ്ഞു. 'എന്ത് ആവശ്യമുണ്ടെങ്കിലും എന്നെ ബന്ധപ്പെടുക. ഞാന്‍ വിദേശത്തായാലും എന്റെ കുടുംബക്കാര്‍ സഹായത്തിനുണ്ടാവും'. അത് കേട്ടപ്പോള്‍ എനിക്ക് തോന്നിയത് ഇതാണ്. ഞാന്‍ ആരെയും misuse (ദുര്‍വിനിയോഗം) ചെയ്യില്ലെന്ന് അദ്ദേഹത്തിന് എങ്ങിനെ മനസ്സിലായി എന്ന്. എന്തായാലും ദൈവത്തിന്റെ കയ്യില്‍ നിന്ന് അദേഹത്തിന് പുണ്യം കിട്ടുന്ന ഒരു കാര്യം ഞാന്‍ പറഞ്ഞു.
'സൌദിയിലെ പുരാതന തറവാട്ടുകാരനും ബിസിനെസ്സ്കാരനുമായ അഹമദ് ഖമീസ് സഈദ് അല്‍ഖഹ്ത്താനിയുമായി ഞാന്‍ അബൂദാബിയില്‍വെച്ച് പരിചയപ്പെട്ടിട്ടുണ്ട്. അദ്ധേഹത്തിന്റെ നമ്പര്‍ എന്റെ കയ്യില്‍ നിന്നും നഷ്ടപ്പെട്ടു. അദ്ധേഹത്തിന്റെ ഫോണ്‍ നമ്പര്‍ എങ്ങിനെയെങ്കിലും ഒന്ന് സംഘടിപ്പിച്ചു തരാമോ?' ഞാനെന്റെ ആവശ്യം പറഞ്ഞു.
ഹജ്ജ് കഴിഞ്ഞാല്‍ കുറച്ചു മാസം ഉമ്ര വിസ ആര്‍ക്കും കൊടുക്കില്ല. ഹജ്ജ് കഴിഞ്ഞ് മക്ക പള്ളി ക്ലീന്‍ ചെയ്യാനാണ് ഇങ്ങിനെയൊരു നിയന്ത്രണം വെച്ചിട്ടുള്ളത്‌. ആ സമയം മക്ക പള്ളിയില്‍ തിരക്ക് കുറവായിരിക്കും. ആ സമയത്ത് ഒരു വിസിറ്റ് വിസ എടുത്ത് ഉമ്ര ചെയ്യണം. ഇതിനു അഹമദ്‌ ഖമീസിന്റെ നമ്പര്‍ ഞാന്‍ ചോദിച്ചത്.
ഞാന്‍ അത് പറഞ്ഞപ്പോള്‍ അത് ശെരിയാക്കാമെന്നും കൂട്ടത്തില്‍ ഇങ്ങിനെയും പറഞ്ഞു.
'യാ അഖ് ഷെരീഫ് ബാബുല്‍ ഖിദുമ മിന്നീ മഫ്തൂഹ് ദാഇമാന്‍ ഇലൈക്കും (എന്റെ സഹായത്തിന്റെ വാതില്‍ നിങ്ങള്‍ക്ക് വേണ്ടി എപ്പോഴും തുറന്നിരിക്കും).
അദ്ധേഹത്തെപ്പറ്റി ഒരു ലേഖനം എഴുതി ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്യട്ടെ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചെന്നു മാത്രമല്ല കോപ്പി അദ്ദേഹത്തിന് അയച്ചു കൊടുക്കാനും അത് റിയാദിലെ മലയാളികള്‍ക്ക് കാണിച്ചു കൊടുത്ത് ഞങ്ങളുടെ കണ്ടുമുട്ടല്‍ ഒരു ഓര്‍മയാക്കാം എന്നുമായിരുന്നു അദ്ധേഹത്തിന്റെ മറുപടി.
ഞാനെന്ത് പുണ്യം ചെയ്തിട്ടാണാവോ ഇങ്ങിനെ ഓരോ നല്ല മനുഷ്യര്‍ എന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നതെന്ന് ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. അത് കൊണ്ടാണല്ലോ ഞാന്‍ ഗള്‍ഫ്‌ ഉപേക്ഷിച്ചു വന്നിട്ടും അബൂദാബി രാജകുടുംബാംഗമായ H.E. ഷെയ്ഖ് ഹമദ് ബിന്‍ ഹംദാന്‍ അല്‍നഹിയാന്‍ അദ്ധേഹത്തിന്റെ മേനെജരായി എന്നെ ക്ഷണിച്ചതും ആ ക്ഷണം ഞാന്‍ സ്വീകരിച്ചതും.

Sunday 1 January 2017

ഞങ്ങളുടെ കാലശേഷം? (കഥ)

ഞങ്ങളുടെ കാലശേഷം? (കഥ)

ആ മനുഷ്യൻ ഒരു പാട് ശാപ വാക്കുകൾ പറഞ്ഞു. പിന്നെയും പറഞ്ഞു കൊണ്ടിരുന്നു. 'നിനക്ക് ഒരിക്കലും ഗതി പിടിക്കൂല. നീ ഇനിയും അനുഭവിക്കും. നിനക്ക് അധ:പതനം വരുന്നത് കാണുമ്പോൾ എനിക്ക് സന്തോഷമാണ്'. ജ്യേഷ്ഠൻ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എനിക്ക് ബാക്കി കേൾക്കാനുള്ള ശക്തി ഉണ്ടായിരുന്നില്ല. എല്ലാം ജഗദീശനായ ദൈവത്തിന്നു വിട്ടു കൊടുത്തു.
ജ്യേഷ്ഠൻ, ഉപ്പാടെ സ്ഥാനത്ത് നിൽക്കേണ്ടയാൾ. എന്റെ ദു:ഖത്തിൽ സന്തോഷിക്കുകയും സന്തോഷത്തിൽ ദു:ഖിക്കുകയും ചെയ്യുന്ന ഒരു മനുഷ്യൻ. ഒരേ ഉമ്മയുടെ ഗർഭപാത്രത്തിൽ തന്നെയാണല്ലോ രണ്ടു പേരും ജനിച്ചത്‌ എന്നോർക്കുമ്പോൾ......
എന്റെ വിവാഹം കഴിഞ്ഞു ആറ് വർഷത്തേക്ക് ഒരു കുഞ്ഞിക്കാല് കാണാനുള്ള ഭാഗ്യം ഉണ്ടായില്ല. അപ്പോഴൊക്കെ ഈ ജ്യേഷ്ഠൻ സന്തോഷിക്കുകയായിരുന്നു.
ഒടുവിൽ എനിക്കാ സന്തോഷവാർത്ത അറിയാൻ കഴിഞ്ഞു. എന്റെ ഭാര്യ ജമീല ഗർഭിണിയാണെന്ന്. ജീവിതത്തിൽ താൻ ഏറ്റവും സന്തോഷിച്ച നിമിഷം.
ജ്യേഷ്ഠന്റെ അടുത്ത് ചെന്ന് ആ സന്തോഷ വാർത്ത അറിയീച്ചു.
'അവൾ ഗർഭിണിയായിരിക്കാം. നിന്റെ കുട്ടിയാവണമെന്നില്ലല്ലൊ'. ഇതായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ക്ഷമിച്ചു. ഒന്നും ഉരിയാടാതെ തിരിച്ചു പോന്നു.
ജ്യേഷ്ടൻ അങ്ങിനെയാണ്. അദ്ധേഹത്തിന്റെ പ്രാർത്ഥന കേട്ടാൽ ചിരിക്കാൻ തോന്നും.
'ദൈവമേ, എന്നെ രാമകൃഷ്ണൻ സാറിനെ പോലെ കേരളത്തിലെ ഏറ്റവും വലിയ പണക്കാരനാക്കണേ'. കുറച്ചു നേരത്തെ നിശബ്ദതക്ക് ശേഷം ചേട്ടന്റെ പ്രാർത്ഥന തുടരും. 'ഇനി അഥവാ എന്നെ രാമകൃഷ്ണൻ സാറിനെ പോലെ പണക്കാരൻ ആക്കാൻ പറ്റിയില്ലെങ്കിൽ രാമകൃഷ്ണൻ സാറിനെ എന്നെ പോലെ ദരിദ്രവാസിയാക്കണേ'
സ്വയം ബീഡിതെറുത്ത് വിൽക്കലായിരുന്നു എനിക്ക് ജോലി. കുറച്ചെല്ലാം അഭിവൃദ്ധി കണ്ടു തുടങ്ങിയപ്പോൾ, സൈൽസ്ടാക്സ് അടക്കുന്നില്ലെന്നു പറഞ്ഞു ജ്യേഷ്ഠൻ പരാതി കൊടുത്തു. കിട്ടിയ പണമെല്ലാം ടാക്സ് അടച്ചു. ആ പണിയും നിറുത്തി.
അങ്ങിനെ ലോടടെറി കച്ചവടം ചെയ്തു. അവിടെയും ജ്യേഷ്ഠന്റെ പാരപണി തുടങ്ങി. താൻ കള്ളലോട്ടെറിയാണ് വിൽക്കുന്നതെന്നും പറഞ്ഞു പോലീസിൽ പരാതി കൊടുത്തു. പരാതിയുടെ നിജസ്ഥിതി മനസ്സിലാക്കാൻ കഴിവുള്ള സബ്ഇൻസ്പെക്ടർ അത് കള്ളപരാതിയാണെന്ന് മനസ്സിലായപ്പോൾ തന്നെ വെറുതെ വിട്ടെന്ന് മാത്രമല്ല, ജ്യേഷ്ഠനെ വിളിച്ചു 'മേലാൽ ഇത്തരം കള്ളപരാതികൾ കൊടുത്താൽ പബ്ലിക്‌ നൂയിസൻസിനു കേസ് എടുക്കുമെന്നും പറഞ്ഞു.
ഭാര്യയെ പ്രസവത്തിന്നായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുമില്ലാത്തവർക്ക് ദൈവം തുണ എന്ന് എനിക്കവിടെ മനസ്സിലായി. ശെരിക്കും അതുരസേവനം നടത്തുന്ന ആശുപത്രി. എട്ടു മാസം മാത്രം ഗർഭിണി ആയതിനാലും കുട്ടിയുടെയോ അമ്മയുടെയോ അല്ലെങ്കിൽ രണ്ടു പേരുടെയും ജീവൻ അപകടത്തിൽ ആവുമെന്നും തന്മൂലം ഉടനെ സിസേറിയൻ നടത്തണമെന്നും ഡോക്ടർ പറഞ്ഞപ്പോൾ തളർന്നു പോയി.
ഇതൊക്കെ ദൈവത്തിന്റെ പരീക്ഷണമാണെന്ന് മനസ്സിനോട് പറഞ്ഞു.
'ജബ്ബാറേ, ഡോക്ടർ വിളിക്കുന്നു'.
സ്റ്റാഫിന്റെ ശബ്ദം കേട്ടപ്പോൾ അദ്ധേഹത്തിന്റെ കൂടെ ഡോക്ടറുടെ റൂമിലേക്ക്‌ ചെന്നു.
'ഇരിക്കൂ ജബ്ബാർ'. ഡോക്ടർ ആവശ്യപ്പെട്ടു.
വേണ്ട ഡോക്ടർ, ഞാൻ നിന്നോളാം എന്ന് പറഞ്ഞു വളരെ നിർബന്ധിച്ചിട്ടും ഞാൻ ഇരുന്നില്ല. തന്റെ കാണപ്പെട്ട ദൈവമായി ഡോക്ടറെ അയാൾ കരുതി.
'ഞാൻ പറയുന്നത് കേട്ട് ജബ്ബാർ വിഷമിക്കരുത്. എല്ലാം ദൈവാധീനം എന്ന് കരുതി സമാധാനിക്കുക'. ഡോക്ടർ മുഖവുരയായി പറഞ്ഞു.
'എന്ത് പറ്റി ഡോക്ടർ??? എന്റെ ഭാര്യയോ കുട്ടിയോ മരിച്ചോ???.......'. അയാൾ വികാരാധീനനായി ചോദിച്ചു
'ഇല്ല, ആരും മരിച്ചിട്ടില്ല, പക്ഷെ.....' ഡോക്ടർ ഒന്ന് നിർത്തി
'പറയൂ ഡോക്ടർ, പിന്നെ എന്തുണ്ടായി???'. എനിക്ക്‌ അതറിയാനുള്ള ആകാംഷയായി.
'നിങ്ങളുടെ ജനിച്ച ഈ പെൺകുഞ്ഞു ജീവിതത്തിൽ ഒരിക്കലും നടക്കില്ല.....' ഡോക്ടർ .തുറന്നു പറഞ്ഞു.
അതിന്നു ചികിത്സയില്ലേ ഡോക്ടർ? എന്ന് ചോദിച്ചു കൊണ്ട് ഞാൻ ഡോക്ടർ പറയാതെ തന്നെ ഒഴിഞ്ഞ കസേരയിൽ ഇരുന്നു.
'ഇല്ല, മെഡിക്കൽ സയൻസിൽ അതിന്നു മരുന്നില്ല.'
'ഡോക്ടർ, ഞാനൊന്ന് ചോദിക്കട്ടെ?' ഞാൻ കരഞ്ഞു കൊണ്ട് ചോദിച്ചു. 'ആ കുട്ടിയെ എന്തെങ്കിലും കുത്തി വെച്ച് കൊന്നു തരാമോ?'
എന്റെ വിഷമം മനസ്സിലാക്കിയ ഡോക്ടർ പറഞ്ഞു. 'നോക്കൂ ജബ്ബാർ, മെഡിക്കൽ എത്തിക്സിൽ അത് ഒരിക്കലും ശെരിയല്ല, ജീവൻ നിലനിറുത്തുവാനാണ് ഡോക്ടർമാർ ശ്രമിക്കുക. അല്ലാതെ ജീവൻ നശിപ്പിക്കാനല്ല'
'ഡോക്ടർ ഇത് എന്റെ ഭാര്യക്ക് അറിയാമോ?'
'ഇല്ല ഞാനവരോട് പറഞ്ഞിട്ടില്ല. രണ്ടു ദിവസത്തിന്നു അത് അവരെ അറിയീക്കേണ്ട. പതുക്കെ ഞങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കോളാം.'
എനിക്ക്‌ മറ്റൊന്നും പറയാനില്ലായിരുന്നു. ഈ വിവരം ജ്യേഷ്ഠനോട് ഞാൻ പറഞ്ഞു.
'നിനക്ക് ഒരിക്കലും ഗതി പിടിക്കൂല. നീ ഇനിയും അനുഭവിക്കും. നിനക്ക് അധ:പതനം വരുന്നത് കാണുമ്പോൾ എനിക്ക് സന്തോഷമാണ്'. ഇതായിരുന്നു ജ്യേഷ്ഠന്റെ പ്രതികരണം.
ഭാര്യയേയും കുട്ടിയേയും കാണാൻ ഞാൻ ആ മുറിയിൽ ചെന്നു. അവൾ കുട്ടിയുമായി കൊഞ്ചികുഴയുകയാണ്. തന്നെ കണ്ടപ്പോൾ അവൾ സന്തോഷത്തോടെ പറഞ്ഞു 'ഇക്കാ, നമ്മുടെ കുഞ്ഞിനു എന്റെ മുഖഛായയല്ലേ?'
ഞാൻ ഒന്നും പറയാതെ നിർവികാരനായി നിന്നു. ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു. നടന്നില്ല.
'എന്താ ഇക്കാ ഒന്നും പറയാത്തെ? പെൺകുഞ്ഞു ആയതുകൊണ്ടുള്ള വിഷമമാണോ?'. എന്റെ നിശ്ശബ്ദതത കണ്ടപ്പോൾ ഭാര്യ ചോദിച്ചു.
ഡോക്ടറുടെ വാക്ക് ഓർമിച്ചുകൊണ്ട് അയാൾ പറഞ്ഞു. 'ഏയ്‌. ഇന്നലെ ഉറങ്ങാത്ത ക്ഷീണം.'
മനസ്സ് കടിഞ്ഞാണില്ലാത്ത കുതിര പോലെ പായുകയായിരുന്നു. ഈ വിഷയം എങ്ങിനെ അവളെ പറഞ്ഞു മനസ്സിലാക്കും? അവൾ അറിഞ്ഞാലുള്ള സ്ഥിതി എന്തായിരിക്കും? അയാൾക്ക് ഒരെത്തുംപിടിയും കിട്ടിയില്ല. ഉപബോധമനസ്സ് അയാൾക്ക്‌ ധൈര്യം കൊടുത്തു.
ഒന്ന് രണ്ട് ദിവസം കൊണ്ട് ഡോക്ടർ തന്നെ ഭാര്യയെ സത്യാവസ്ഥ പറഞ്ഞു മനസ്സിലാക്കി. ഡിസ്ചാർജ് ചെയ്തു വീട്ടിൽ വന്നിട്ടും അവൾക്കു ഒരു മാനസീകവിഭ്രാന്തിയായിരുന്നു. പിന്നെ പതുക്കെ പതുക്കെ എല്ലാം സഹിക്കാനുള്ള ശക്തി അവൾക്കു കിട്ടി.
രണ്ടു വർഷത്തോളം അവൾ ഒരു സ്ഥലത്തും പോകാതെ വീട്ടിൽതന്നെയായിരുന്നു.
പക്ഷെ ലോട്ടറി കച്ചവടം കൊണ്ട് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ ബുദ്ധിമുട്ടായി.
വിവരം എന്നെ ഒരുപാട് സഹായിച്ചിട്ടുള്ള മേനോനോട് ചെന്ന് പറഞ്ഞു.
'ജബ്ബാർ, കുട്ടിയെ ഓർത്ത് വിഷമിക്കേണ്ട. പകൽ എന്റെ വീട്ടിൽ നിന്നോട്ടെ. ഞങ്ങൾക്കത് വളരെ സന്തോഷമാണ്. ജമീലയെ കുടുംബശ്രീ ജോലിക്ക് പറഞ്ഞയച്ചൂടെ?'
സഹായിക്കുന്ന കാര്യത്തിൽ ജാതിയോ  മതമോ വിലങ്ങു തടിയല്ല എന്ന് മേനോന്റെ വാക്ക് കേട്ടപ്പോൾ മനസ്സിലായി.
ഭാര്യയെ കുടുംബശ്രീ ജോലിക്കായി പറഞ്ഞയച്ചു. മകളെ ഒറ്റക്കാക്കി പോകാതെ മേനോന്റെ വീട്ടിലാക്കി. അകലെയുള്ള സ്വന്തക്കാരെക്കാൾ അടുത്തുള്ള ശത്രുക്കളാണ് നല്ലതെന്ന് പറയുന്നത് എത്ര ശെരിയാണ്. ദൈവം എല്ലാത്തിന്നും ഒരു വഴി കാണിച്ചു തരും എന്നതും ശെരിയാണ്. ജമീലയുടെ പ്രസവം നിർത്തിയത് കൊണ്ട് എന്നോട് വേറെ വിവാഹം കഴിച്ചോളാൻ ജമീല പറഞ്ഞു. ഞാൻ സമ്മതിച്ചില്ല.
കാലം ശരവേഗത്തിലാണ് പായുന്നത്. ഞങ്ങളുടെ മകൾക്ക് ഇപ്പോൾ പതിനെട്ട് വയസ്സായി. അവൾ ഇപ്പോഴും ഇഴഞ്ഞാണ് നടക്കുന്നത്. അവളെ തനിച്ചാക്കി പോകുന്നത് ആലോചിക്കുമ്പോൾ വിഷമം ഉണ്ട്. കാലം നല്ലതല്ലല്ലോ? എന്ത് ചെയ്യും? ഞങ്ങളുടെ മരണം വരെ അവളെ ഞങ്ങൾ നോക്കിക്കോളാം, അത് കഴിഞ്ഞാൽ.............അവളുടെ ഗതി?????

<<< രചന : ഷെരീഫ് ഇബ്രാഹിം, ദാറുസ്സലാം, തൃപ്രയാർ >>>